കോർപസ് ഫണ്ടിലെ തുക കോളജുകൾക്ക്; സ്വാശ്രയ എൻ.ആർ.ഐ മെഡിക്കൽ ക്വോട്ട കേസിൽ സർക്കാറിന് തിരിച്ചടി
text_fieldsന്യൂഡൽഹി: കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എൻ.ആർ.ഐ ക്വോട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ ഫീസിൽനിന്ന് കേരള സർക്കാർ കോർപസ് ഫണ്ടിലേക്ക് പിടിച്ച തുകയത്രയും മാനേജ്മെന്റുകൾക്ക് മൂന്നു മാസത്തിനകം തിരിച്ചു നൽകാൻ സുപ്രീംകോടതി വിധിച്ചു. ദുർബല വിഭാഗങ്ങളിലെ വിദ്യാർഥികളുടെ മെഡിക്കൽ വിദ്യാഭ്യാസത്തിന് സബ്സിഡി നൽകുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ കോർപസ് ഫണ്ട് രൂപീകരിച്ചത്.
എൻ.ആർ.ഐ േക്വാട്ടയിൽ മെഡിക്കൽ പഠനത്തിനുള്ള ഫീസായി നിശ്ചയിച്ച 20 ലക്ഷം രൂപയിൽ 15 ലക്ഷം മെഡിക്കൽ കോളജുകളിലും അഞ്ചു ലക്ഷം കോർപസ് ഫണ്ടിലേക്കും അടക്കണം എന്ന സംസ്ഥാന സർക്കാർ ഉത്തരവ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് റദ്ദാക്കി.
നിയമ നിർമാണം നടത്താതെ കേരള സർക്കാർ ഉണ്ടാക്കിയ കോർപസ് ഫണ്ട് നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് കേരള ഹൈകോടതി വിധിയിൽ സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റുകൾ ആവശ്യപ്പെട്ട ഭേദഗതി വരുത്തിയും കേരള സർക്കാറിന്റെയും വിദ്യാർഥികളുടെയും അപ്പീലുകൾ തള്ളിയുമുള്ള സുപ്രീംകോടതി വിധി.
ഏതാനും വർഷങ്ങളായി കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് അനിശ്ചിതത്വത്തിനിടയാക്കിയ ഈ കേസ് അന്തിമമായി തീർപ്പാക്കുകയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എൻ.ആർ.ഐ വിദ്യാർഥികൾക്ക് നിശ്ചയിച്ച ഫീസായ 20 ലക്ഷത്തിൽ അഞ്ചു ലക്ഷം രൂപ കേരള സർക്കാറിന്റെ കോർപസ് ഫണ്ടിലേക്ക് അടക്കാനുള്ള ഉത്തരവ് റദ്ദാക്കിയ കേരള ഹൈകോടതി വിധി ശരിയാണെന്നും ഉത്തരവിൽ വ്യക്തമാക്കി.
എന്നാൽ, ഇതിനകം കോർപസ് ഫണ്ടിൽ വന്ന തുക അവിടെ തന്നെ സൂക്ഷിക്കാനുള്ള ഹൈകോടതി വിധി ഭേദഗതി ചെയ്ത് അവ കോളജുകൾക്ക് നൽകണം. ഭാവിയിൽ ഫീസ് തുക മുഴുവനായും വിദ്യാർഥികൾ കോളജുകളിൽ അടക്കണം. ഫീസായി നിശ്ചയിച്ച തുക പൂർണമായും കോളജിലാണ് അടക്കേണ്ടതെന്നും പാവപ്പെട്ട വിദ്യാർഥികൾക്ക് അതുപയോഗിച്ച് കോളജുകൾ ഫീസിളവ് നൽകുമെന്നുമാണ് കേരള പ്രൈവറ്റ് മെഡിക്കൽ കോളജ് മാനേജ്മെന്റ് അസോസിയേഷനുവേണ്ടി അഡ്വ. സുൽഫിക്കറും കെ.എം.സി.ടിക്കുവേണ്ടി അഡ്വ. ഹാരിസ് ബീരാനും ബോധിപ്പിച്ചത്.
ഈ വാദം ശരിവെച്ച സുപ്രീംകോടതി സ്വാശ്രയ കോളജുകളിൽ പ്രവേശനം നേടുന്ന ബി.പി.എൽ വിദ്യാർഥികൾക്ക് അധിക ഫീസ് വാങ്ങാതെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ മാനേജ്മെന്റുകൾ ബാധ്യസ്ഥമാണെന്ന് വ്യക്തമാക്കി. കോർപസ് ഫണ്ടിൽനിന്നും തിരിച്ചുലഭിക്കുന്ന തുകയുടെ ഗണ്യമായ ഭാഗം ബി.പി.എൽ വിദ്യാർഥികളുടെ ഫീസിൽ സബ്സിഡി നൽകാൻ മാനേജ്മെന്റുകൾ ചെലവഴിക്കണം.
