‘ഇത് നിയമവാഴ്ചയുടെ തകർച്ച, സിവിൽ കേസുകൾ ക്രിമിനൽ കേസാക്കിമാറ്റുന്നു’; യു.പി പൊലീസിനെതിരെ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വ്യക്തിയിൽനിന്ന് വായ്പ വാങ്ങിയ 25 ലക്ഷം രൂപ തിരിച്ചുനൽകാത്തതിന്റെ പേരിലെ സിവിൽ കേസ് ക്രിമിനൽ കുറ്റമായി ഫയൽ ചെയ്ത ഉത്തർ പ്രദേശ് പൊലീസിനെതിരെ അതിരൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ദേബു സിങ്, ദീപക് സിങ് എന്നിവർ പ്രതികളായ കേസിലാണ് വിമർശനം. ക്രിമിനൽ വിശ്വാസലംഘനം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസ് എടുത്തിരുന്നത്.
‘‘യു.പിയിൽ അരങ്ങേറുന്നത് തെറ്റാണ്. ഓരോ നാൾ കഴിയുന്തോറും സിവിൽ വിഷയങ്ങൾ ക്രിമിനൽ ആയി മാറ്റപ്പെടുകയാണ്. ഇത് നിയമഭരണത്തിന്റെ തകർച്ചയാണ്’’- കേസിൽ വാദംകേട്ട മൂന്നംഗ ബെഞ്ചിന്റെ അധ്യക്ഷനായ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. കുറ്റപത്രത്തിലെ ഓരോ കോളത്തിലും പൂർണവും കൃത്യവുമായ വിവരങ്ങൾ ഉണ്ടാകണമെന്ന് ഉത്തർ പ്രദേശ് സർക്കാറും ശരീഫ് അഹ്മദും തമ്മിലെ കേസിൽ വ്യക്തമാക്കിയതാണെന്നും കോടതി അറിയിച്ചു.
രണ്ടാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കാനാവശ്യപ്പെട്ട പരമോന്നത കോടതി പ്രതികൾക്കെതിരായ വിചാരണ കോടതി നടപടികൾ സ്റ്റേ ചെയ്യുകയും ചെയ്തു. വ്യവസായ ആവശ്യാർഥം വായ്പ വാങ്ങിയ 25 ലക്ഷം രൂപ സമയത്ത് തിരിച്ചുനൽകിയില്ലെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

