‘സ്കൂൾ ശരിയാക്കൂ’ കാമ്പയിന് പിന്നാലെ മാധ്യമ വിലക്ക്; ഹരജി കേൾക്കാതെ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സർക്കാർ സ്കൂളുകളിൽ മാധ്യമ പ്രവർത്തകർക്കും പൗരാവകാശ പ്രവർത്തകർക്കും സമൂഹമാധ്യമ ഇൻഫ്ലുവൻസർമാർക്കും വിവിധ സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ വിലക്ക് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഉത്തർപ്രദേശ്, രാജസ്ഥാൻ സർക്കാറുകളാണ് നിയന്ത്രണം കൊണ്ടുവന്നത്. സ്കൂൾ വളപ്പിൽ പ്രവേശിക്കുന്നതും ഫോട്ടോ, വിഡിയോ, ഇന്‍റർവ്യൂ, ലൈവ്‍ സ്ട്രീമിങ് എന്നിവയും നിരോധിച്ചിട്ടുണ്ട്. ഭരണഘടനയുടെ 32ാം വകുപ്പിന് പ്രിയ മിശ്ര എന്ന വ്യക്തിയാണ് റിട്ട് ഹരജി സമർപ്പിച്ചത്. ആഗ്ര ഉൾപ്പെടെ ഉത്തർപ്രദേശിന്‍റെ വിവിധ ജില്ലകളിൽ സമാന ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ സുരക്ഷയും അന്തസ്സും സംബന്ധിച്ച് പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറാനുള്ള സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണ് നിരോധന ഉത്തരവെന്നാണ് ഹരജിയിലെ വാദം. സ്കൂൾ കെട്ടിടത്തിന്‍റെയും ക്ലാസ് മുറികളുടെയും അവസ്ഥ, ശൗചാലയ ലഭ്യത, വൈദ്യുതി, കുടിവെള്ളം, ഉച്ചഭക്ഷണം എന്നിവയുടെ ലഭ്യത മുതലായ കാര്യങ്ങൾ രേഖപ്പെടുത്തുന്നതിനും പരസ്യപ്പെടുത്തുന്നതിനുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഹരജി വിശദമാക്കുന്നു.
കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി)യുടെ ‘സ്കൂൾ ശരിയാക്കൂ’ കാമ്പയിൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വിലക്കേർപ്പെടുത്തിയത്. ഗ്രാമപ്രദേശങ്ങളിലെ സർക്കാർ സ്കൂളുകളിലെ പിന്നാക്കാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സി.ജെ.പിയുടെ കാമ്പയിൻ. ജയ്പൂരിലെ ഒരു പ്രൈമറി സ്കൂളിലെത്തിയ സി.ജെ.പി പ്രവർത്തകർക്കുനേരെ കൈയേറ്റമുണ്ടായി. അതേ സ്കൂൾ കഴിഞ്ഞ ദിവസം സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ പൊളിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

