പൊതുസ്ഥലത്ത് ഉപയോഗിക്കാത്ത വാഹനങ്ങൾക്ക് നികുതി ചുമത്തരുതെന്ന് സുപ്രീംകോടതി
text_fieldsസുപ്രീം കോടതി
ന്യൂഡല്‍ഹി: ഒരു വാഹനം പൊതുസ്ഥലത്ത് ഉപയോഗിക്കുന്നില്ലെങ്കിൽ മോട്ടർ വാഹന നികുതി ചുമത്താൻ പാടില്ലെന്ന് സുപ്രീംകോടതി. റോഡ്, ഹൈവേ തുടങ്ങിയ പൊതു സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് പണം നൽകുകയെന്നാണ് മോട്ടോർ വാഹന നികുതി ചുമത്തുന്നതുകൊണ്ട് ഉദേശിക്കുന്നതെന്ന് ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. നിയമത്തിന്റെ വ്യവസ്ഥകളിൽ പൊതു സ്ഥലം എന്ന കാര്യം പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. വാഹനം പൊതു സ്ഥലത്ത് ഉപയോഗിക്കുന്നില്ലെങ്കിൽ ആ നിശ്ചിത കാലത്തേക്ക് നികുതി നൽകേണ്ടതില്ലെന്നും കഴിഞ്ഞ ദിവസത്തെ വിധിയിൽ പറയുന്നു.
രാഷ്ട്രീയ ഇസ്പത് നിഗമിന്റെ (ആർ.ഐ.എൻ.എൽ) കീഴിലുള്ള വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിനകത്തെ സെൻട്രൽ ഡിസ്പാച്ച് യാഡിനകത്തുമാത്രം ഉപയോഗിച്ച 36 വാഹനങ്ങൾക്ക് നികുതി ചുമത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി വിധിപറഞ്ഞത്. ഇവക്ക് നികുതി ഒഴിവാക്കി തരണമെന്ന താരാചന്ദ് ലോജിസ്റ്റിക് സൊലൂഷൻസ് കമ്പനിയുടെ ആവശ്യം ആന്ധ്രപ്രദേശ് അധികൃതർ തള്ളിയിരുന്നു. ഇതിനെതിരേ ഹൈകോടതിയെ സമീപിച്ചപ്പോൾ സിഗ്ൾ ബെഞ്ചിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചു.
ഡിസ്പാച്ച് യാഡിനകത്തേക്ക് മറ്റാർക്കും പ്രവേശനമില്ലെന്നും അതിനാൽ പൊതുസ്ഥലമായി കാണാനാവില്ലെന്നുമുള്ള കമ്പനിയുടെ വാദം ഹൈകോടതി സിഗ്ൾ ബെഞ്ച് അംഗീകരിച്ചു. മോട്ടോർവാഹന നികുതിയായി കമ്പനിയിൽനിന്ന് ഈടാക്കിയ 22,71,700 രൂപ തിരിച്ചുനൽകാനും സിഗ്ൾ ബെഞ്ച് ഉത്തരവിട്ടു. ഹൈകോടതി ഡിവിഷൻബെഞ്ച് ഈ ഉത്തരവ് റദ്ദാക്കിയതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

