ഷാഹി ഈദ് ഗാഹ് മസ്ജിദിൽ സർവേക്ക് കമീഷ്ണറെ നിയമിച്ച ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ
text_fieldsന്യൂഡൽഹി: മഥുര ശാഹി ഈദ്ഗാഹ് മസ്ജിദിൽ കോടതി മേൽനോട്ടത്തിൽ സർവേ നടത്താനുള്ള അലഹബാദ് ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. മഥുര പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം കൃഷ്ണ ജന്മഭൂമിയാണെന്ന് അവകാശപ്പെട്ട് ഹിന്ദുപക്ഷം സമർപ്പിച്ച അപേക്ഷയിൽ അഡ്വക്കറ്റ് കമീഷണറെ നിയോഗിച്ച അലഹാബാദ് ഹൈകോടതി ഉത്തരവാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ച് സ്റ്റേ ചെയ്തത്.
പള്ളിക്കടിയിൽ ക്ഷേത്രാവശിഷ്ടങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിന് അഡ്വക്കറ്റ് കമീഷണറെ നിയമിക്കാൻ കൃഷ്ണ വിഗ്രഹത്തിന്റെ പേരിൽ ഹൈകോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ആവശ്യമുണ്ടായിരുന്നു. ഈ അപേക്ഷ അടിസ്ഥാനമില്ലാത്തതാണെന്ന് കുറ്റപ്പെടുത്തിയാണ് പള്ളി പരിപാലന കമ്മിറ്റി സമർപ്പിച്ച പ്രത്യേകാനുമതി ഹരജിയിലെ സുപ്രീംകോടതി സ്റ്റേ. മഥുര ഈദ്ഗാഹ് മസ്ജിദിനുമേൽ കൃഷ്ണ ജന്മഭൂമിക്കായി അവകാശവാദമുന്നയിക്കുന്നത് 1991ലെ ആരാധനാലയ നിയമത്തിനെതിരാണെന്ന തർക്കം സുപ്രീംകോടതിയിൽ നിലനിൽക്കുന്നുണ്ടെന്നും അതിനാൽ ഇത്തരമൊരു ഉത്തരവിറക്കാൻ അലഹാബാദ് ഹൈകോടതിക്ക് കഴിയില്ലെന്നും പള്ളി പരിപാലന കമ്മിറ്റിക്കുവേണ്ടി സുപ്രീംകോടതി അഭിഭാഷക തസ്നീം അഹ്മദി ബോധിപ്പിച്ചു. കൃഷ്ണ ജന്മഭൂമിക്കായുള്ള ഹരജിയുടെ നിലനിൽപ് ചോദ്യം ചെയ്യപ്പെട്ട വേളയിൽ ഇത്തരമൊരു ഇടക്കാല ഉത്തരവ് പ്രഥമ ദൃഷ്ട്യാ പുറപ്പെടുവിക്കാൻ പാടില്ലെന്ന് അസ്മ ലത്വീഫ് ,ശബീർ അഹ്മദ് കേസിലെ സുപ്രീംകോടതി വിധി ഉദ്ധരിച്ച് തസ്നീം വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തത്. അഡ്വക്കറ്റ് കമീഷണറെ നിയമിക്കൽ നടപടിയുമായി മുന്നോട്ടുപോകാൻ അലഹാബാദ് ഹൈകോടതിയെ അനുവദിക്കണമെന്ന് ഹിന്ദുപക്ഷത്തിനുവേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ശ്യാം ദിവാൻ വാദിച്ചെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല.
അടിസ്ഥാനമില്ലാത്ത അപേക്ഷയിൽ സുപ്രീംകോടതിക്ക് വിയോജിപ്പുണ്ടെന്നും അഡ്വക്കറ്റ് കമീഷണറെകൊണ്ട് എന്തു ചെയ്യാനാണ് ഉദ്ദേശ്യമെന്ന് വ്യക്തമാക്കണമെന്നും ജസ്റ്റിസ് ഖന്ന ദിവാനെ ഓർമിപ്പിച്ചു. പള്ളി കമ്മിറ്റിയുടെ ഹരജിയിൽ ഹിന്ദുഭാഗത്തിന് നോട്ടീസ് അയച്ച സുപ്രീംകോടതി ഒരാഴ്ചക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ടു.
ക്രിമിനൽ നടപടിക്രമം 27ാം ഓർഡറിന്റെ ഒമ്പതാം ചട്ട പ്രകാരം കൃഷ്ണ വിഗ്രഹത്തിന്റെ പേരിൽ ഹിന്ദുപക്ഷം സർവേക്കായി സമർപ്പിച്ച അപേക്ഷയിൽ മഥുര ശാഹി ഈദ്ഗാഹ് മസ്ജിദിന്റെ അടിയിലാണ് ഹിന്ദു ദൈവമായ കൃഷ്ണന്റെ ജന്മഭൂമിയെന്ന് അവകാശപ്പെട്ടിരുന്നു.

