ആനന്ദ് അംബാനിയുടെ ‘വൻതാര’ക്കെതിരെ അന്വേഷണത്തിന് ജസ്റ്റിസ് ചെലമേശ്വർ അധ്യക്ഷനായ സമിതി
text_fieldsഗുജറാത്തിലെ ജാംനഗറിൽ 2025 മാർച്ച് 4 ന് 'വൻതാര'യുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ത് അംബാനിക്കൊപ്പം
ന്യൂഡൽഹി: വന്യജീവി സംരക്ഷണ-പുനരധിവാസകേന്ദ്രമായ ‘വൻതാര’ക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ ജസ്റ്റീസ് ചെലമേശ്വർ അധ്യക്ഷനായ പ്രത്യേക സംഘത്തെ വെച്ച് സുപ്രീം കോടതി. 2024ൽ ഉദ്ഘാടനം ചെയ്ത പദ്ധതിക്കെതിരെ തുടക്കം മുതൽ ആരോപണങ്ങൾ ഉയർന്നിരുന്നു. രാജ്യത്തിനകത്തും പുറത്തും നിന്നായി വന്യജീവികളെ എത്തിക്കൽ, സാമ്പത്തിക ക്രമക്കേടുകൾ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.
വിഷയത്തിൽ കോടതിയെ കൂടുതൽ ഉത്തരവ് പുറപ്പെടുവിക്കാൻ പ്രാപ്തമാക്കുന്നതിന് വസ്തുതാന്വേഷണ സംഘമായി പ്രവർത്തിക്കാൻ മാത്രമേ എസ്.ഐ.ടിക്ക് അനുമതിയുള്ളൂ എന്ന് ജസ്റ്റിസുമാരായ പങ്കജ് മിത്തലും പ്രസന്ന ബി. വരാലെയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. സെപ്റ്റംബർ 12-നകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ചലമേശ്വറിനെ കൂടാതെ ഉത്തരാഖണ്ഡ്, തെലങ്കാന ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രാഘവേന്ദ്ര ചൗഹാൻ, മുംബൈ മുൻ പൊലീസ് കമീഷണർ ഹേമന്ത് നഗ്രാലെ, അഡീഷണൽ കമ്മീഷണർ അനീഷ് ഗുപ്ത എന്നിവരാണ് എസ്.ഐ.ടിയിലുള്ളത്.
ഗുജറാത്തിലെ ജാം നഗറിൽ മോടികാവടിഗ്രാമത്തിൽ 3,500 ഏക്കറിൽ പരന്നുകിടക്കുന്ന സ്ഥാപനം റിലയൻസ് ഇൻഡസ്‍ട്രീസിനു കീഴിലാണ്.
ആഴ്ചകൾക്കുമുമ്പ്, കോലാപ്പൂരിലെ നന്ദിനി ഗ്രാമത്തിൽ ജെയിൻ ഭട്ടാരക് പട്ടാചാര്യ മഠത്തിലെ 36 വയസ്സുള്ള പിടിയാനയായ മഹാദേവിയെ വൻതാരയിലെ രാധേ കൃഷ്ണ ക്ഷേത്രത്തിലെ ആന ക്ഷേമ ട്രസ്റ്റിലേക്ക് മാറ്റിയതിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. പതിനായിരത്തിലധികം വരുന്ന ഗ്രാമീണർ അവരുടെ പ്രിയപ്പെട്ട ആനയെ യാത്രയാക്കാൻ ഒത്തുകൂടിയത് വാർത്തയായിരുന്നു. ആനയെ കൊണ്ടുപോകാനെത്തിച്ച മൃഗ ആംബുലൻസും മറ്റു വാഹനങ്ങളും കല്ലെറിഞ്ഞ് തകർത്തിരുന്നു. മഹാദേവിയെ കൊണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് നന്ദിനി ഗ്രാമവാസികൾ ‘ജിയോ ബഹിഷ്കരിക്കുക’ എന്ന കാമ്പയിനും തുടങ്ങിയിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ, അറക്കാനുള്ള കോഴികളുമായി പോകുന്ന വാഹനം ആനന്ദ് അംബാനി തടഞ്ഞുനിർത്തി എല്ലാ കോഴികളെയും ഇരട്ടി വില കൊടുത്തു വാങ്ങിയിരുന്നു. കോഴികളെ വൻതാരയിലേക്ക് മാറ്റി രക്ഷിക്കുമെന്ന് അന്ന് റിപ്പോർട്ടും വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

