വോട്ടുവെട്ടലും പൗരത്വവും: കമീഷനോട് ചോദ്യങ്ങളുമായി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഒരാളുടെ പൗരത്വം റദ്ദാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ അന്തിമ തീരുമാനം എടുക്കുന്നതിനു മുമ്പ് അയാളെ വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റാൻ ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫിസർക്ക് (ഇ.ആർ.ഒ) കഴിയുമോ എന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ആരാഞ്ഞ് സുപ്രീംകോടതി.
പ്രായപൂർത്തിയായ ഇന്ത്യൻ പൗരന് വോട്ട് ചെയ്യാൻ അവകാശം നൽകുന്ന 326ാം വകുപ്പും ജനപ്രാതിനിധ്യ നിയമവും വോട്ടർമാരുടെ രജിസ്ട്രേഷൻ സംബന്ധിച്ച 1960ലെ ചട്ടങ്ങളും പ്രത്യേക ഉദ്ദേശ്യങ്ങൾക്കായി വ്യക്തികളുടെ പൗരത്വം സംബന്ധിച്ച് ഇ.ആർ.ഒകൾ മുഖേന അന്വേഷണം നടത്താൻ തെരഞ്ഞെടുപ്പ് കമീഷനെ അധികാരപ്പെടുത്തുന്നുണ്ടെന്ന് കമീഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി ബോധിപ്പിച്ചപ്പോഴാണ് തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആർ)ത്തിനെതിരായ ഹരജി പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചി ഇതു സംബന്ധിച്ച് കമീഷനോട് ചോദ്യം ഉന്നയിച്ചത്.
വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിനായി ഒരാളുടെ പൗരത്വം പരിശോധിച്ച് തിട്ടപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമീഷനും കമീഷന്‍റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഇ.ആർ.ഒക്കും അധികാരമുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞു.
എസ്.ഐ.ആർ വേളയിൽ യോഗ്യതയില്ലെന്ന് കണ്ടെത്തുന്നവരുടെ പേര് പട്ടികയിൽനിന്ന് വെട്ടുകയാണ് ചെയ്യുക, അത് ഒരാളുടെ നാടുകടത്തിലിന് ഇടയാക്കില്ല, അയാൾ ഇന്ത്യയിൽ തുടരണമോ, നാടു കടത്തപ്പെടണമോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാറാണ് തീരുമാനം എടുക്കുകയെന്നും അഭിഭാഷകൻ വാദിച്ചു.
പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർക്ക് അപ്പീൽ നൽകാൻ അവകാശമുണ്ട്. ചിലരുടെ കാര്യത്തിൽ ഇത്തരം പ്രശ്നം ഉയർന്നു വന്നതുകൊണ്ട് എസ്.ഐ.ആർ പ്രക്രിയ അപ്പാടെ നിർത്തിവെക്കാനാകില്ല, ചില വ്യക്തികളുടെ കാര്യത്തിൽ കേന്ദ്രം അന്തിമ തീരുമാനം എടുക്കുന്നതു വരെ കാത്തിരിക്കാനുമാകില്ല. ഒഴിവാക്കപ്പെടുന്നവർക്ക് അപ്പീൽ നൽകാം.
ഇ.ആർ.ഒയുടെ തീരുമാനം റദ്ദാക്കപ്പെട്ടാൽ അവർക്ക് തിരികെ പട്ടികയിൽ ഇടം നേടുകയും ചെയ്യാമെന്ന് രാകേഷ് ദ്വിവേദി വിശദീകരിച്ചു. എസ്.ഐ.ആർ പ്രക്രിയ നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്‍റെ തീരുമാനം ചോദ്യം ചെയ്ത് പരമോന്നത കോടതിയിൽ സമർപ്പിച്ച ഹരജികളിൽ വാദം കേൾക്കൽ വ്യാഴാഴ്ച തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

