‘അദ്ദേഹത്തിന്റെ ഹരജി പരിഗണിക്കാൻ ആഗ്രഹിക്കുന്നില്ല’; മയക്കുമരുന്ന് കേസിൽ ശിക്ഷ നിർത്തിവെക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ഹരജി തള്ളി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന് വലിയ തിരിച്ചടിയായി, 1996ലെ മയക്കുമരുന്ന് കേസിൽ അദ്ദേഹത്തിന്റെ 20 വർഷത്തെ തടവ് ശിക്ഷ താൽക്കാലികമായി നിർത്തിവെക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ശിക്ഷ താൽക്കാലികമായി നിർത്തിവെക്കണമെന്ന അദ്ദേഹത്തിന്റെ ഹരജി ഞങ്ങൾ പരിഗണിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരിയും വിജയ് ബിഷ്‌ണോയിയും അധ്യക്ഷരായ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് പറഞ്ഞു.
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) ആക്ട്, ഇന്ത്യൻ പീനൽ കോഡ് (ഐ.പി.സി) എന്നിവ പ്രകാരം ശിക്ഷിക്കപ്പെട്ട ഗുജറാത്ത് കോടതിയുടെ കഴിഞ്ഞ വർഷത്തെ ഉത്തരവിനെതിരെ ഭട്ട് അപ്പീൽ നൽകിയിരുന്നു. ഈ കേസിൽ 2018ൽ അറസ്റ്റിലായ അദ്ദേഹം, 1990ൽ പ്രഭുദാസ് വൈഷ്ണാനിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്.
പാലൻപൂരിലെ ഹോട്ടൽ മുറിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തതായി ആരോപിച്ച് 1996ൽ രാജസ്ഥാൻ ആസ്ഥാനമായുള്ള അഭിഭാഷകൻ സുമർ സിങ് രാജ്പുരോഹിതിനെ ബനസ്‌കന്ത പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് എൻ.ഡി.പി.എസ് കേസ് ഉടലെടുത്തത്. അന്ന് പാലൻപൂരിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായിരുന്ന സഞ്ജീവ് ഭട്ട്, തന്നെ കുടുക്കാൻ മയക്കുമരുന്ന് അവിടെ കൊണ്ടുവെച്ചതായി രാജ്പുരോഹിത് ആരോപിച്ചു. സ്വത്ത് തർക്കത്തിന്റെ പേരിൽ തന്നെ ഉപദ്രവിക്കാനാണ് മയക്കുമരുന്ന് വെച്ചതെന്നും രാജ്പുരോഹിത് തന്റെ പരാതിയിൽ അവകാശപ്പെട്ടു. വിചാരണക്കു ശേഷം രാജ്പുരോഹിതിനെ വിട്ടയക്കുകയും ചെയ്തു.
ഭട്ട് ഇതിനകം ഏഴ് വർഷത്തിലേറെ ജയിൽ ശിക്ഷ അനുഭവിച്ചു കഴിഞ്ഞുവെന്നും വാണിജ്യേതര മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടുകഴിഞ്ഞുവെന്നും മുൻ വിചാരണകളിൽ ഭട്ടിനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. എന്നാൽ, ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അവിടെവെച്ച കറുപ്പ് ഒരു കിലോയിൽ കൂടുതലാണെന്നും ജയിൽ ശിക്ഷ താൽക്കാലികമായി നിർത്തിവെക്കരുതെന്നും ഗുജറാത്ത് സർക്കാറിനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ് വാദിച്ചു. ഒടുവിൽ കോടതി ഭട്ടിന്റെ ഹരജി തള്ളുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

