മാലിന്യ സംസ്കരണ ചട്ടങ്ങൾ ലംഘിച്ചാൽ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കും; കർശന ഉത്തരവുമായി സുപ്രീം കോടതി
text_fieldsന്യൂഡൽഹി: രാജ്യത്ത് മാലിന്യ സംസ്കരണ ചട്ടങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കർശന ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീം കോടതി. മാലിന്യം സംസ്കരിക്കുന്നതിനുള്ള ചട്ടങ്ങൾ ലംഘിക്കുന്ന വൻകിട മാളുകൾ, ഹോട്ടലുകൾ, ആശുപത്രികൾ, വാണിജ്യ സമുച്ചയങ്ങൾ, വലിയ റെസിഡൻഷ്യൽ സൊസൈറ്റികൾ തുടങ്ങിയ വൻകിട മാലിന്യ ഉത്പാദകരുടെ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ രാജ്യത്തുടനീളമുള്ള ജില്ലാ കലക്ടർമാരോട് സുപ്രീം കോടതി നിർദേശിച്ചു. ആറാഴ്ചക്കുള്ളിൽ അതത് അധികാരപരിധിയിലെ ഇത്തരം സ്ഥാപനങ്ങളെയും വ്യക്തികളെയും കണ്ടെത്താൻ കോടതി കലക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജസ്റ്റിസ് എസ്.വി.എൻ ഭട്ടി, ജസ്റ്റിസ് എൻ.വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഭോപ്പാൽ മുനിസിപ്പൽ കോർപ്പറേഷനുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുന്നതിനിടയിലാണ് മാലിന്യ പ്രശ്നത്തിന്റെ ഭീകരാവസ്ഥ കണക്കിലെടുത്ത് കോടതി ഇതിന്റെ വ്യാപ്തി രാജ്യമാകെ വ്യാപിപ്പിച്ചത്. മാലിന്യം ഉത്പാദിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ട് എന്നാൽ അത് സംസ്കരിക്കാനും അതിന്റെ ആഘാതം കുറക്കാനും മാത്രം ആരും തയാറാകുന്നില്ലെന്ന പൊതുസമൂഹത്തിന്റെ തെറ്റായ മനോഭാവം മാറണമെന്നും കോടതി രൂക്ഷമായി വിമർശിച്ചു.
മാലിന്യ സംസ്കരണത്തിന്റെ ഉത്തരവാദിത്തം മുനിസിപ്പൽ അധികാരികളിൽ മാത്രം അടിച്ചേൽപ്പിക്കാനാകില്ലെന്നും മാലിന്യം ഉത്പാദിപ്പിക്കുന്നവരും അതിൽ തുല്യ പങ്കാളികളാകണമെന്നും കോടതി വ്യക്തമാക്കി. ഖരമാലിന്യങ്ങൾ വേർതിരിച്ച് സൂക്ഷിക്കുന്നതിലും കൈമാറുന്നതിലും വീഴ്ച വരുത്തുന്ന വൻകിട ഉത്പാദകർക്ക് പ്രാദേശിക ഭരണകൂടങ്ങൾ രേഖാമൂലം മുന്നറിയിപ്പ് നൽകണം. ചട്ടങ്ങൾ പാലിക്കാത്ത പക്ഷം ജില്ലാ കലക്ടറുടെ പ്രത്യേക സെല്ലിന്റെ ഉത്തരവ് പ്രകാരം വൈദ്യുതി, ജല വിതരണം താൽക്കാലികമായി വിച്ഛേദിക്കപ്പെടും. സ്ഥാപനങ്ങൾ ചട്ടങ്ങൾ പാലിച്ച് കംപ്ലയൻസ് സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മാത്രമേ ഈ സേവനങ്ങൾ പിന്നീട് പുനഃസ്ഥാപിച്ചു നൽകുകയുള്ളൂ.
കൂടാതെ മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട ജിയോ ടാഗ് ചെയ്ത ഫോട്ടോഗ്രാഫുകളും പ്രതിമാസ റിപ്പോർട്ടുകളും ഡിജിറ്റൽ പോർട്ടലുകൾ വഴി സമർപ്പിക്കേണ്ടതുണ്ട്. സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർ മുഖേന ജില്ലാ കലക്ടർമാർ ഇത് കൃത്യമായി നിരീക്ഷിക്കണം. റെയിൽവേ, പ്രതിരോധ വകുപ്പ്, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയുടെയെല്ലാം മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും കർശനമായ നിരീക്ഷണ പരിധിയിൽ കൊണ്ടുവരാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
മാലിന്യ സംസ്കരണത്തെക്കുറിച്ച് പുതിയ തലമുറയെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി സ്കൂൾ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ പാഠ്യപദ്ധതിയിൽ ഖരമാലിന്യ മാനേജ്മെന്റ് ഉൾപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു. വിദ്യാർഥികൾ തങ്ങളുടെ വീടുകളിൽ ഇതിന്റെ മേൽനോട്ടം വഹിക്കുന്ന സൂപ്പർവൈസർമാരായി പ്രവർത്തിക്കണം. അധ്യാപകർ ഇതിനായി പ്രത്യേക പരിശീലനം നേടണമെന്നും, ജില്ലാ വിദ്യാഭ്യാസ വകുപ്പുകൾ ഇത് സംബന്ധിച്ച ആനുകാലിക ഓഡിറ്റ് നടത്തി കളക്ടർമാർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
140 കോടിയിലധികം ജനങ്ങൾ വസിക്കുന്ന ഇന്ത്യയിൽ ദിവസേന ലക്ഷക്കണക്കിന് ടൺ മാലിന്യമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. എന്നാൽ മാലിന്യ സംസ്കരണത്തിന്റെ പൂർണ ഉത്തരവാദിത്തം ഏതാനും ചില ശുചീകരണ തൊഴിലാളികളുടെ മേൽമാത്രം കെട്ടിവെക്കാനാകില്ലെന്നും, അത് ഈ സമൂഹത്തിലെ ഓരോ പൗരന്റെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിദ്യാർഥികളും പ്രൊഫഷണലുകളും വ്യവസായികളും ഉൾപ്പെടെയുള്ള എല്ലാ പൗരന്മാരും സ്ഥാപനങ്ങളും ഈ വിഷയത്തിൽ കൂട്ടായ ഉത്തരവാദിത്തം കാണിക്കണമെന്ന് കോടതി ഓർമിപ്പിച്ചു. മുൻസിപ്പൽ കോർപ്പറേഷനുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കവെയാണ് 2026-ലെ പുതിയ ചട്ടങ്ങൾ രാജ്യവ്യാപകമായി നടപ്പിലാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

