ആക്ടിങ് ഡി.ജി.പി നിയമനം: തമിഴ്നാടിനെതിരെ സുപ്രീംകോടതി
text_fieldsസുപ്രീം കോടതി
ന്യൂഡൽഹി: ആക്ടിങ് ഡി.ജി.പിയെ നിയമിച്ച തമിഴ്നാട് സർക്കാറിെന്റ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതി. സ്ഥിര നിയമനത്തിനുള്ള പട്ടിക ഉടൻ നൽകാൻ യു.പി.എസ്.സിക്ക് നിർദേശം നൽകുകയും ചെയ്തു.
ആഗസ്റ്റ് 31ന് വെങ്കട്ടരാമനെ ആക്ടിങ് ഡി.ജി.പിയായി നിയമിച്ചതിനെതിരായ കോടതിയലക്ഷ്യ ഹരജിയാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, അതുൽ എസ്. ചന്ദൂർകർ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. ഡി.ജി.പി നിയമന പാനലിൽ തെന്റ പേരും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുതിർന്ന ഉദ്യോഗസ്ഥൻ സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിനെ സമീപിച്ച സാഹചര്യത്തിൽ ഡി.ജി.പിയെ നിയമിക്കാൻ സാധിക്കില്ലെന്ന് സംസ്ഥാനത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി വാദിച്ചു. തുടർന്നാണ് എത്രയും വേഗം വിഷയം പരിഗണിക്കാൻ യു.പി.എസ്.സിക്ക് നിർദേശം നൽകിയത്. യു.പി.എസ്.സി ശിപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ സ്ഥിരം ഡി.ജി.പിയെ നിയമിക്കാൻ നടപടി സ്വീകരിക്കണം.
അഭിഭാഷകനായ ഹെന്റി തിഫാഗ്നെയാണ് സർക്കാർ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ആക്ടിങ് ഡി.ജി.പിയെ നിയമിച്ചത് 2018ലെ സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. നിലവിലെ ഡി.ജി.പി വിരമിക്കുന്നതിന് മൂന്നുമാസം മുമ്പ് പുതിയ നിയമനത്തിനുള്ള പട്ടിക സംസ്ഥാന സർക്കാർ യു.പി.എസ്.സിക്ക് നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

