മുസ്ലിം വിദ്വേഷ പരാമർശത്തിൽ ജഡ്ജി ശേഖർ കുമാർ മാപ്പ് പറഞ്ഞില്ല; പുതിയ റിപ്പോർട്ട് തേടി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: അലഹാബാദ് ഹൈകോടതി സിറ്റിങ് ജഡ്ജി ശേഖർ കുമാർ യാദവ് നടത്തിയ മുസ്ലിം വിദ്വേഷ പരാമർശത്തിൽ കൂടുതൽ ഇടപെടലുമായി സുപ്രീംകോടതി. ജഡ്ജി ശേഖർ കുമാർ യാദവിന്റെ വിഷയത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ റിപ്പോർട്ട് തേടി. അലഹാബാദ് ഹൈകോടതി ചീഫ് ജസ്റ്റിസിനോടാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന റിപ്പോർട്ട് തേടിയത്.
ജഡ്ജി ശേഖർ കുമാറിന്റെ മുസ്ലിം വിദ്വേഷ പരാമർശം മാധ്യമ വാര്‍ത്തയായതിന് പിന്നാലെ വിഷയത്തിൽ ഇടപെട്ട സുപ്രീംകോടതി കൊളീജിയത്തിന് മുമ്പിൽ ഹാജരായി വിശദീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം കൊളീജിയത്തിന് മുമ്പാകെ ഹാജരായ ജഡ്ജി ശേഖർ കുമാർ, താൻ ഉദ്ദേശിച്ച കാര്യമല്ല മാധ്യമങ്ങൾ നൽകിയതെന്നാണ് വിശദീകരിച്ചത്. എന്നാൽ, വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) പരിപാടിയിൽ ജഡ്ജി ശേഖർ കുമാർ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം അലഹാബാദ് ഹൈകോടതിയിൽ നിന്ന് സുപ്രീംകോടതി ശേഖരിച്ചിരുന്നു. കൂടാതെ, ഹൈകോടതിയുടെ റിപ്പോർട്ടും തേടിയിരുന്നു. ജഡ്ജിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സ്വീകരിച്ചത്.
വിദ്വേഷ പരാമർശത്തിൽ ജഡ്ജി ശേഖർ കുമാർ പരസ്യമായി മാപ്പ് പറയണമെന്ന് കൊളീജിയം നിർദേശിച്ചു. എന്നാൽ, നിലപാട് വ്യക്തമാക്കാൻ എന്നാണ് കൊളീജിയത്തോട് ജഡ്ജി വ്യക്തമാക്കിയത്. ഡിസംബർ 17ന് കൊളീജിയം ചേർന്ന് 20 ദിവസം കഴിഞ്ഞിട്ടും പരസ്യമായി മാപ്പ പറയാൻ ജഡ്ജി തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് അലഹാബാദ് ഹൈകോടതി ചീഫ് ജസ്റ്റിസിനോട് വീണ്ടും സുപ്രീംകോടതി റിപ്പോർട്ട് തേടിയത്. റിപ്പോർട്ട് ലഭിച്ച ശേഷം വീണ്ടും അന്വേഷണം നടത്തുന്ന സുപ്രീംകോടതി കുറ്റം ഗൗരവമുള്ളതെന്ന് കണ്ടെത്തിയാൽ ജഡ്ജിയെ ഇംപീച്ച് ചെയ്യാനുള്ള ശിപാർശ രാഷ്ടപതിക്ക് കൈമാറും. തുടർന്ന് രാഷ്ടപതി പാർലമെന്റിനും കൈമാറും.
ഡിസംബർ എട്ടിന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) പരിപാടിയിൽ പങ്കെടുത്ത് ശേഖര്‍ കുമാര്‍ യാദവ് നടത്തിയ പ്രസംഗമാണ് വിവാദമായത്. ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്നാണ് ജഡ്ജി ശേഖർ കുമാർ യാദവ് പറഞ്ഞത്.
ജഡ്ജിയുടെ വിദ്വേഷ പ്രസംഗത്തിലെ ഭാഗങ്ങൾ
‘‘ഈ രാജ്യം ‘ഹിന്ദുസ്ഥാൻ’ ആണെന്ന് പറയാൻ തനിക്ക് ഒരു ശങ്കയുമില്ല. ഇവിടെ ജീവിക്കുന്ന ഭൂരിപക്ഷത്തിന്റെ ഇംഗിതമനുസരിച്ചാണ് ഈ രാജ്യം ചലിക്കുക. ഇതാണ് നിയമം. ഒരു ഹൈകോടതി ജഡ്ജിയെന്ന നിലക്കല്ല താൻ സംസാരിക്കുന്നത്. മറിച്ച് ഭൂരിപക്ഷക്കാർക്ക് അനുസരിച്ചാണ് നിയമം പ്രവർത്തിക്കുന്നത്. ഒരു കുടുംബത്തിന്റെ കാര്യമായാലും സമൂഹത്തിന്റെ കാര്യമായാലും ഭൂരിപക്ഷത്തിന്റെ സന്തോഷമാണ് പരിഗണിക്കപ്പെടുക.
എന്നാൽ ഈ ‘കഠ്മുല്ല’യുണ്ടല്ലോ.... ആ വാക്ക് ഒരു പക്ഷേ ശരിയായ വാക്കാകണമെന്നില്ല..എന്നാലും പറയുകയാണ്. അവർ ഈരാജ്യത്തിന് അപകടകരമാണ്. അവർ രാജ്യത്തിനും ജനങ്ങൾക്കും ഉപദ്രവകരമാണ്. പൊതുജനത്തെ ഇളക്കിവിടുന്നവരാണ്. രാജ്യത്തിന്റെ പുരോഗതി ആഗ്രഹിക്കാത്ത ഇത്തരമാളുകളെ കരുതിയിരിക്കണം. മുസ്ലിംകൾ നിരവധി ഭാര്യമാർ വേണമെന്നത് അവകാശമായി കരുതുന്നവരാണ്’’.
അതേസമയം, വിദ്വേഷ പരാമർശത്തിന് പിന്നാലെ ജഡ്ജിക്കെതിരെ നിയമ മേഖലയിൽ നിന്നടക്കം വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ജഡ്ജിക്കെതിരെ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് കാമ്പയിൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് (സി.ജെ.എ.ആർ) ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നു. ജഡ്ജിക്കെതിരായ ഇംപീച്ച്മെന്റ് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കുന്നതിന് നാഷനൽ കോൺഫറൻസ് എം.പി ആഗ സയ്യിദ് റൂഹുല്ല മെഹദി ലോക്സഭ സ്പീക്കർക്ക് നോട്ടീസ് നൽകിയിരുന്നു. നോട്ടീസിൽ എ.ഐ.എം.ഐ.എം എം.പി അസദുദ്ദീൻ ഉവൈസി, ഭാരത് ആദിവാസി പാർട്ടി അംഗം രാജ്കുമാർ, സി.പി.ഐ (എം.എൽ) എം.പി സുധാമ പ്രസാദ്, സമാജ് വാദി പാർട്ടി എം.പിമാരായ മൊഹിബ്ബുല്ല നദ്വി, സിയാഉറഹ്മാൻ ബർഖ് എന്നിവരുൾപ്പെടെ ഏഴ് എം.പിമാരാണ് ഒപ്പിട്ടത്.

