എഥനോൾ അളവ് പ്രദർശിപ്പിക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി
text_fieldsഡൽഹി: എഥനോൾ കലർന്ന പെട്രോളിലെ സുതാര്യത ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി. പെട്രോൾ പമ്പുകളിൽ എഥനോളിന്റെ ശതമാനം പ്രദർശിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഇന്ധന ബില്ലിലും രസീതിലും എഥനോൾ ശതമാനം രേഖപ്പെടുത്തണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.
അഭിഭാഷകനായ നരേന്ദ്ര ഗോസ്വാമിയാണ് കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. ഹർജിക്കാരന് ബന്ധപ്പെട്ട ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. പെട്രോളിൽ കലർത്തിയ എഥനോളിന്റെ ശതമാനം പമ്പുകളിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ഇതറിയാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ടെന്നും ഹരജിക്കാരൻ വാദിച്ചു. ആവശ്യം വ്യക്തിപരമല്ലെന്നും രാജ്യത്തെ പൗരന്മാരുടെ ആശങ്കയെ തുടർന്നുള്ളതാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്താണ് വാങ്ങുന്നതെന്ന് അറിയാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും ഹരജിക്കാരൻ വാദിച്ചു.
ഇന്ത്യയിലുടനീളമുള്ള പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ അടങ്ങിയിട്ടുള്ള എഥനോളിന്റെ ശതമാനം പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ഹരജി ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് സമർപ്പിച്ചത്. പെട്രോൾ വിതരണം ചെയ്യുന്ന നോസിലിലും ഇന്ധനത്തിൽ കലർത്തിയിട്ടുള്ള എഥനോളിന്റെ കൃത്യമായ ശതമാനം വ്യക്തമാക്കുന്ന ലേബൽ ഉണ്ടായിരിക്കണമെന്നും ഹരജിയിൽ പറയുന്നു.
പൊതുജനങ്ങൾക്ക് തിരയാൻ കഴിയുന്ന വാഹനങ്ങൾക്കനുസരിച്ചുള്ള അനുയോജ്യതാ ഡാറ്റാബേസ് സൃഷ്ടിക്കണമെന്നും ഹരജിയിലൂടെ ആവശ്യപ്പെട്ടു. വാഹന നിർമാതാവ്, മോഡൽ, എൻജിൻ തരം, നിർമാണ വർഷം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത എഥനോൾ മിശ്രിതങ്ങൾ വാഹനങ്ങൾക്ക് എത്രത്തോളം അനുയോജ്യമാണെന്ന് ഡാറ്റാബേസിൽ വ്യക്തമാക്കണം. ഉയർന്ന അളവിലുള്ള എഥനോൾ മിശ്രിതങ്ങൾ തങ്ങളുടെ വാഹനങ്ങൾക്ക് അനുയോജ്യമാണോ എന്ന് നിർണയിക്കാൻ ഇത്തരം വിവരങ്ങൾ ഉപഭോക്താക്കളെ സഹായിക്കുമെന്ന് നരേന്ദ്ര ഗോസ്വാമി നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഇന്ത്യയിൽ നിലവിലുള്ള വാഹനങ്ങളിൽ ഇ-20 പെട്രോൾ ഉപയോഗിക്കുന്നതിന്റെ യഥാർഥ അനുയോജ്യത പരിശോധിക്കാൻ സ്വതന്ത്ര വിദഗ്ധ സമിതി രൂപീകരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് എന്നിവയുടെ പ്രതിനിധികൾക്കും സ്വതന്ത്ര ഓട്ടോമൊബൈൽ എൻജിനീയർമാർക്കും നിർദിഷ്ട സമിതിയിൽ അംഗത്വമുണ്ടാകണം. പഴയ വാഹനങ്ങളിൽ ഇ-20 ഇന്ധനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതികവും പ്രായോഗികവുമായ ആശങ്കകൾ സമിതി പരിശോധിക്കണമെന്നും ഹരജിയിലൂടെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

