സംഭൽ ശാഹി മസ്ജിദ് വളപ്പിൽ സർവേ; വിധി പറയാൻ മാറ്റി
text_fieldsന്യൂഡൽഹി: യു.പി സംഭൽ ശാഹി ജമാ മസ്ജിദിൽ സർവേ നടത്താനുള്ള വിചാരണകോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജി സുപ്രീംകോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഇരുവിഭാഗങ്ങളുടെയും ഉത്തർപ്രദേശ് സർക്കാറിന്റെയും വാദങ്ങൾ പൂർത്തിയാക്കി വിധി പറയാൻ മാറ്റിയത്.
വിചാരണകോടതിയുടെ സർവേ ഉത്തരവ് ശരിവെച്ചുകൊണ്ടുള്ള അലഹബാദ് ഹൈകോടതിയുടെ 2025 മേയ് 19ലെ ഉത്തരവിനെ ചോദ്യം ചെയ്താണ് മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചത്. ശാഹി മസ്ജിദ് നിർമിച്ചത് മുമ്പ് അവിടെയുണ്ടായിരുന്ന ഹരിഹർ ക്ഷേത്രം തകർത്താണെന്ന് ആരോപിച്ച് ഹിന്ദു വിഭാഗം സമർപ്പിച്ച ഹരജിയിലാണ് 2024ൽ വിചാരണക്കോടതി സർവേ നടത്താൻ ഉത്തരവിട്ടത്. കേസിലെ പ്രധാന നടപടികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സർവേ ഉത്തരവിന്റെ സാധുത മാത്രമാണ് കോടതി പരിഗണിക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും നിലവിൽ നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഉത്തർപ്രദേശ് സർക്കാറിന് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് കോടതിയെ അറിയിച്ചു.
1991-ലെ ആരാധനാലയ നിയമത്തിന്റെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട വിഷയം നിലവിൽ സുപ്രീംകോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലാണെന്ന് മസ്ജിദ് കമ്മിറ്റിക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുസെഫ അഹമ്മദി ചൂണ്ടിക്കാട്ടി.
ആരാധനാലയങ്ങൾ തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച പുതിയ കേസുകൾ സ്വീകരിക്കുന്നതിനും നിലവിലുള്ള കേസുകളിൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനും രാജ്യത്തെ കോടതികൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് 2024 ഡിസംബർ 12-ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവും അദ്ദേഹം ഓർമിപ്പിച്ചു.
2024 നവംബർ 24-ന് സർവേ നടപടികൾക്കിടെ സംഭലിൽ ഉണ്ടായ പ്രതിഷേധത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

