ബിരുദം നേടിയ ഉടൻ ഇനി ജഡ്ജിയാകാൻ കഴിയില്ല; ജുഡീഷ്യൽ സർവീസ് നിയമനത്തിന് മൂന്ന് വർഷം അഭിഭാഷക പ്രാക്ടീസ് ഉണ്ടായിരിക്കണമെന്ന നിയമം പുനസ്ഥാപിച്ച് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: സിവിൽ ജഡ്ജി നിയമനത്തിന് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ നിയമ പ്രാക്ടീസ് ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ പുനസ്ഥാപിച്ച് സുപ്രീം കോടതി. കോടതികളിലെ നീതി നിർവഹണ പ്രവർത്തനങ്ങളിൽ വിട്ടു വീഴ്ച വരുത്താൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. 2002ലാണ് മികച്ച ആളുകളെ സർവീസിൽ ലഭ്യമാക്കാൻ വേണ്ടി മൂന്നു വർഷത്തെ എക്സ്പീരിയൻസ് വേണമെന്ന നിബന്ധന ഒഴിവാക്കിയത്.
2002ൽ ഇളവു പ്രഖ്യാപിച്ച ശേഷം നിയമ ബിരുദധാരികളുടെ ജുഡീഷ്യൽ സർവീസിലേക്കുള്ള നിയമനം ഇതുവരെ വിജയകരമായി നടത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസുമാരായ എ.ജി മാസി, കെ.വി വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിക്കുന്നത്.
ഹൈകോടതികളിൽ ജഡ്ജിമാരായി നിയമിക്കപ്പെടുന്ന പുതിയതായി ബിരുദം നേടിയിറങ്ങുന്നവർക്ക് കോടതി നിയമ നടപടികളെക്കുറിച്ച് അറിയില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. അഭിഭാഷക ജോലിയിലെ അനുഭവം മാനുഷിക പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിൽ സംവേദനക്ഷമത കൂട്ടുമെന്നും പറയുന്നു.
സംസ്ഥാനങ്ങളുടെയും ഹൈകോടതികളുടെയും അഭിപ്രായം തേടിയ ശേഷമാണ് ഉത്തരവ്. പ്രാക്ടീസ് ചെയ്യുന്ന ആൾക്ക് മാത്രമേ നിയമ വ്യവഹാരത്തിന്റെ സങ്കീർണതകൾ മനസ്സിലാകൂവെന്ന് അഭിപ്രായപ്പെട്ട കോടതി, മൂന്നു മാസത്തിനുള്ളിൽ നിയമന പ്രക്രിയകൾ ഭേദഗതി ചെയ്യണമെന്ന് സംസ്ഥനങ്ങളെയും ഹൈകോടതികളെയും അറിയിച്ചു.
ചൊവ്വാഴ്ച വിധി വരാനിരിക്കെ ചില സംസ്ഥാനങ്ങളിലെ നിയമനപ്രകിയ കോടതി തടഞ്ഞിരുന്നു. ജഡ്ജി നിയമന പ്രക്രിയകൾ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പഴയ രീതിയിൽ നിയമനം തുടരാം.അവർക്ക് അടുത്ത നിയമനത്തിലാവും റൂളുകൾ ബാധകമാവുക.
പ്രൊവിഷണൽ രജിസ്ട്രേഷൻ ലഭിക്കുന്നത് മുതലുള്ള ദിവസം എക്സ്പീരിയൻസിൽ കണക്ക് കൂട്ടും. ഓൾ ഇന്ത്യ ബാർ എക്സാമിനേഷൻ വഴിയാണ് രജ്സ്ട്രേഷൻ നൽകുന്നത്. ജുഡീഷ്യൽ സർവീസിന് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ കുറഞ്ഞത് 10 വർഷമെങ്കിലും എക്സ്പീരിയൻസുള്ള അഭിഭാഷകനിൽ നിന്നുള്ള എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വേണം സമർപ്പിക്കാൻ. പ്രിൻസിപ്പൽ ജുഡീഷ്യൽ ഓഫീസറാണ് സർട്ടിഫിക്കറ്റിന് അംഗീകാരം നൽകുക. ഹൈകോടതിയിലും സുപ്രീംകോടതിയിലും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർ ജഡ്ജ് അഗീകരിച്ച സർട്ടിഫിക്കറ്റ് വേണം സമർപ്പിക്കാൻ.
1993 ലെ ഓൾ ഇന്ത്യ ജഡ്ജസ് അസോസിയേഷൻ കേസിലാണ് സുപ്രീം കോടതി ജൂഡീഷ്യൽ നിയമനത്തിന് മൂന്ന് വർഷത്തെ എക്സീപീരിയൻസ് വേണമെന്ന് ഉത്തരവിട്ടത്. 1996ൽ രൂപീകരിച്ച ഷെട്ടി കമീഷൻ ഇത് ഒഴിവാക്കണമെന്ന് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

