ആരാധനാലയ കേസിൽ ഇനിയാരും കക്ഷി ചേരേണ്ട; ഹരജികൾ സുപ്രീംകോടതി ഏപ്രിലിൽ പരിഗണിക്കും
text_fieldsന്യൂഡൽഹി: 1991ലെ ആരാധനാലയ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കാൻ ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹരജിയിൽ ഇനിയാരും കക്ഷി ചേരേണ്ടെന്ന് സുപ്രീംകോടതി. കക്ഷി ചേരാനുള്ള അപേക്ഷകൾക്ക് പരിധി വേണമെന്ന് പറഞ്ഞാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഈ കേസിൽ കൂടുതൽ ഹരജികൾ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയത്.
ആരാധനാലയ നിയമത്തിന് അനുകൂലവും പ്രതികൂലവുമായി വന്ന എല്ലാ ഹരജികളും ഒരുമിച്ച് പരിഗണിക്കാൻ ഏപ്രിലിലേക്ക് മാറ്റി. കൈരാനയിലെ സമാജ്വാദി പാർട്ടി എം.പി ഇക്റ ഹസൻ സമർപ്പിച്ച ഹരജികൂടി സ്വീകരിച്ചശേഷമാണ് സുപ്രീംകോടതി ഈ നിലപാട് എടുത്തത്.
ആരാധനാലയ നിയമ കേസ് തിങ്കളാഴ്ച പരിഗണിക്കില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുകയെന്ന് വ്യക്തമാക്കി. കൂടുതൽ ഹരജികൾ ഇനിയും അനുവദിക്കരുതെന്ന് ആരാധനാലയ നിയമം നിലനിർത്തണമെന്നാവശ്യപ്പെടുന്ന മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയും അഭിപ്രായപ്പെട്ടു.
കേന്ദ്ര സർക്കാർ ഇനിയും മറുപടി നൽകിയിട്ടില്ലെന്ന് മുതിർന്ന അഭിഭാഷകരായ നിസാം പാഷയും വികാസ് സിങ്ങും ബോധിപ്പിച്ചു. എന്നാൽ, മൂന്നംഗ ബെഞ്ച് ഏപ്രിലിൽ കേൾക്കുമെന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസ് ഹരജികൾ മാറ്റിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

