ജന്തർമന്തറിൽ പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ ലൈംഗികാതിക്രമം; നിർണായക ഇടപെടലുമായി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ ലൈംഗികാതിക്രമവും കൈയേറ്റവും ഉണ്ടായെന്ന പരാതിയിൽ സുപ്രീംകോടതി ഇടപെട്ടു. സംഭവത്തിൽ അന്വേഷണത്തിനായി വിരമിച്ച വനിതാ ജഡ്ജിയും വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും ഉൾപ്പെടുന്ന സമിതി രൂപവത്കരിക്കുന്ന കാര്യമാണ് പരമോന്നത കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നെറ്റ്വർക്ക് ഓഫ് വിമൻ ഇൻ മീഡിയ, ഇന്ത്യ (എൻ.ഡബ്ല്യു.എം.ഐ) സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ കൈയേറ്റം, ഭീഷണി, നിയമവിരുദ്ധമായി തടങ്കലിൽ വെക്കൽ തുടങ്ങിയ സംഭവങ്ങൾ തടയാൻ ഫലപ്രദമായ നടപടികൾ വേണമെന്നാണ് ഹരജിയിലെ ആവശ്യം. മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് ആണ് പരാതിക്കാർക്ക് വേണ്ടി കോടതിയിൽ ഹാജരായത്.
പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകർ പ്രധാനമായും വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് ഇന്ദിര ജയ്സിങ് ചൂണ്ടിക്കാട്ടി. അഭിപ്രായപ്രകടനത്തിനും പ്രതിഷേധത്തിനുമുള്ള അവകാശത്തിനൊപ്പം തൊഴിൽ ചെയ്യാനുള്ള അവകാശവും മാധ്യമപ്രവർത്തകർക്കുണ്ടെന്ന് അവർ കോടതിയിൽ കൂട്ടിച്ചേർത്തു. പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ വനിതാ മാധ്യമപ്രവർത്തകരെ പുരുഷ ഉദ്യോഗസ്ഥർ പിടിച്ചുതള്ളുകയും കൈയേറ്റം ചെയ്യുകയും ചെയ്തതായും പറയുന്നു. അതേസമയം, ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള അതിക്രമങ്ങൾ നേരിട്ട വനിതാ മാധ്യമപ്രവർത്തകർക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യവും പരിഗണിക്കണമെന്ന് ഇന്ദിര ജയ്സിങ് കോടതിയോട് ആവശ്യപ്പെട്ടു. നേരത്തേ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി രൂപവത്കരിച്ച അന്വേഷണ സമിതിയിൽനിന്ന് വ്യത്യസ്തമായിരിക്കണം പുതിയ സമിതിയെന്നും അവർ ചൂണ്ടിക്കാട്ടി. ജോലിസ്ഥലത്തെ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കണം സമിതി രൂപവത്കരിക്കേണ്ടതെന്നും അവർ ആവശ്യപ്പെട്ടു. സേവനത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ സമിതിയിൽ ഉൾപ്പെടുത്തരുതെന്നും വിരമിച്ച വനിതാ ജഡ്ജിയും വിരമിച്ച വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും പ്രതിനിധികളും സമിതിയിലുണ്ടാകണമെന്നുമായിരുന്നു നിർദേശം.
പരാതികളുടെ വിശദാംശങ്ങളും മൊഴി നൽകാൻ തയാറായ വനിതാ മാധ്യമപ്രവർത്തകരുടെ പേരുകളും മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറാൻ ഇന്ദിര ജയ്സിങ് അനുമതി തേടി. പരാതിക്കാരുടെ വ്യക്തിത്വവും സ്വകാര്യതയും സംരക്ഷിക്കേണ്ടതിനാൽ വിവരങ്ങൾ അതീവ ജാഗ്രതയോടെയും സംവേദനക്ഷമതയോടെയും കൈകാര്യം ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സമിതിയിലേക്ക് പരിഗണിക്കാവുന്നവരുടെ പേരുകളും പ്രത്യേക മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ കോടതി നിർദേശിച്ചു. വിവരങ്ങൾ ലഭിച്ചശേഷം വിഷയത്തിൽ ഉത്തരവ് പുറപ്പെടുവിക്കാനാണ് കോടതിയുടെ നീക്കം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

