തടവിൽ തുടരും; സഞ്ജീവ് ഭട്ടിന് ജാമ്യം നൽകാനാവില്ലെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: 1990ലെ കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഗുജറാത്ത് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ ജീവപര്യന്തം ശിക്ഷാവിധി മരിവിപ്പിക്കാതെ സുപ്രീംകോടതി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു.
സഞ്ജീവ് ഭട്ടിന് ജാമ്യം നല്‍കാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ് ശിക്ഷ താൽക്കാലികമായി നിർത്തിവെച്ച് സഞ്ജീവ് ഭട്ടിനെ ജാമ്യത്തിൽ വിടാൻ കഴിയില്ലെന്ന് പറഞ്ഞത്. എന്നാൽ ഭട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീൽ മുൻഗണനാക്രമത്തിൽ കേൾക്കുമെന്ന് ബെഞ്ച് അറിയിച്ചു.
1990ല്‍ സഞ്ജീവ് ഭട്ട് ജാംനഗര്‍ എ.എസ്.പിയായിരുന്നപ്പോള്‍ കസ്റ്റഡിയില്‍ എടുത്ത പ്രഭുദാസ് മാധവ്ജി വൈഷ്ണാനി മരിച്ചിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു വൃക്ക രോഗത്തെ തുടർന്ന് പ്രഭുദാസിന്റെ മരണം. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2019 ജൂണില്‍ ജാംനഗര്‍ സെഷന്‍സ് കോടതി സഞ്ജീവ് ഭട്ടിനെയും കോണ്‍സ്റ്റബിളായിരുന്ന പ്രവീണ്‍ സിന്‍ഹ് സാലയെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
രണ്ട് സബ് ഇൻസ്പെക്ടർമാരും മൂന്ന് പൊലീസ് കോൺസ്റ്റബിൾമാരും ഉൾപ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥരാണ് കേസിൽ പ്രതികളായത്. കേസ് ബി.ജെ.പിയുടെ പക പോക്കലെന്നായിരുന്നു സഞ്ജീവ് ഭട്ട് പ്രതികരിച്ചത്. അതിനിടെ, സഞ്ജീവ് ഭട്ട് പോര്‍ബന്തര്‍ എസ്.പി ആയിരിക്കുമ്പോഴുള്ള 1997ലെ കസ്റ്റഡി പീഡനക്കേസില്‍ ഭട്ടിനെ ഗുജറാത്ത് കോടതി വെറുതെ വിട്ടിരുന്നു. കേസ് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുകേഷ് പാണ്ഡ്യ സഞ്ജീവ് ഭട്ടിനെ വെറുതെ വിട്ടത്.
2002 ഫെബ്രുവരി 17ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് വംശഹത്യക്ക് വഴിയൊരുക്കിയ ഗൂഢാലോചനയെക്കുറിച്ച് സുപ്രീംകോടതിക്ക് മൊഴി നല്‍കിയതോടെയാണ് സഞ്ജീവ് ഭട്ട് ബി.ജെ.പിയുടെ കണ്ണിലെ കരടായത്. കെട്ടിച്ചമച്ച കേസാണ് സഞ്ജീവ് ഭട്ടിനെതിരെ ഗുജറാത്ത് സർക്കാർ എടുക്കുന്നതെന്ന് നേരത്തേ ആരോപണമുണ്ടായിരുന്നു.
മുംബൈ ഐ.ഐ.ടിയില്‍നിന്ന് എം.ടെക് നേടിയ ഭട്ട് 1988ലാണ് ഐ.പി.എസ് നേടിയത്. 1999 മുതല്‍ 2002 വരെ ഗുജറാത്ത് ഇന്റലിജന്‍സ് ബ്യൂറോ ഡെപ്യൂട്ടി കമീഷണറായിരുന്നു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ സമയത്ത് സുരക്ഷ ചുമതലയും സഞ്ജീവ് ഭട്ട് വഹിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.