വധശിക്ഷ യാന്ത്രികമായി നടപ്പാക്കാനാവില്ല; നടപടിക്രമങ്ങളിൽ വീഴ്ചയെങ്കിൽ സ്വന്തം വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: മാർഗ്ഗനിർദ്ദേശങ്ങൾ പൂർണമായും ഉറപ്പാക്കാത്ത സാഹചര്യത്തിൽ വധശിക്ഷ വിധിച്ചെന്ന് ബോദ്ധ്യപ്പെട്ടാൽ സ്വന്തം വിധി പുനഃപരിശോധിക്കാമെന്ന് സുപ്രീംകോടതി. ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ റദ്ദാക്കിയ കോടതി, വധശിക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ ശിക്ഷ പുനഃപരിശോധിക്കാൻ ഭരണഘടന അനുഛേദം 32 പ്രകാരം അധികാരമുണ്ടെന്ന് നിരീക്ഷിച്ചിരുന്നു.
നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി വസന്ത സമ്പത്ത് ദുപാരെയുടെ വധശിക്ഷ ശരിവച്ച് 2017ലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നാലെ, വധശിക്ഷ വിധിക്കുന്നതിന് മുമ്പ് പ്രതിയുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം, മാനസികാരോഗ്യം, പരിഷ്‍കരിക്കാനുള്ള സാധ്യത തുടങ്ങിയ ലഘൂകരണ ഘടകങ്ങളുടെ വിശദമായ വിലയിരുത്തൽ നടത്തണമെന്ന സുപ്രീംകോടതി മാർഗനിർദേശങ്ങൾ തന്റെ കാര്യത്തിൽ നടപ്പിലായില്ലെന്ന് ചൂണ്ടിക്കാണിച്ച് പ്രതി കോടതിയിൽ ആർട്ടിക്കിൾ 32 ഹരജി സമർപ്പിച്ചു. തുടർന്ന്, ഹരജി പരിഗണിച്ച കോടതി ദുപാരെയുടെ കേസിൽ മാർഗനിർദേശങ്ങൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.
കോടതിയുടെ മാർഗനിർദേശങ്ങൾ പാലിച്ചുവെന്ന് ഉറപ്പാക്കാനാണ് തിരുത്തൽ അധികാരം പ്രയോഗിക്കുന്നതെന്നും അതുവഴി ശിക്ഷിക്കപ്പെട്ട വ്യക്തിക്ക് തുല്യ പരിഗണനയ്ക്കുള്ള മൗലികാവകാശങ്ങൾ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നുവെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വിധിയിൽ പറഞ്ഞു. പുതിയ മാർഗനിർദേശങ്ങളുടെ ലംഘനം ചൂണ്ടിക്കാണിക്കപ്പെടുന്ന കേസുകളിൽ മാത്രമാണ് നടപടി സാധ്യമാവുകയെന്നും കോടതി വ്യക്തമാക്കി. ഇത്തരം വീഴ്ചകൾ ഗൗരവതരമാണ്, തിരുത്തിയില്ലെങ്കിൽ പ്രതിയുടെ ജീവിക്കാനുള്ള അടിസ്ഥാന അവകാശത്തെ ദുർബലപ്പെടുത്തും. അപൂർവമായ വധശിക്ഷ, പ്രതിയുടെ ജീവിത സാഹചര്യങ്ങൾക്ക് അർഹമായ പ്രാധാന്യം നൽകാതെ യാന്ത്രികമായി നടപ്പാക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സുപ്രീംകോടതി വധശിക്ഷ വിധിച്ച കേസുകളിൽ നിലവിലെ വിധി നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

