Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യയെ ‘മണ്ടി, ഒന്നിനും കൊള്ളാത്തവൾ’ എന്ന് വിളിക്കുന്നത് ക്രിമിനൽ കുറ്റമല്ല; ഭർത്താവിനെതിരായ കേസ് റദ്ദാക്കി സുപ്രീംകോടതി

text_fields
bookmark_border
https://www.madhyamam.com/tags/sir
cancel

ന്യൂഡൽഹി: ഭാര്യയെ ‘മണ്ടി’, ‘കൊള്ളാത്തവൾ’ എന്ന് വിളിച്ചതുകൊണ്ടുമാത്രം ഇന്ത്യൻ ശിക്ഷാനിയമത്തിലെ 498എ വകുപ്പ് പ്രകാരമുള്ള ക്രൂരതയുടെ കുറ്റം നിലനിൽക്കില്ലെന്ന് സുപ്രീംകോടതി. ഇത്തരം പരാമർശങ്ങൾ ഭർത്താവിന്റെ സ്വഭാവത്തെയോ പെരുമാറ്റത്തെയോ പ്രതിഫലിപ്പിച്ചേക്കാം. എന്നാൽ, അതിന്റെ പേരിൽ മാത്രം ഭാര്യയുടെ മരണത്തിന് ഭർത്താവിനെ ക്രിമിനൽ ഉത്തരവാദിയാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

കാനഡയിൽ ഭാര്യ മരിച്ചതുമായി ബന്ധപ്പെട്ട് സ്ത്രീധനമരണം, ക്രൂരത തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ഭർത്താവിനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ നടപടികൾ റദ്ദാക്കിയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, മന്മോഹൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ഭർത്താവിനെതിരായ നടപടികൾ റദ്ദാക്കാൻ വിസമ്മതിച്ച ബോംബെ ഹൈകോടതിയുടെ ഔറംഗാബാദ് ബെഞ്ചിന്റെ ഉത്തരവും സുപ്രീംകോടതി റദ്ദാക്കി.

2021ൽ വിവാഹിതരായ ദമ്പതികൾ 2022ൽ കാനഡയിലെ ടൊറന്റോയിലേക്ക് താമസം മാറിയിരുന്നു. പിന്നീട് 2023 ജൂൺ 11നാണ് യുവതി അപ്പാർട്ട്മെന്റിന്റെ 22ാം നിലയിൽനിന്ന് ചാടി മരിച്ചത്. ജോലി കണ്ടെത്താൻ കഴിയാത്തതിലുള്ള നിരാശയും ജീവിതം അവസാനിപ്പിക്കാനുള്ള ആഗ്രഹവും വ്യക്തമാക്കുന്ന കുറിപ്പ് യുവതിയുടെ മുറിയിൽനിന്ന് കണ്ടെത്തിയിരുന്നു. കുറിപ്പിൽ ഭർത്താവിനെയോ കുടുംബത്തെയോ കുറ്റപ്പെടുത്തിയിരുന്നില്ല.

എന്നാൽ യുവതിയുടെ പിതാവ് ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി നൽകുകയായിരുന്നു. വിവാഹത്തിന് മുമ്പ് 15 പവൻ സ്വർണം സ്ത്രീധനമായി ആവശ്യപ്പെട്ടെന്നും വിവാഹശേഷമുള്ള ആദ്യ ദീപാവലിക്ക് സ്വർണവളയും മോതിരവും നൽകിയെന്നും 2022ൽ പിന്നീട് മൂന്ന് പവൻ സ്വർണം കൂടി നൽകിയെന്നും പരാതിയിൽ ആരോപിച്ചിരുന്നു. ഭർത്താവ് യുവതിയെ അധിക്ഷേപിക്കുകയും ‘മണ്ടി’, ‘കൊള്ളാത്തവൾ’ എന്ന് വിളിക്കുകയും ചെയ്തിരുന്നുവെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്.

എന്നാൽ, കാനഡയിലെ കൊറോണർ അന്വേഷണ റിപ്പോർട്ടിലും 2024ലെ ടൊറന്റോ പൊലീസ് അന്വേഷണ റിപ്പോർട്ടിലും സംഘർഷത്തിന്റെയോ ദുരൂഹതയുടെയോ സൂചനകളില്ലെന്ന് കണ്ടെത്തിയിരുന്നു. കുറിപ്പിലെ കൈയക്ഷരം യുവതിയുടേതാണെന്നും സി.സി.ടി.വി ദൃശ്യങ്ങൾ പ്രകാരം സംഭവം നടന്ന സമയത്ത് ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.

ഭർത്താവിനെതിരായ കേസ് റദ്ദാക്കാൻ ബോംബെ ഹൈകോടതി വിസമ്മതിച്ചതിന് പിന്നാലെ 2025ലാണ് ഭർത്താവ് സുപ്രീംകോടതിയെ സമീപിച്ചത്. തുടർന്ന് സ്ത്രീധന ആവശ്യവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ യുവതിയുടെ മരണത്തിന് മുമ്പ് ഉന്നയിക്കപ്പെട്ടിരുന്നില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഭർത്താവോ കുടുംബമോ സ്ത്രീധനം ആവശ്യപ്പെട്ടെന്ന ആരോപണം 2023 ജൂൺ 11ന് യുവതി മരിക്കുന്നതുവരെ ഉണ്ടായിരുന്നില്ല. സ്ത്രീധന ആരോപണങ്ങൾ 2021, 2022 വർഷങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിലും യുവതിയുടെ മരണശേഷമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇത് സംശയത്തിന് ഇടനൽകുന്നുവെന്നും കോടതി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Calling Wife 'Stupid', 'Useless' Cannot By Itself Amount To Cruelty: Supreme Court Quashes FIR Against Husband Over Wife's Suicide
Next Story