ഹിന്ദുത്വ റാലികളിൽ വിദ്വേഷ പ്രസംഗമില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സുപ്രീം കോടതി
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ യവത്മാലിലും ഛത്തിസ്ഗഢിലെ റായ്പുരിലും അടുത്തദിവസങ്ങളിൽ നടക്കാനിരിക്കുന്ന ഹിന്ദുത്വ റാലികളിൽ വിദ്വേഷ പ്രസംഗമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി. റാലികൾക്ക് അനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ പരിഗണിച്ചാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിർദേശം.
ഹിന്ദു ജനജാഗൃതി സമിതിയുടെ റാലി യവത്മാലിൽ വ്യാഴാഴ്ചയും വിദ്വേഷ പ്രസംഗങ്ങൾക്ക് കുപ്രസിദ്ധനായ ബി.ജെ.പി എം.എൽ.എ ടി. രാജാ സിങ്ങിന്റെ നേതൃത്വത്തിലുള്ള റാലി റായ്പുരിൽ ജനുവരി 19 മുതൽ 25 വരെയുമാണ് നടത്തുന്നത്. റാലികളിൽ വിദ്വേഷ പ്രസംഗമോ കലാപാഹ്വാനമോ നടക്കുന്നില്ലെന്ന് ജില്ല മജിസ്ട്രേറ്റുമാർ ഉറപ്പുവരുത്തണം. ആവശ്യമെങ്കിൽ പരിപാടി നടക്കുന്ന സ്ഥലങ്ങളിൽ റെക്കോഡിങ് സൗകര്യമുള്ള സി.സി.ടി.വി കാമറ സ്ഥാപിക്കണം. അനിഷ്ട സംഭവങ്ങളുണ്ടാവുകയാണെങ്കിൽ കുറ്റവാളികളെ ഇതിലൂടെ കണ്ടെത്താമെന്ന് കോടതി അഭിപ്രായപ്പെട്ടു.
ടി. രാജാ സിങ്ങിന്റെ മുസ്‍ലിംകൾക്കെതിരെയുള്ള മുൻകാല വിദ്വേഷ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരിപാടിക്ക് അനുമതി നിഷേധിക്കണമെന്ന് ഹരജിക്കാരനായ ഷാഹീൻ അബ്ദുല്ലയുടെ അഭിഭാഷകൻ കപിൽ സിബൽ വാദിച്ചത്. പ്രസംഗങ്ങളിൽ വിദ്വേഷ പരാമർശങ്ങളുണ്ടെന്ന് സമ്മതിച്ച ജസ്റ്റിസ് ഖന്ന, റാലികൾക്ക് അനുമതി നിഷേധിക്കാനാകില്ലെന്നും പകരം കർശന നിരീക്ഷണം ഏർപ്പെടുത്തണമെന്നും ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

