വിവാഹമോചനത്തിൽ വ്യാജ പോക്സോ ആയുധമാക്കുന്നു -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വിവാഹമോചന കേസുകളിൽ ഭർത്താക്കന്മാരെയും കുടുംബാംഗങ്ങളെയും സമ്മർദത്തിലാക്കാനും പ്രതികാരം തീർക്കാനുമായി സ്ത്രീകൾ വ്യാജ പോക്സോ കേസുകൾ ഫയൽ ചെയ്യുന്ന പ്രവണത വർധിച്ചുവരുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് സുപ്രീംകോടതി. ഭർത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീ നൽകിയ പോക്സോ കേസ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. ഇത്തരം കേസുകൾ നിരപരാധികൾക്ക് കടുത്ത മാനസികവും സാമൂഹികവുമായ ആഘാതം സൃഷ്ടിക്കുന്നതിനൊപ്പം നീതിന്യായ വ്യവസ്ഥക്ക് അനാവശ്യ ഭാരം ഉണ്ടാക്കുന്നതായും ബെഞ്ച് നിരീക്ഷിച്ചു.
തെളിവുകളുടെ പിന്തുണയില്ലാത്ത ഇത്തരം അവ്യക്തമായ ആരോപണങ്ങളെക്കുറിച്ച് തുടക്കത്തിൽതന്നെ കോടതികൾ അതിജാഗ്രത പുലർത്തണം. ദമ്പതികൾ തമ്മിൽ വർഷങ്ങളായി നിരവധി സിവിൽ, ക്രിമിനൽ കേസുകൾ നിലനിൽക്കുന്ന സാഹചര്യങ്ങളിൽ പെട്ടെന്ന് ഉയർന്നുവരുന്ന ബലാത്സംഗംപോലുള്ള ഗുരുതര ആരോപണങ്ങളെ കോടതികൾ വളരെ സൂക്ഷ്മതയോടെ മാത്രമേ സമീപിക്കാവൂ. കുടുംബങ്ങൾ തമ്മിലുള്ള ശത്രുത കാരണം ഇത്തരം കേസുകളിൽ കൃത്രിമം കാണിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
വിവാഹമോചന കേസുകളിൽ എതിർകക്ഷിയെ സമ്മർദത്തിലാക്കാൻ വ്യാജ ക്രിമിനൽ കേസുകൾ ഫയൽ ചെയ്യാൻ അഭിഭാഷകർ കക്ഷികളെ പ്രേരിപ്പിക്കരുത്. ക്രിമിനൽ നീതിന്യായ വ്യവസ്ഥ ദുരുപയോഗം ചെയ്യുന്നത് തടയാൻ അഭിഭാഷകർ സഹായിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
2008ൽ വിവാഹിതരായ ദമ്പതികളുടെ തർക്കമാണ് ഈ കേസിന് ആധാരം. 2011 മുതൽ ഇവർ പിരിഞ്ഞു താമസിക്കുകയായിരുന്നുവെങ്കിലും കുട്ടികൾ പിതാവിന്റെ കുടുംബത്തോടൊപ്പമാണ് കഴിഞ്ഞിരുന്നത്. പത്തിലധികം കേസുകൾ ഇരുപക്ഷവും തമ്മിൽ നിലനിൽക്കുന്നതിനിടയിലാണ് 2025ൽ ഭർത്താവിനും അദ്ദേഹത്തിന്റെ അമ്മ, സഹോദരി, സഹോദരൻ എന്നിവർക്കുമെതിരെ സ്ത്രീ പോക്സോ പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

