ഗ്രഹാം സ്റ്റെയിൻസ് കൊലക്കേസ്: ദാരാ സിങ്ങിന്റെ ശിക്ഷാ ഇളവ് ഹരജിയിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ആസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന രവീന്ദ്രപാൽ എന്ന ദാരാസിങ്ങിന്റെ ശിക്ഷായിളവ് ഹരജിയിൽ തീരുമാനമെടുക്കാത്തതിൽ ഒഡിഷ സർക്കാറിനെ വിമർശിച്ച് സുപ്രീം കോടതി.
ജസ്റ്റിസുമാരായ മനോജ് മിശ്ര, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സർക്കാറിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്. ‘നിങ്ങൾ വേണ്ട തീരുമാനം എടുക്കൂ. അല്ലെങ്കിൽ ഞങ്ങൾ ഞങ്ങളുടേതായ തീരുമാനം എടുക്കും’ എന്ന് കോടതി സംസ്ഥാന സർക്കാറിന്റെ അഭിഭാഷകനോട് പറഞ്ഞു.
ദാരാ സിങ്ങിന്റെ ഹരജിയിൽ തീരുമാനമെടുക്കുന്നതിനായി കേസ് പലതവണ മാറ്റിവെച്ചിട്ടും സംസ്ഥാന ശിക്ഷാ അവലോകന ബോർഡ് ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജൂലൈ 14ന് കേസ് പരിഗണിച്ചപ്പോഴും ബോർഡ് തീരുമാനമെടുക്കുന്ന നടപടിയിലാണെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, കൊഞ്ചർ ജില്ല ജയിലിൽനിന്ന് റിപ്പോർട്ട് ലഭിക്കാനുണ്ടെന്ന ഡയറക്ടറേറ്റ് ഓഫ് പ്രിസൺസ് ആൻഡ് കറക്ഷനൽ സർവിസസിന്റെ കത്താണ് സംസ്ഥാന സർക്കാർ ഇപ്പോൾ കോടതിയിൽ ഹാജരാക്കിയത്. ഇതിൽ തൃപ്തരാകാതിരുന്ന കോടതി, തീരുമാനമെടുക്കേണ്ടത് ബോർഡാണെന്നും കത്തുകൾ കാണിച്ച് ഒഴിഞ്ഞുമാറാൻ ശ്രമിക്കരുതെന്നും വ്യക്തമാക്കി. കേസ് സെപ്റ്റംബർ രണ്ടിന് വീണ്ടും പരിഗണിക്കാനായി മാറ്റിയ കോടതി, അതിനകം ബോർഡ് ദാരാ സിങ്ങിന്റെ ഹരജിയിൽ തീരുമാനമെടുത്ത് കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചു. 63കാരനായ ദാരാ സിങ് 2024ലാണ് ശിക്ഷായിളവ് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
24 വർഷത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നും തന്റെ പ്രവൃത്തിയിൽ പശ്ചാത്തപിക്കുന്നുവെന്നും ഹരജിയിൽ വ്യക്തമാക്കിയിരുന്നു. യൗവനകാലത്തെ രോഷത്തിൽ സംഭവിച്ച പ്രവൃത്തിയാണെന്നും സമൂഹത്തിന് സേവനപ്രവർത്തനങ്ങളിലൂടെ തിരിച്ചുനൽകാൻ അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ശിക്ഷാ കാലാവധി പൂർത്തിയാക്കുംമുമ്പ് വിട്ടയക്കുന്നതിനുള്ള 2022ലെ ഒഡിഷ സർക്കാറിന്റെ മാർഗനിർദേശ പ്രകാരം 14 വർഷത്തെ തടവുകാലം പൂർത്തിയാക്കിയതിനാൽ തന്റെ കേസും പരിഗണിക്കണമെന്നായിരുന്നു ദാരാസിങ്ങിന്റെ ആവശ്യം.
1999 ജനുവരി 22നാണ് കൊഞ്ചർ ജില്ലയിലെ മനോഹർപൂർ ഗ്രാമത്തിൽ വാഹനത്തിൽ ഉറങ്ങിക്കിടന്നിരുന്ന ഗ്രഹാം സ്റ്റെയിൻസിനെയും മക്കളായ 11കാരൻ ഫിലിപ്പിനെയും എട്ട് വയസ്സുകാരൻ തിമോത്തിയെയും ദാരാ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം തീകൊളുത്തി കൊലപ്പെടുത്തിയത്. 2003ൽ സി.ബി.ഐ കോടതി ദാരാ സിങ്ങിന് വധശിക്ഷ വിധിച്ചു. 2005ൽ ഒറീസ ഹൈകോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു. 2011ൽ സുപ്രീം കോടതി ആ വിധി ശരിവെച്ചു. കേസിലെ മറ്റൊരു പ്രതിയായ മഹേന്ദ്ര ഹെംബ്രം ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. തെളിവുകളുടെ അഭാവത്തിൽ മറ്റ് 11 പ്രതികളെ ഹൈകോടതി വെറുതെ വിട്ടിരുന്നു.
ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്തിയവരോട് താൻ ക്ഷമിച്ചുവെന്നും അവരോട് യാതൊരു വൈരാഗ്യവുമില്ലെന്നും ഗ്രഹാം സ്റ്റെയിൻസിന്റെ ഭാര്യ ഗ്ലാഡിസ് സ്റ്റെയിൻസ് നേരത്തെ വ്യക്തമാക്കിയിരുന്നു. 2005ൽ ഗ്ലാഡിസ് സ്റ്റെയിൻസിന് പത്മശ്രീ ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

