ഭക്ഷ്യ ലേബലിങ് ചട്ടങ്ങൾ അപര്യാപ്തമെന്ന് പരാതി; സർക്കാരിന്റെ കരട് നിർദേശത്തിനെതിരെ സുപ്രീം കോടതിയിൽ ഹരജി
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: പാക്കറ്റ് ഭക്ഷണങ്ങളിലും പാനീയങ്ങളിലും ചുവന്ന മുന്നറിയിപ്പ് ലേബലുകൾ പതിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ കരട് നിർദേശത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ആരോഗ്യ പ്രവർത്തകർ. ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയിൽ ഏതെങ്കിലും രണ്ടെണ്ണത്തിന്റെ അളവ് ഉയർന്നാൽ മാത്രമേ ചുവന്ന മുന്നറിയിപ്പ് നൽകാവൂ എന്ന പുതിയ സർക്കാർ വ്യവസ്ഥ പൊതുജനാരോഗ്യത്തെ അവഗണിക്കുന്നതും വ്യവസായ മേഖലക്ക് അനുകൂലമായ ഒരു പഴുത് ഉണ്ടാക്കുന്നതുമാണെന്നാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജിയിലെ പ്രധാന ആരോപണം.
100 ബില്യൺ ഡോളറിലധികം വിപണി മൂല്യമുള്ള പാക്കറ്റ് ഭക്ഷണ-പാനീയ നിർമാണ മേഖലയെ ആകെ ഞെട്ടിച്ചതാണ് ഈ ലേബലിങ് നിർദേശം. എന്നാൽ ഈ നിയമം വളരെ അയഞ്ഞതാണെന്നും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ഇത് പര്യാപ്തമല്ലെന്നും ചൂണ്ടിക്കാണിച്ചാണ് ആക്റ്റിവിസ്റ്റുകൾ രംഗത്തെത്തിയിരിക്കുന്നത്. '3S ആന്റ് ഔർ ഹെൽത്ത്' എന്ന സന്നദ്ധ സംഘടനയാണ് ഈ വിഷയത്തിൽ സുപ്രീം കോടതിയിൽ ആദ്യമായി ഔദ്യോഗിക പരാതി നൽകിയിരിക്കുന്നത്. പഞ്ചസാരയുടെ അളവ് മാത്രം ഉയർന്നാലും അത് ഗുരുതരമായ പ്രമേഹ സാധ്യത ഉണ്ടാക്കുമെന്നും, അതിനാൽ രണ്ട് ഘടകങ്ങൾ നിർബന്ധമാക്കുന്നത് അപകടകരമാണെന്നും പരാതിക്കാരുടെ അഭിഭാഷകൻ വ്യക്തമാക്കി. സെപ്റ്റംബർ 10-നാണ് കോടതി ഹരജി പരിഗണിക്കുക.
ഇന്ത്യയുടെ പുതിയ നിർദേശപ്രകാരം, പഞ്ചസാര, ഉപ്പ് അല്ലെങ്കിൽ പൂരിത കൊഴുപ്പ് എന്നീ മൂന്ന് പ്രധാന ഘടകങ്ങളിൽ കുറഞ്ഞത് രണ്ടെണ്ണത്തിന്റെ പരിധി ലംഘിച്ചാൽ മാത്രമേ പാക്കറ്റിൽ ചുവന്ന ലേബൽ പതിക്കേണ്ടതുള്ളൂ. എന്നാൽ ആഗോളതലത്തിൽ ഈ രംഗത്ത് മികച്ച മാതൃകകൾ നിലവിലുണ്ട്. ഉദാഹരണത്തിന്, 2016ൽ ചിലി നടപ്പിലാക്കിയ ഭക്ഷ്യ ലേബലിങ് നിയമത്തിൽ ഓരോ അനാരോഗ്യകരമായ ഘടകങ്ങൾക്കും പ്രത്യേകം കറുത്ത ലേബലുകൾ നിർബന്ധമാക്കിയിരുന്നു. ഇത് നടപ്പിലാക്കിയതിനെത്തുടർന്ന് അവിടെ മധുരമുള്ള പാനീയങ്ങളുടെ ഉപഭോഗത്തിൽ 23.7 ശതമാത്തിന്റെ ഗണ്യമായ കുറവുണ്ടായതായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം ആക്റ്റിവിസ്റ്റുകളുടെ ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നാണ് സർക്കാർ വൃത്തങ്ങളുടെ നിലപാട്. ആഗോളതലത്തിൽ ഇത്തരം ലേബലിങ് സംവിധാനങ്ങൾ ഘട്ടംഘട്ടമായാണ് നടപ്പിലാക്കാറുള്ളതെന്നും, ഇന്ത്യയിലും വരാനിരിക്കുന്ന രണ്ടാം ഘട്ടത്തിൽ ചട്ടങ്ങൾ കൂടുതൽ കർശനമാക്കി ഓരോ അനാരോഗ്യ ഘടകത്തിനും പ്രത്യേകം മുന്നറിയിപ്പ് ലേബലുകൾ ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. എങ്കിലും, ഈ ഘട്ടങ്ങളുടെ കാലയളവിനെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. സുപ്രീം കോടതിയുടെ നിലപാടിന് അനുസൃതമായിട്ടായിരിക്കും സർക്കാർ തുടർനടപടികൾ സ്വീകരിക്കുക.
ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ അമിതവണ്ണമുള്ള മുതിർന്നവരുടെ എണ്ണം 2021ൽ 18 കോടിയായിരുന്നത് 2050-ഓടെ 45 കോടിയായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനിടെ, പാക്കറ്റ് ഉൽപന്നങ്ങളിൽ മുന്നറിയിപ്പ് ലേബലുകൾ വരുന്നതിനെതിരെ കൊക്കകോള, നെസ്‌ലെ, പെപ്സികോ തുടങ്ങിയ വൻകിട കമ്പനികളും അവരെ പിന്തുണക്കുന്ന സംഘടനകളും ശക്തമായ ലോബിയിങ് നടത്തിയിരുന്നു. ഇതിനെത്തുടർന്ന് സർക്കാർ ചില ഇളവുകൾ നൽകിയിരുന്നുവെന്ന വാർത്തകൾ പുറത്തുവന്നത് വലിയ പൊതുരോഷത്തിന് ഇടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

