എല്ലാ പരിധികളും ലംഘിക്കുന്നു; ഫെഡറൽ നിയമത്തിനെതിര്: ഇ.ഡിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: തമിഴ്നാട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എല്ലാ പരിധികളും ലംഘിക്കുകയാണെന്ന് സുപ്രീംകോടതി. ഇക്കഴിഞ്ഞ മാർച്ചിലും കഴിഞ്ഞ ആഴ്ചയിലും തമിഴ്നാട്ടിലെ സർക്കാർ നടത്തുന്ന മദ്യശാലകളിൽ നടത്തിയ റെയ്ഡുകൾ പരാമർശിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ പരാമർശം. തമിഴ്‌നാട്ടില്‍ മദ്യ വില്‍പ്പന നടത്തുന്ന സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന് (TASMAC) എതിരായി ഇഡി നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടാണ്, ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിമര്‍ശനം.
ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഇ.ഡിയെ രൂക്ഷമായി വിമർശിച്ചത്. ‘ടാസ്മാക്കി’നെതിരായ എല്ലാ നടപടികളും നിർത്തിവെക്കാനും ഇ.ഡിയുടെ പ്രവർത്തനങ്ങൾ ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നും കോടതി പറഞ്ഞു.
1,000 കോടി രൂപയുടെ കണക്കിൽ പെടാത്ത പണം കണ്ടെത്തിയതായും നിയമനങ്ങൾ, ബാർ ലൈസൻസ് എന്നിവയുമായി ബന്ധപ്പെട്ടും ക്രമക്കേട് കണ്ടെത്തിയതായി ഇ.ഡി പറഞ്ഞിരുന്നു. തമിഴ്നാട് സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾക്കേറ്റ പ്രഹരമാണ് കോടതി ഉത്തരവെന്ന് ഡി.എം.കെ നേതാവ് ആർ.എസ്. ഭാരതി പറഞ്ഞു. ഡി.എം.കെ ഭരിക്കുന്ന സംസ്ഥാന സർക്കാരും സർക്കാർ നിയന്ത്രണത്തിലുള്ള മാർക്കറ്റിങ് കോർപറേഷനും ഇ.ഡിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇ.ഡിയുടെ നടപടിക്ക് മദ്രാസ് ഹൈകോടതി നേരത്തേ അനുമതി നൽകിയിരുന്നു.
ഔട്ട്‌ലെറ്റുകൾ വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും 10 മുതൽ 30 രൂപ വരെ സർചാർജ് ചുമത്തിയതിന് തെളിവുകൾ ഉണ്ടെന്ന് ഇ.ഡി പറഞ്ഞു. ഇതിനെതിരെ രംഗത്തുവന്ന തമിഴ്‌നാട് എക്‌സൈസ് മന്ത്രി എസ്. മുത്തുസാമി ഇ.ഡി തമിഴ്നാട് സർക്കാർ ഉദ്യോഗസ്ഥരെ വേട്ടയാടുന്നുവെന്ന് ആരോപിച്ചു. ചെന്നൈയിലും മറ്റു സ്ഥലത്തുമുള്ള ടാസ്മാക് ഓഫിസുകളിൽ നടത്തിയ റെയ്ഡുകൾക്ക് ഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോപണവിധേയമായ ക്രമക്കേടുകൾ തെളിയിക്കുന്ന ഒരു തെളിവും ഇ.ഡിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

