Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദാമ്പത്യ തർക്കം ഗർഭഛിദ്രത്തിന് മതിയായ കാരണമല്ലെന്ന് സുപ്രീം കോടതി

text_fields
bookmark_border
Supreme Court Flags Delhi Women’s Safety Concerns
cancel

ദാമ്പത്യ തർക്കങ്ങൾ ഗർഭച്ഛിദ്രത്തിന് മതിയായ കാരണമല്ലെന്ന് സുപ്രീംകോടതി. 25 ആഴ്ച ഗർഭിണിയായ ഭാര്യയുടെ ഗർഭച്ഛിദ്രം നടത്തണമെന്നാവശ്യപ്പെട്ട് ഭർത്താവ് സമർപ്പിച്ച ഹരജി തള്ളിയ കോടതി, ഭാര്യക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും പിൻവലിച്ച് സത്യവാങ്മൂലം നൽകാനും പരസ്യമായി മാപ്പുപറയാനും നിർദേശിച്ചു. കുടുംബ വാട്സ്ആപ് ഗ്രൂപ്പിൽ ഉൾപ്പെടെ ഭാര്യയുടെ സ്വഭാവത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങളും പിൻവലിക്കണമെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ദാമ്പത്യ തർക്കത്തിന്റെ പേരിൽ ആദ്യത്തെ ഗർഭധാരണം അവസാനിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകുന്നത് ആശങ്കാജനകമാണെന്നും കോടതി നിരീക്ഷിച്ചു. ഗർഭസ്ഥശിശുവിന് ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്താത്ത സാഹചര്യമുള്ളതിനാൽ കേവലം വാക്കുതർക്കത്തിന്റെ പേരിൽ ഗർഭച്ഛിദ്രം അനുവദിക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

പരസ്പരമുള്ള ഈഗോയെയും വാക്കുതർക്കത്തെയും തുടർന്ന് ഭാര്യയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കാൻ ഭർത്താവിനോട് ആവശ്യപ്പെട്ടു. നവംബർ നാലിന് കേസ് വീണ്ടും പരിഗണിക്കും.

ഗർഭച്ഛിദ്രവുമായി മുന്നോട്ടുപോയാൽ വിവാഹബന്ധം തുടരില്ലെന്ന് ഭർത്താവ് യുവതിയെ ഭീഷണിപ്പെടുത്തിയതായി ഇവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കുടുംബ വാട്സ്ആപ് ഗ്രൂപ്പിൽ ഭാര്യക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്ന ആരോപണവും ഇയാൾ ഉന്നയിച്ചതായി അഭിഭാഷകൻ പറഞ്ഞു. എന്നാൽ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്ന ആരോപണം ഭർത്താവിന്റെ അഭിഭാഷകൻ നിഷേധിച്ചിട്ടുണ്ട്. ഭാര്യക്കെതിരെ തെളിവുകളുണ്ടെന്നും എന്നാൽ ബന്ധം നിലനിർത്താനാണ് അവ പുറത്തുവിടാതിരുന്നതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ഗർഭം തുടരുന്നത് കടുത്ത മാനസികാഘാതത്തിന് ഇടയാക്കുമെന്നും അത് കുഞ്ഞിനെയും ബാധിക്കാമെന്നുമാണ് യുവതിയുടെ അഭിഭാഷകൻ വാദിച്ചത്. വിവാഹബന്ധം തുടരാൻ താൽപര്യമില്ലെന്നും യുവതി കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, ഭർത്താവും ഗർഭസ്ഥശിശുവിന്റെ അവകാശത്തെക്കുറിച്ച് വാദമുയർത്തി. ഭാര്യയെയും കുഞ്ഞിനെയും സംരക്ഷിക്കാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ലൈംഗികാതിക്രമമോ ബലാത്സംഗമോ ഉൾപ്പെട്ട കേസല്ല ഇതെന്നും വിവാഹബന്ധത്തിനുള്ളിലെ തർക്കമാണ് വിഷയമെന്നും കോടതി ചൂണ്ടിക്കാട്ടി. ഭർത്താവോ ഭർതൃവീട്ടുകാരോ മോശം വാക്കുകൾ ഉപയോഗിച്ചതിന്റെ പേരിൽ മാത്രം ഗർഭച്ഛിദ്രം അനുവദിക്കാനാവില്ലെന്നും വിവാഹമോചനം നേടിയ ശേഷം ഗർഭച്ഛിദ്രം തേടുന്ന സാഹചര്യത്തിൽനിന്ന് ഈ കേസിനെ വേർതിരിച്ചുകാണണമെന്നും ബെഞ്ച് നിരീക്ഷിച്ചു.

അതേസമയം, യുവതിയുടെ മാനസികാവസ്ഥ ദുർബലമാണെന്നും ഗർഭം തുടരുന്നത് മാനസികപ്രയാസം വർധിപ്പിക്കുമെന്നും മുംബൈയിലെ ഗ്രാന്റ് ഗവൺമെന്റ് മെഡിക്കൽ കോളജും ജെ.ജെ ആശുപത്രിയും ഉൾപ്പെട്ട മെഡിക്കൽ ബോർഡ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഗർഭച്ഛിദ്രം നടത്താമെന്ന് ബോർഡ് അഭിപ്രായപ്പെട്ടെങ്കിലും ജനിക്കുന്ന കുഞ്ഞിന് നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ ആവശ്യമായി വരാമെന്നും അതിനുശേഷവും ആരോഗ്യനില സംബന്ധിച്ച് ആശങ്കയുണ്ടാകാമെന്നും മുന്നറിയിപ്പ് നൽകിയതായാണ് വിവരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Marital Discord Not Ground for Abortion: Supreme Court
Next Story