കൻവാർ യാത്ര: കച്ചവടക്കാരുടെ മതം തിരിച്ചറിയാനുള്ള യോഗി സർക്കാറിന്റെ 'വിദ്വേഷ കോഡി'ന് തൽക്കാലം സുപ്രീംകോടതി സ്റ്റേയില്ല
text_fieldsന്യൂഡൽഹി: കൻവാർ യാത്രവഴിയിലെ കച്ചവടക്കാരുടെ മതം തിരിച്ചറിയാനുള്ള യോഗി ആദിത്യനാഥ് സർക്കാറിന്റെ വിദ്വേഷ കോഡിന് സുപ്രീംകോടതിയുടെ സ്റ്റേയില്ല. ഉടമകളുടെ മതം ഉൾപ്പടെയുള്ള വിവരങ്ങൾ തിരിച്ചറിയുന്നതിനാണ് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് ഭരണകൂടങ്ങൾ ക്യൂ ആർ കോഡ് സ്ഥാപിക്കാൻ നിർദേശിച്ചത്. ഇപ്പോൾ ഇക്കാര്യത്തിൽ നിർദേശങ്ങൾ പുറപ്പെടുവിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഭക്ഷ്യശാലകൾ ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ പ്രദർശിപ്പിക്കണമെന്ന് കോടതി വ്യക്തമാക്കി. എം.എം സുന്ദരേഷ്, കോട്ടിസവാർ സിങ് എന്നിവരുൾപ്പെടുന്ന രണ്ടംഗ ബെഞ്ചാണ് ഇതുസംബന്ധിച്ച ഹരജി പരിഗണിച്ചത്.
കൻവാർ തീർഥയാത്ര വഴിയിലെ ഭക്ഷണശാലകളിൽ ഉടമകളുടെ പേര് ഉൾപ്പെടെയുള്ള വിവരങ്ങളടക്കം വെളിപ്പെടുത്തുന്ന ക്യു.ആർ കോഡുകൾ പ്രദർശിപ്പിക്കണമെന്ന സർക്കാർ നിർദേശത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാറിന് നോട്ടീസ് അയച്ചിരുന്നു.
കൻവാർ യാത്രാ വഴിയിലെ ഭക്ഷണശാലകളിൽ ഉടമകളുടെയും ജീവനക്കാരുടെയും മതപരവും ജാതിപരവുമായ വിവരങ്ങൾ വെളിപ്പെടുത്തുന്ന വിശദാംശങ്ങൾ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സർക്കാറുകൾ പുറപ്പെടുവിച്ച സമാനമായ നിർദേശങ്ങൾ കഴിഞ്ഞ വർഷം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
എല്ലാ വർഷവും ഒരു മാസം നീണ്ടുനിൽക്കുന്ന കൻവാർ യാത്ര, തീർത്ഥാടകർ വളരെ ദൂരം നടന്ന് ഗംഗാ ജലം ശേഖരിച്ച് ശിവക്ഷേത്രത്തിൽ സമർപ്പിക്കുന്ന ചടങ്ങാണ്. ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലൂടെയാണ് കൻവാർ യാത്ര കടന്നു പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

