‘കേസുകളിൽ വിധി മൂന്നുമാസത്തിനകം വേണം’- ഹൈകോടതി ജഡ്ജിമാരോട് സുപ്രീംകോടതി
text_fieldsസുപ്രീം കോടതി
ന്യൂഡൽഹി: കേസുകളിൽ വിധി പ്രസ്താവിക്കുന്നതിന് ഹൈകോടതി ജഡ്ജിമാർക്ക് സമയപരിധി ഏർപ്പെടുത്തി സുപ്രീംകോടതി. കേസുകളിൽ ജഡ്ജിമാർ മൂന്നുമാസത്തിനകം വിധി പറയണം. സമയപരിധി കഴിഞ്ഞ് രണ്ടാഴ്ചക്കകം വിധി പ്രസ്താവിച്ചില്ലെങ്കിൽ കേസ് മറ്റൊരു ജഡ്ജിയെ ഏൽപ്പിക്കുമെന്നും ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഹൈകോടതി ജഡ്ജിമാർ പലപ്പോഴും വിധികൾ മാസങ്ങളോളം മാറ്റിവെക്കുന്ന സമ്പ്രദായം ഞെട്ടിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം സാഹചര്യങ്ങൾ ഹരജിക്കാരന് നിയമ പ്രക്രിയയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് ബെഞ്ച് വിലയിരുത്തി.
തുടരെ സമാനമായ സാഹചര്യങ്ങൾ കോടതിയുടെ ശ്രദ്ധയിൽ പെടുന്നു. നിരവധി കേസുകൾ മൂന്നുമാസത്തിലധികമായി കോടതികളിൽ തീർപ്പുകൽപ്പിക്കാതെ കിടക്കുന്നു. ചില കേസുകളിലാവട്ടെ വാദം കേട്ട് വർഷത്തോളം പിന്നിട്ടിട്ടും വിധികൾ പുറപ്പെടുവിക്കുന്നില്ല. ഇത്തരം സാഹചര്യങ്ങൾ നിയമസംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും- ജസ്റ്റിസ് മിശ്ര വിധിന്യായത്തിൽ പറഞ്ഞു.
ചില ഹൈകോടതികൾ യുക്തിസഹമായ വിധിയില്ലാതെ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്ന രീതി അവലംബിക്കുന്നു. അതുതന്നെ, ഏറെ വൈകി പുറപ്പെടുവിക്കുന്നത് ദുരിതമനുഭവിക്കുന്ന കക്ഷിക്ക് കൂടുതൽ നിയമ പരിഹാരം തേടാനുള്ള അവസരം നഷ്ടപ്പെടുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചു.
മിക്ക ഹൈകോടതികളിലും, വിധി പുറപ്പെടുവിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാണിച്ച് പരാതിക്കാരന് ബന്ധപ്പെട്ട ബെഞ്ചിനെയോ ചീഫ് ജസ്റ്റിസിനെയോ സമീപിക്കാൻ ഒരു സംവിധാനവുമില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. മൂന്ന് മാസത്തിനുള്ളിൽ വിധി പ്രസ്താവിച്ചില്ലെങ്കിൽ, രജിസ്ട്രാർ ജനറൽ (ഹൈകോടതി) ഉത്തരവുകൾക്കായി ചീഫ് ജസ്റ്റിസിന് മുമ്പാകെ കാര്യങ്ങൾ സമർപ്പിക്കണം. തുടർന്ന്, ചീഫ് ജസ്റ്റിസ് കേസിൽ രണ്ടാഴ്ചക്കകം ഉത്തരവ് പുറപ്പെടുവിക്കാൻ ബന്ധപ്പെട്ട ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തണം, അല്ലാത്തപക്ഷം വിഷയം മറ്റൊരു ബെഞ്ചിന് കൈമാറുമെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി.
2008 മുതൽ നിലനിൽക്കുന്ന ക്രിമിനൽ കേസിൽ അലഹബാദ് ഹൈകോടതി പുറപ്പെടുവിച്ച ചില ഇടക്കാല ഉത്തരവുകൾ ചോദ്യം ചെയ്ത് രവീന്ദ്ര പ്രതാപ് ഷാഹി എന്നയാൾ സമർപ്പിച്ച അപ്പീലുകളിലായിരുന്നു കോടതി ഉത്തരവ്. കേസിലെ കക്ഷികളിൽ ഒരാൾ അപ്പീൽ നേരത്തെ പട്ടികപ്പെടുത്തുന്നതിനും വാദം കേൾക്കുന്നതിനും തീർപ്പാക്കുന്നതിനുമായി ഒമ്പത് വ്യത്യസ്ത സന്ദർഭങ്ങളിൽ ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്തിമ വിധി ഹൈകോടതി പുറപ്പെടുവിച്ചിട്ടില്ല. ഒടുവിൽ, ക്രിമിനൽ അപ്പീൽ വിശദമായി കേട്ട ശേഷം അലഹബാദ് ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ച് 2021 ഡിസംബർ 24 ന് ഉത്തരവ് മാറ്റിവച്ചു. എന്നാൽ വിധി വരാത്തതിനാൽ റോസ്റ്റർ അനുസരിച്ച് 2023 ജനുവരി ഒമ്പതിന് റെഗുലർ ബെഞ്ചിന് മുമ്പാകെ വീണ്ടും പട്ടികപ്പെടുത്താൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു.
അപ്പീൽ പരിഗണിച്ച തീയതി മുതൽ ഏകദേശം ഒരു വർഷമായിട്ടും വിധി പ്രസ്താവിക്കാത്തത് അങ്ങേയറ്റം ഞെട്ടിക്കുന്നതും ആശ്ചര്യകരവുമാണെന്ന് കോടതി പറഞ്ഞു. ഓരോ ഹൈകോടതിയിലെയും രജിസ്ട്രാർ ജനറൽ, അതത് മാസങ്ങളിൽ വിധി പ്രസ്താവിക്കാനായി മാറ്റിയ കേസുകളുടെ പട്ടിക ഹൈകോടതി ചീഫ് ജസ്റ്റിസിന് സമർപ്പിക്കണം. നിലവിൽ നിശ്ചയിച്ചിട്ടുള്ള പരിധിയായ മൂന്ന് മാസം ഇത് ആവർത്തിക്കണമെന്നും കോടതി നിർദേശിച്ചു. വിധി, നടപ്പാക്കുന്നതിനായി ഹൈകോടതി രജിസ്ട്രാർ ജനറൽമാർക്ക് അയയ്ക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

