
അഭിപ്രായ സ്വാതന്ത്ര്യം പരമമല്ലെന്ന് സുപ്രീം കോടതി; 'താണ്ഡവ്' നിർമാതാക്കളെയും അഭിനേതാക്കളെയും അറസ്റ്റ് ചെയ്യാം
text_fieldsഅഭിപ്രായ സ്വാതന്ത്ര്യം പരമമല്ലെന്ന് സുപ്രീം കോടതി; 'മതവികാരം വൃണപ്പെടുത്തിയ' 'താണ്ഡവ്' നിർമാതാക്കളെയും അഭിനേതാക്കളെയും അറസ്റ്റ് ചെയ്യാം
ന്യൂഡൽഹി: മതവികാരം വൃണപ്പെടുത്തുകയും മതത്തെ പൊതുമധ്യത്തിൽ പരിഹസിക്കുകയും ചെയ്തെന്ന പരാതിയിൽ 'താണ്ഡവ്' വെബ് പരമ്പരയുടെ അണിയറയിൽ പ്രവർത്തിച്ചവെരയും അഭിനേതാക്കളെയും അറസ്റ്റ് ചെയ്യാമെന്ന് സുപ്രീം കോടതി.
സംവിധായകൻ അലി അബ്ബാസ് സഫർ, നിർമാതാവ് ഹിമാൻഷു മെഹ്റ, രചന നിർവഹിച്ച ഗൗരവ് സോളങ്കി, അഭിനേതാവ് മുഹമ്മദ് സീഷൻ അയ്യൂബ് തുടങ്ങിയവർ വെവ്വേറെ സമർപ്പിച്ച ഹരജികൾ പരിഗണിച്ചാണ് പരമോന്നത കോടതി ഇവരുടെ അറസ്റ്റിന് അവസരം തുറന്നുനൽകിയത്.
മതവികാരം വൃണപ്പെടുത്തിയെന്ന് കാണിച്ച് ഇവർക്കെതിരെ ഉത്തർ പ്രേദശ്, മധ്യപ്രദേശ്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കേസ് നിലനിൽക്കുന്നുണ്ട്. ഉത്തർ പ്രദേശിൽ മാത്രം മൂന്നു കേസുകളുണ്ട്- അലിഗഢ്, ഗ്രേറ്റർ നോയ്ഡ, ഷാജഹാൻപൂർ പൊലീസ് സ്റ്റേഷനുകളിൽ.
വിവിധ സംസ്ഥാനങ്ങളിൽ ഇവർക്കെതിരെ എടുത്ത കേസുകൾ ഒന്നാക്കാൻ സുപ്രീം കോടതി ബുധനാഴ്ച നിർദേശം നൽകി.
ബോളിവുഡ് താരനിരയായ സെയ്ഫ് അലി ഖാൻ, ഡിംപിൾ കപാഡിയ എന്നിവർ പ്രധാന കഥാപാത്രങ്ങളുടെ വേഷമണിയുന്ന 'താണ്ഡവി'ൽ സീഷൻ അയ്യൂബ് അണിഞ്ഞ വേഷം ഭഗവാൻ ശിവെൻറ വേഷമണിഞ്ഞ് 'ആസാദി' െമാഴിയുന്ന ഭാഗമാണ് വിമർശന ശരമേറ്റുവാങ്ങിയത്.
ജനുവരി 15ന് ആമസോൺ പ്രൈം റിലീസ് ചെയ്ത പരമ്പരക്കെതിരെ സമൂഹ മാധ്യമങ്ങളിലും അല്ലാതെയും വിമർശനം ശക്തമായതോടെ നിർമാതാക്കൾ പരസ്യമായി മാപ്പപേക്ഷിച്ചിരുന്നു.
പിന്നാലെ അറസ്റ്റ് നടപടികളുമായി വിവിധ സംസ്ഥാനങ്ങൾ മുന്നോട്ടുപോകുന്നത് അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ സുപ്രീം കോടതിയിലെത്തിയ കേസിലാണ് ബുധനാഴ്ച വിധി പറഞ്ഞത്. മുൻകൂർ ജാമ്യം ലഭിക്കാൻ വേണമെങ്കിൽ അതത് ഹൈക്കോടതികളെ സമീപിക്കാമെന്നും ജസ്റ്റീസുമാരായ അശോക് ഭൂഷൺ, ആർ.എസ് റെഡ്ഡി, എം.ആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയ അകത്തളങ്ങളിൽ അരങ്ങുതകർക്കുന്ന പിന്നാമ്പുറ കളികൾ തുറന്നുകാട്ടുന്ന പരമ്പര ഏറെ ജനപ്രീതി നേടിയിരുന്നു. പക്ഷേ, ഇതിനെതിരെ ബി.ജെ.പിയുൾപെടെ രംഗത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിലും വിമർശനം ശക്തമായി. ഘട്കോപാറിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ മഹാരാഷ്ട്ര നിയമസഭയിലെത്തിയ രാം ഖദം ആണ് പരാതി നൽകിയത്. പരമ്പരയുടെ 17ാം മിനിറ്റിൽ ഹിന്ദു ദേവൻമാരുടെയും ദേവതകളുടെയും വേഷമണിഞ്ഞവർ മതവികാരം വൃണപ്പെടുത്തുന്ന പരാമർശം നടത്തുന്നതായാണ് ആക്ഷേപം.
വിവാദം കത്തിയതോടെ ആമസോൺ പ്രൈം കമ്പനി നേരിട്ട് വിശദീകരണം നൽകാൻ കേന്ദ്ര വാർത്താ വിതരണ, പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കറും ആവശ്യപ്പെട്ടു.
അറസ്റ്റ് ഒഴിവാക്കാൻ ആവശ്യപ്പെട്ട് ആമസോൺ പ്രൈം ഇന്ത്യ മേധാവി അപർണ പുരോഹിത് നൽകിയ പരാതിയും സുപ്രീം കോടതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
