മതപരിവർത്തന നിരോധന നിയമം മതേതര രാജ്യത്തിന് ചേർന്നതല്ല -സുപ്രീംകോടതി
text_fieldsസുപ്രീം കോടതി
ന്യൂഡൽഹി: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമത്തിലെ വ്യവസ്ഥകൾക്കെതിരെ കടുത്ത വിമർശനവുമായി സുപ്രീംകോടതി. മതം മാറുന്ന വ്യക്തി മാതംമാറ്റത്തിനു മുമ്പും ശേഷവും സമർപ്പിക്കേണ്ട പ്രഖ്യാപനങ്ങൾ പോലുള്ള നടപടിക്രമങ്ങൾ ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം ദുഷ്കരമാണെന്നും അധികൃതർ അമിതമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. മറ്റൊരു മതത്തിലേക്ക് മാറുന്നയാളുടെ വ്യക്തിപരമായ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നത് ഭരണഘടനയിലെ സ്വകാര്യതാ അവകാശങ്ങളുമായി ചേർന്നുപോകുന്നതാണോ എന്നത് വിശദമായി പരിശോധിക്കേണ്ട കാര്യമാണെന്നും ബെഞ്ച് വ്യക്തമാക്കി.
ഓരോ മതപരിവർത്തനം സംബന്ധിച്ചും പൊലീസ് അന്വേഷണത്തിന് ഉത്തരവ് നൽകാന് ജില്ല മജിസ്ട്രേറ്റിനെ അധികാരപ്പെടുത്തുന്ന വ്യവസ്ഥയെയും കോടതി ചോദ്യം ചെയ്തു. ഇന്ത്യ മതേതര രാജ്യമാണെന്നും ഏത് മതവും സ്വീകരിക്കാനും സ്വതന്ത്രമായി പ്രഘോഷിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്നതാണെന്നും യു.പി സർക്കാറിനെ കോടതി ഓർമിപ്പിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും മതപരിവർത്തന വിരുദ്ധ നിയമത്തിലെയും വിവിധ വ്യവസ്ഥകൾക്ക് കീഴിൽ രജിസ്റ്റർ ചെയ്ത അഞ്ച് ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. അതിലൊരു കേസ് വിശ്വഹിന്ദു പരിഷത്ത് ഫയൽ ചെയ്തതാണ്. ഈ അഞ്ച് കേസുകളിലെയും എഫ്.ഐ.ആറുകൾ കോടതി റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

