സംസ്ഥാനങ്ങളോട് സുപ്രീംകോടതി; എസ്.ഐ.ആറിൽ തടസ്സം അനുവദിക്കില്ല
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്‍കരണ (എസ്.ഐ.ആർ)ത്തിനെതിരെ ഒരു തടസ്സവും അനുവദിക്കില്ലെന്ന് സംസ്ഥാനങ്ങളോട് സുപ്രീംകോടതി. പശ്ചിമ ബംഗാളിൽ എസ്.ഐ.ആറിനെതിരായ ഹരജികൾ പരിഗണിക്കുന്നതിനിടയിലാണ് സംസ്ഥാനങ്ങൾക്കുള്ള സുപ്രീംകോടതിയുടെ ഓർമപ്പെടുത്തൽ. ബംഗാളിലെ എസ്.ഐ.ആർ പ്രക്രിയ ഒരാഴ്ച കൂടി നീട്ടാനും മുഖ്യമന്ത്രി മമതാ ബാനർജി വാദിച്ച കേസിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
അക്രമം, ഭയപ്പെടുത്തൽ, രാഷ്ട്രീയ ഇടപെടൽ എന്നിവയിലൂടെ എസ്.ഐ.ആറിന് ബംഗാളിൽ തടസ്സം നേരിടുന്നുണ്ടെന്ന് തെഞ്ഞെടുപ്പ് കമീഷൻ ആരോപിച്ചത് മുഖവിലക്കെടുത്ത സുപ്രീംകോടതി, സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പുവരുത്തണമെന്നും ഇക്കാര്യത്തിൽ വ്യക്തിപരമായി സുപ്രീംകോടതിക്ക് സത്യവാങ്മൂലം സമർപ്പിക്കണമെന്നും നിർദേശിച്ചു. ഭരണഘടന എല്ലാവർക്കും ബാധകമാണെന്ന സന്ദേശം പോകേണ്ടതുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു.
ഇതേത്തുടർന്നാണ് ഒരു കാര്യം തങ്ങൾ വ്യക്തമാക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത്. എന്തൊക്കെ ഉത്തരവുകളും ഇടക്കാല നിർദേശങ്ങളും ആവശ്യമെന്ന് തോന്നിയാൽ തങ്ങൾ പുറപ്പെടുവിക്കും. എന്നാൽ, എസ്.ഐ.ആർ പ്രക്രിയ പൂർത്തിയാക്കാൻ ഏതെങ്കിലും തരത്തിലുള്ള ഒരു തടസ്സവും അനുവദിക്കുകയില്ല. ഇക്കാര്യം എല്ലാ സംസ്ഥാനങ്ങളും വളരെ വ്യക്തമായി മനസ്സിലാക്കണം.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട ജോലികൾക്കായി 8,000 ഉദ്യോഗസ്ഥർ ജില്ല തെരഞ്ഞെടുപ്പ് ഓഫിസറുടെ മുമ്പാകെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ എത്തുമെന്ന് ഉറപ്പുവരുത്താൻ ബംഗാൾ സർക്കാറിനും ബെഞ്ച് നിർദേശം നൽകി. സംസ്ഥാന സർക്കാർ നൽകുന്ന ഉദ്യോഗസ്ഥർ ഉത്തരവാദിത്തം നിർവഹിക്കുന്നില്ലെങ്കിൽ അവരെ മാറ്റാനുള്ള അധികാരവും കമീഷനുണ്ട്. അതേസമയം കമീഷൻ നിയോഗിക്കുന്ന നിരീക്ഷകർക്ക് തീരുമാനമെടുക്കാനുള്ള അധികാരമില്ലെന്നും ഇ.ആർ.ഒമാരെ സഹായിച്ചാൽ മാത്രം മതിയെന്നും സുപ്രീംകോടതി വ്യക്തമാക്കി. പേരിലെ ചെറിയ മാറ്റങ്ങൾക്ക് കമീഷൻ നോട്ടീസ് അയക്കുന്നതിനെ ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചി, എൻ.വി. അൻജാരിയ എന്നിവർ കൂടി അടങ്ങുന്ന ബെഞ്ച് വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

