അതിസാഹസികത കൊണ്ടുണ്ടാകുന്ന വാഹനാപകട മരണങ്ങൾക്ക് നഷ്ടപരിഹാരമിെല്ലന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: അതിസാഹസികതയിലും അമിതവേഗത്തിലും വണ്ടിയോടിച്ചുണ്ടാകുന്ന അപകടങ്ങളിൽ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനികൾ ബാധ്യസ്ഥമല്ലെന്ന് സുപ്രീംകോടതി വിധിച്ചു.
അമിതവേഗത്തിൽ വണ്ടിയോടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട കർണാടക സ്വദേശിക്ക് ഇൻഷുറൻസ് കമ്പനിയിൽനിന്ന് 80 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളിയാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. നഷ്ടപരിഹാരം ആവശ്യം തള്ളിയ കർണാടക ഹൈകോടതി വിധി ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരടങ്ങുന്ന ബെഞ്ച് ശരിവെച്ചു.
വാഹനം ഓടിച്ചയാൾ വരുത്തിവെച്ച അപകടത്തിന്റെ പേരിൽ അയാൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെടാൻ മരണപ്പെട്ടയാളുടെ ഭാര്യക്കും മകനും മാതാപിതാക്കൾക്കും അർഹതയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വാഹനമോടിച്ചയാളുടെ ഭാഗത്തുനിന്നുള്ള കുഴപ്പമല്ലാതെ മറ്റൊരു ഘടകവും ഈ അപകടത്തിന് കാരണമല്ല.
2014 ജൂൺ 18ന് പിതാവും സഹോദരിയും മറ്റും കുടുംബാംഗങ്ങളുമായി അർസികരെ ടൗണിലേക്ക് കാറോടിച്ച് പോകുന്നതിനിടയിലുണ്ടായ അപകടത്തിൽ മരണപ്പെട്ട എൻ. രവിഷയുടെ ആശ്രിതരാണ് നഷ്ടപരിഹാരം തേടിയത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അതിസാഹസികമായും അമിതവേഗത്തിലും ഓടിച്ചത് മൂലം വണ്ടിയുടെ നിയന്ത്രണംവിട്ട് തലകീഴ്മേൽ മറിയുയകയായിരുന്നു.
ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കേയാണ് രവിഷ മരിച്ചത്. മാസം തോറും മൂന്നു ലക്ഷം രൂപ വരുമാനമുണ്ടാക്കിയിരുന്ന തിരക്കേറിയ കോൺട്രാക്ടർ ആയിരുന്ന രവിഷക്ക് 80 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. എന്നാൽ, അതിസാഹസികമായി വണ്ടിയോടിച്ചതുകൊണ്ടുണ്ടായ അപകടമാണെന്ന പൊലീസ് റിപ്പോർട്ടിന്റെ വെളിച്ചത്തിൽ മോട്ടോർ വാഹനാപകട ട്രൈബ്യൂണൽ അപേക്ഷ തള്ളി. ടയർ പൊട്ടിത്തെറിച്ചാണ് വണ്ടി കീഴ്മേൽ മറിഞ്ഞതെന്ന വാദവുമായി ട്രൈബ്യൂണൽ വിധിക്കെതിരെ കർണാടക ഹൈകോടതിയെ സമീപിച്ചെങ്കിലും രവിഷയുടെ അതിസാഹസികതയാണ് അപകടത്തിനിടയാക്കിയതെന്ന് ചൂണ്ടിക്കാട്ടി ഹരജി തള്ളി. തുടർന്നാണ് സുപ്രീംകോടതിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

