രാഷ്ട്രീയ പോരാട്ടം കോടതിയിൽ വേണ്ട; മാസപ്പടിയിൽ വിജിലൻസ് അന്വേഷണ ഹരജി തള്ളി സുപ്രീംകോടതി
text_fieldsസുപ്രീം കോടതി
ന്യൂഡൽഹി: രാഷ്ട്രീയ പോരാട്ടം നടത്തേണ്ടത് വോട്ടർമാർക്കിടയിൽ ആണെന്നും കോടതിയിലല്ലെന്നും ആവർത്തിച്ചുപറഞ്ഞ് മാസപ്പടി കേസിലെ ഹരജി സുപ്രീംകോടതി തള്ളി. കേരള മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരെ വിജിലൻസ് അന്വേഷണത്തിന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനാണ് ഹരജി നൽകിയത്. കേരള സർക്കാറിനുവേണ്ടി ഹാജരായ മുൻ കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബലിന് വാദിക്കാൻ ഇട കൊടുക്കാതെയാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, മലയാളി ജഡ്ജി ജസ്റ്റിസ് വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ച് ഹരജി തള്ളിയത്.
കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനി കോടികൾ മാസപ്പടി കൈപ്പറ്റിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു മാത്യു കുഴൽനാടൻ എം.എൽ.എയുടെ ആവശ്യം. കുഴൽനാടനുവേണ്ടി മുതിർന്ന അഭിഭാഷകൻ ഗുരു കൃഷ്ണകുമാർ വാദം തുടങ്ങിയപ്പോഴേക്കും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ഇടപെട്ടു. സി.എം.ആർ.എല്ലും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയും തമ്മിൽ കരാർ ഉണ്ടെന്നും 1.72 കോടി ആ കമ്പനിക്ക് കൈമാറിയിട്ടുണ്ടെന്നും അഭിഭാഷകൻ വാദിച്ചിട്ടും കോടതി സമ്മതിച്ചില്ല.
കേസിലെ ചില കാര്യങ്ങൾ പരിശോധന അർഹിക്കുന്നതാണെന്ന് ഹൈകോടതി പറഞ്ഞിട്ടുണ്ടെന്ന് ഗുരു കൃഷ്ണകുമാർ ചൂണ്ടിക്കാട്ടിയെങ്കിലും അങ്ങനെ അല്ലെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രൻ ഖണ്ഡിച്ചു. എക്സാലോജിക് കമ്പനിക്കും വീണക്കും സി.എം.ആർ.എൽ കമ്പനി നൽകിയ 1.72 കോടി രൂപ മുഖ്യമന്ത്രിക്ക് നൽകിയ കൈക്കൂലി ആണെന്ന വാദവും സുപ്രീംകോടതി ചോദ്യം ചെയ്തു.
അതിനിടെ, ഹരജിക്കാരനായ മാത്യു കുഴൽനാടൻ എം.എൽ.എയുടെ പ്രളയകാലത്തെ ഇടപെടൽ മികച്ചതായിരുന്നെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ തന്റെ ബന്ധുവിനെ പ്രളയസമയത്ത് സഹായിച്ച വ്യക്തിയാണെന്ന് പറഞ്ഞു. പ്രളയത്തെക്കുറിച്ച് കൃത്യമായ അറിവുള്ള വ്യക്തിയാണെങ്കിലും അതിശയോക്തി കലർത്തുന്ന ആളാണെന്ന് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