ഈ നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഇതിനായുള്ള അക്കൗണ്ടുകൾ സൂക്ഷിക്കാനും സംസ്ഥാന സർക്കാറിനും ഫീസ് നിർണയ കമ്മിറ്റിക്കും അവകാശമുണ്ട്. കോർപസ് ഫണ്ടിലെ തുകയുടെ കേവലം ചുമതലക്കാരായി മാത്രമേ മാനേജ്മെന്റുകളെ തങ്ങൾ നിയോഗിച്ചിട്ടുള്ളൂ എന്ന് സുപ്രീംകോടതി വിധിയിൽ പ്രത്യേകം ഓർമിപ്പിച്ചു.
കോർപസ് ഫണ്ടിൽനിന്ന് തിരികെ ലഭിക്കുന്ന തുക സ്വാശ്രയ മാനേജ്മെന്റുകൾ തന്നിഷ്ടപ്രകാരം വിനിയോഗിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. കോർപസ് ഫണ്ട് പോലുള്ള സംവിധാനത്തിന് കേരള സർക്കാർ നിയമ നിർമാണം നടത്തുന്നതു വരെ ഈ രീതി തുടരണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.
വിധിയുടെ പ്രസക്ത ഭാഗങ്ങൾ
ദുർബല വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ മെഡിക്കൽ വിദ്യാഭ്യാസം സബ്സിഡി നിരക്കിൽ നടത്തുന്നതിന് പി.എ ഇനാംദാർ കേസിലെ സുപ്രീംകോടതി വിധിക്ക് അനുസൃതമായി സംസ്ഥാന സർക്കാർ ഒരു കോർപസ് ഫണ്ടോ മറ്റു സംവിധാനമോ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിന് അനുയോജ്യമായ നിയമ നിർമാണം നടത്തണം.
ബി.പി.എൽ വിദ്യാർഥികളെ സബ്സിഡി നിരക്കിലെ ഫീസിൽ പഠിപ്പിക്കാനുള്ള കോർപസ് ഫണ്ടിനായി കേരള സർക്കാർ എൻ.ആർ.ഐ വിദ്യാർഥികളിൽ നിന്ന് സമാഹരിച്ച മുഴുവൻ ഫീസ് തുകയും മൂന്ന് മാസത്തിനകം സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് നൽകണം.
സ്കോളർഷിപ് പദ്ധതികളുടെ ഭാഗമായി ഭാവിയിൽ പ്രവേശനം നേടുന്ന ബി.പി.എൽ വിദ്യാർഥികൾ മുഴുവൻ ഫീസോ, സാധാരണ ഫീസോ അടക്കേണ്ടതില്ല. കേരള സർക്കാറും കമ്മിറ്റിയും നിശ്ചയിച്ച സബ്സിഡിയോടെയുള്ള ഫീസ് അവർ മെഡിക്കൽ കോളജുകളിൽ അടച്ചാൽ മതി. സബ്സിഡി നിരക്കിൽ കൂടുതലുള്ള തുക അവർ അടച്ചിട്ടുണ്ടെങ്കിൽ ആ തുക അവർക്ക് തിരിച്ചുനൽകണം. ബദൽ ക്രമീകരണമെന്ന നിലക്ക് അടുത്ത വർഷം അവർ നൽകാനുള്ള ഫീസുകളിലേക്ക് കൂടുതലടച്ചത് വരവുവെക്കുകയും ചെയ്യാം. ഈ തിരിച്ചടവും മൂന്നുമാസത്തിനകം നടത്തണം.
കോർപസ് ഫണ്ടിലേക്ക് ഇതിനകം അടച്ച അഞ്ച് ലക്ഷം രൂപക്ക് എൻ.ആർ.ഐ വിദ്യാർഥികൾക്ക് അർഹതയില്ല. അഡ്മിഷൻ ആൻഡ് ഫീ റഗുലേറ്ററി കമ്മിറ്റി അടക്കാൻ ആവശ്യപ്പെട്ട മുഴുവൻ ഫീസും വിദ്യാർഥികൾ ഇനിയും അടച്ചിട്ടില്ലെങ്കിൽ മൂന്ന് മാസത്തിനകം അതത് കോളജുകളിൽ അടക്കണം.
സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കുന്ന തരത്തിൽ അക്കൗണ്ടുകൾ സൂക്ഷിക്കാൻ ആവശ്യമായ നിർദേശം നൽകാൻ കേരള സർക്കാറിനും അഡ്മിഷൻ ആൻഡ് ഫീ റഗുലേറ്ററി കമ്മിറ്റിക്കും സ്വാതന്ത്ര്യമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

