രാഹുലിനെതിരായ മാനനഷ്ടക്കേസിന് സുപ്രീംകോടതി സ്റ്റേ
text_fieldsന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള ക്രിമിനൽ മാനനഷ്ടക്കേസ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഝാർഖണ്ഡ് സർക്കാറിനും പരാതിക്കാരനായ ബി.ജെ.പി നേതാവിനും നോട്ടീസ് അയക്കാൻ ഉത്തരവിട്ടാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ച് രാഹുലിനെതിരായ റാഞ്ചിയിലെ വിചാരണ കോടതിയുടെ കേസ് നടപടികൾ സ്റ്റേ ചെയ്തത്.
2018 മാർച്ച് 18ന് ചൈബാസയിൽ നടന്ന പ്രചാരണ റാലിയിലാണ് രാഹുൽ ഗാന്ധി അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചത്. ഇതിനെതിരെ ബി.ജെ.പി നേതാവ് നവീൻ ഝാ സമർപ്പിച്ച പരാതിയിലാണ് കേസ് നടപടി തുടങ്ങിയത്. എന്നാൽ, അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിന് മറ്റൊരു വ്യക്തി എങ്ങനെയാണ് പരാതി സമർപ്പിക്കുകയെന്ന് രാഹുൽ ഗാന്ധിക്കുവേണ്ടി ഹാജരായ അഭിഷേക് മനു സിങ്വി സുപ്രീംകോടതിയോട് ചോദിച്ചു.
അമിത് ഷാക്കെതിരായ പരാമർശത്തിന് രാഹുലിനെതിരെ പരാതിയുമായെത്തിയ ബി.ജെ.പി നേതാവിനോട് റാഞ്ചി ജുഡീഷ്യൽ കമീഷണറെ സമീപിക്കാൻ ആവശ്യപ്പെട്ട് ഹരജി റാഞ്ചി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടർന്ന് മജിസ്ട്രേറ്റ് കമീഷണർ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റാഞ്ചി വിചാരണ കോടതി രാഹുലിനെതിരെ മാനനഷ്ട കേസിൽ നടപടികൾ തുടങ്ങിയത്.
ഇതിനെതിരെ രാഹുൽ ഝാർഖണ്ഡ് ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി. ബി.ജെ.പി നേതാക്കൾ കളവ് പറയുന്നവരും അധികാരത്തിന്റെ മത്ത് പിടിച്ചവരുമാണെന്നും ബി.ജെ.പി പ്രവർത്തകർ കൊലക്കേസ് പ്രതിയെ അവരുടെ അധ്യക്ഷനാക്കിയെന്നും രാഹുൽ പറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് ഹൈകോടതി ജഡ്ജി അംബുജ് നാഥ് ഹരജി തള്ളിയത്. തുടർന്നാണ് രാഹുൽ സുപ്രീംകോടതിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

