ബിഹാർ വോട്ടർപട്ടിക പുതുക്കൽ: ആധാർ, റേഷൻ, വോട്ടേഴ്സ് ഐ.ഡി എന്നിവ തിരിച്ചറിയൽ രേഖകളായി അംഗീകരിക്കണം -സുപ്രീംകോടതി
text_fieldsസുപ്രീം കോടതി
ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക പുതുക്കലിൽ നിർണായക നിർദേശവുമായി സുപ്രീംകോടതി. വോട്ടർമാർ ഐഡിന്റിറ്റി തെളിയിക്കാൻ നൽകേണ്ട രേഖകളായി ആധാർ, റേഷൻ കാർഡ്, വോട്ടേഴ്സ് ഐഡിന്റിറ്റി കാർഡ് എന്നിവ ഉപയോഗിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സുധേഷ് ധൂരില, ജോയ്മാല ബാഗി എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് തീരുമാനം. വോട്ടർ പട്ടിക പരിഷ്‍കരിക്കുന്ന നടപടികൾ തുടരാമെന്നും കോടതി.
അതേസമയം, കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. പകരം വിഷയം പരിഹരിക്കാൻ എന്ത് ചെയ്യാൻ കഴിയുമെന്നത് പരിശോധിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ, വോട്ടര്‍ പട്ടിക പരിഷ്കരിക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തെ സുപ്രീം കോടതി ചോദ്യം ചെയ്യുകയും ചെയ്തു. വോട്ടര്‍പട്ടികയില്‍ തിരക്കിട്ട് പ്രത്യേക പുതുക്കല്‍ നടത്തുന്നതിനെയാണ് കോടതി വിമര്‍ശിച്ചത്. വോട്ടര്‍പട്ടികയില്‍ നടത്തുന്ന പരിശോധനയല്ല പ്രശ്‌നമെന്നും എന്നാല്‍ അത് നടത്തുന്ന സമയമാണ് പ്രശ്നമെന്നും കോടതി വ്യക്തമാക്കി.
വോട്ടര്‍ പട്ടികയില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് അക്കാര്യം കോടതിയെ അറിയിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ പറഞ്ഞു. കോടതിയുടെ അനുമതിയോടെ മാത്രമേ അടുത്ത നടപടിയിലേക്ക് കടക്കൂ. ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ വലിയ തോതില്‍ ആളുകളെ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കുകയും ചെയ്തിട്ടുണ്ടെന്നും അത് വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞമാസം പ്രത്യേക വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് കമീഷന്‍ ഉത്തരവിട്ടത്.
കമീഷന്‍റെ നടപടി ഏകപക്ഷീയവും വിവേചനപരവുമാണെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശങ്കരനാരായണന്‍ കോടതിയില്‍ ആരോപിച്ചു. കമീഷന്റെ അധികാരത്തെയല്ല, മറിച്ച് അത് നടത്തുന്ന രീതിയെ മാത്രമാണ് ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിലോ ചട്ടങ്ങളിലോ ഇല്ലാത്ത തീവ്രപരിഷ്‌കരണമാണ് കമ്മീഷന്‍ നടത്തുന്നതെന്നും ഹരജിക്കാര്‍ ആരോപിച്ചു. ആർ.ജെ.ഡി, യോഗേന്ദ്ര യാദവ്, സന്നദ്ധ സംഘടനകള്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

