ന്യൂഡൽഹി: ലോക്ഡൗൺ കാരണം റദ്ദാക്കപ്പെട്ട ടിക്കറ്റുകളുടെ മുഴുവൻ തുക വിമാന കമ്പനികൾ തിരികെ നൽകണമെന്ന് സുപ്രീംകോടതി. മൂന്നാഴ്ചക്കകം റീഫണ്ട് തുക നൽകാനാണ് സുപ്രീംകോടതിയുടെ ഉത്തരവ്. മൂന്നംഗ ബെഞ്ചിേൻറതാണ് നിർദേശം.
മാർച്ച് 25 മുതൽ മെയ് 24 വരെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ റീഫണ്ടാണ് മൂന്നാഴ്ചക്കുള്ളിൽ നൽകാൻ നിർദേശിച്ചത്. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട് ലഭിക്കും. പ്രത്യേക ചാർജുകളൊന്നും ഈടാക്കാതെ മുഴുവൻ തുകയും തിരിച്ച് നൽകണമെന്നാണ് ഉത്തരവ്. ഏജൻറുമാർക്കാണ് റീഫണ്ട് നൽകുന്നതെങ്കിൽ അവർ തുക എത്രയും പെട്ടെന്ന് ഉപയോക്താക്കൾക്ക് നൽകണമെന്നും ഉത്തരവുണ്ട്.
ഇന്ത്യയിൽ നിന്ന് സർവീസ് നടത്തുന്ന മറ്റ് രാജ്യങ്ങളിലെ വിമാന കമ്പനികളും ബുക്കിങ് തുക തിരികെ നൽകണം. ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കാൻ വ്യോമയാന മന്ത്രാലയത്തോട് കോടതി നിർദേശിച്ചു.