വോട്ടർപട്ടിക പ്രത്യേക തീവ്ര പരിശോധന; പുറന്തള്ളിയാൽ ഇടപെടും
text_fieldsന്യൂഡൽഹി: വോട്ടർപട്ടിക പ്രത്യേക തീവ്ര പരിശോധന(എസ്.ഐ.ആർ)യിലൂടെ വോട്ടർമാരെ കൂട്ടത്തോടെ പുറന്തള്ളിയാൽ ഇടപെടുമെന്ന് സുപ്രീംകോടതി. 65 ലക്ഷം പേർ കരട് വോട്ടർപട്ടികയിൽനിന്ന് പുറത്തായേക്കുമെന്ന ആശങ്ക പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ പ്രകടിപ്പിച്ചപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇരുകൂട്ടരും നിർദേശിച്ച സമയക്രമവും വിഷയത്തിന്റെ അടിയന്തര സ്വഭാവവും പരിഗണിച്ച് എസ്.ഐ.ആറിനെതിരായ ഹരജികളിൽ വിശദവാദം ആഗസ്റ്റ് 12, 13 തീയതികളിൽ നടക്കുമെന്നും ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇതോടെ കമീഷൻ കരട് വോട്ടർ പട്ടിക ആഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിക്കും. തുടർന്ന് ഒരു മാസം രേഖകൾ പരിശോധിച്ച ശേഷം അന്തിമ വോട്ടർ പട്ടികയും പ്രസിദ്ധീകരിക്കും.
65 ലക്ഷം പേർ പരിശോധനക്കുള്ള അപേക്ഷകൾ സമർപ്പിച്ചിട്ടില്ലെന്നും അവർ ഒന്നുകിൽ മരിച്ചുപോയെന്നും അല്ലെങ്കിൽ മറ്റെവിടേക്കെങ്കിലും താമസം മാറിയെന്നുമാണ് കമീഷൻ പറയുന്നത്. അവരൊക്കെയും പുതിയതായി അപേക്ഷ നൽകണമെന്നാണ് കമീഷൻ പറയുന്നതെന്നും ഭൂഷൺ ചൂണ്ടിക്കാട്ടി.
ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷൻ നിയമപ്രകാരമാണ് പ്രവർത്തിക്കേണ്ടതെന്നും തങ്ങളിവിടെയുണ്ടെന്നും ആശങ്കകൾ കേൾക്കുമെന്നും ജസ്റ്റിസ് സൂര്യകാന്ത് ഇതിന് മറുപടി നൽകി. സുപ്രീംകോടതി ഇതെല്ലാം നോക്കുന്നുണ്ടെന്നും കൂട്ടത്തോടെ വോട്ടർമാരെ പുറന്തള്ളിയാൽ ഇടപെടുമെന്നും കൂടെ ബെഞ്ചിലുള്ള ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും വ്യക്തമാക്കി. വോട്ടർ പട്ടികയിൽനിന്ന് പുറന്തള്ളിയവരിൽ ജീവിച്ചിരിക്കുന്ന 15 പേരെയെങ്കിലും കൊണ്ടുവരൂ എന്ന് ജസ്റ്റിസ് ബാഗ്ചി പ്രശാന്ത് ഭൂഷണിനോട് പറഞ്ഞു.
65 ലക്ഷം പേർ ആരെന്ന് കമീഷൻ കരട് പട്ടികയിൽ വ്യക്തമാക്കണമെന്ന് ആർ.ജെ.ഡി നേതാവ് മനോജ് ഝാക്ക് വേണ്ടി ഹാജരായ കപിൽ സിബൽ ബോധിപ്പിച്ചപ്പോൾ അക്കാര്യത്തിൽ കമീഷൻ നിശ്ശബ്ദത പാലിച്ചാൽ തങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരൂ എന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
‘അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസി’നു വേണ്ടിയാണ് പ്രശാന്ത് ഭൂഷൺ ഹാജരായത്. എത്രപേർ പുറത്താകുമെന്ന അന്തിമ കണക്ക് അറിയണമെങ്കിൽ പരാതികളും ആക്ഷേപങ്ങളും പരിശോധിക്കണമെന്നും സെപ്റ്റംബർ 15നകം അന്തിമ പട്ടിക ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമീഷന് വേണ്ടി ഹാജരായ രാകേഷ് ദ്വിവേദി ബോധിപ്പിച്ചു.
ആരംഭത്തിലെ ആശങ്ക കരട് വോട്ടർപട്ടികയെ കുറിച്ചായതിനാൽ ആഗസ്റ്റിൽ അതേകുറിച്ചുള്ള പരാതികൾ കേൾക്കുമെന്ന് കോടതി വ്യക്തമാക്കി. രണ്ടാം ഘട്ടത്തിലെ പരാതികൾ സെപ്റ്റംബറിലും കേൾക്കും. തുടർന്ന് വാദത്തിനുള്ള വിഷയങ്ങൾ തയാറാക്കാനായി കോടതി നോഡൽ ഓഫിസർമാരെ നിശ്ചയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

