മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ നിയമനം; തെരഞ്ഞെടുപ്പ് പാനലിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതെന്ത്കൊണ്ട്? കേന്ദ്രത്തോട് സുപ്രീം കോടതി
text_fieldsസുപ്രീം കോടതി
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമീഷണർമാരെയും തിരഞ്ഞെടുക്കുന്ന സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെതിരെ വിമർശനവുമായി സുപ്രീം കോടതി രംഗത്ത്. പ്രധാനമന്ത്രി, ഒരു കേന്ദ്ര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് നിലവിൽ തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിക്കുന്നത്. ഈ നടപടിക്രമങ്ങളിൽ ‘നിഷ്പക്ഷത പ്രകടമാകേണ്ടതില്ലേ’ എന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു.
ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ട് 2023ൽ കൊണ്ടുവന്ന നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളാണ് കോടതി പരിഗണിച്ചത്. സി.ബി.ഐ ഡയറക്ടർ, ലോക്പാൽ തുടങ്ങിയ പ്രധാന പദവികളിലേക്കുള്ള നിയമന സമിതികളിൽ ചീഫ് ജസ്റ്റിസ് അംഗമാണെന്നിരിക്കെ, ജനാധിപത്യത്തിൽ ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പ് കമീഷണർമാരുടെ പാനലിൽ നിന്ന് മാത്രം അദ്ദേഹത്തെ ഒഴിവാക്കാനുള്ള കാരണം എന്താണെന്ന് കോടതി ആരാഞ്ഞു.
എന്നാൽ ഈ നിയമത്തെ ന്യായീകരിച്ചുകൊണ്ട് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വാദിച്ചു. പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിക്കും സമിതിയിൽ ഭൂരിപക്ഷമുണ്ടായതുകൊണ്ട് മാത്രം അവർ ജനാധിപത്യത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുമെന്ന് കരുതുന്നത് തെറ്റാണെന്ന് വാദിച്ചു. പ്രധാനമന്ത്രിയുടെ പദവിക്ക് പ്രത്യേക പവിത്രതയുണ്ടെന്നും, തിരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനങ്ങളെ സംശയിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ അർപ്പിച്ചിരിക്കുന്ന ഭരണഘടനാപരമായ വിശ്വാസത്തെ തകർക്കുമെന്നും തുഷാർ മേത്ത കൂട്ടിച്ചേർത്തു.
എന്നാൽ വിഷയത്തിൽ ഇടപെട്ട ജസ്റ്റിസ് ദത്ത, പ്രധാനമന്ത്രി തന്റെ മന്ത്രിസഭയിലേക്ക് ഒരാളെ തെരഞ്ഞെടുക്കുന്നത് പോലെയല്ല കമീഷണറുടെ നിയമനമെന്ന് വ്യക്തമാക്കി. സമിതിയിൽ രണ്ടുപേർ സർക്കാരിന്റെ ഭാഗത്തുനിന്നും ഒരാൾ പ്രതിപക്ഷത്തുനിന്നും വരുമ്പോൾ അത് 2:1 എന്ന നിലയിലാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. എങ്കിലും, പ്രധാനമന്ത്രിയുടെ തീരുമാനങ്ങളിൽ അവിശ്വാസം പ്രകടിപ്പിക്കുകയല്ലെന്നും തെരഞ്ഞെടുപ്പ് കമീഷണർ പോലെയുള്ള ഒരു പദവിയിലിരിക്കുന്ന വ്യക്തി തികച്ചും സ്വതന്ത്രനായിരിക്കണമെന്നും, നിയമനം നടത്തുന്ന സമിതിയുടെ ഘടനയിൽ നിഷ്പക്ഷത പുറമെ കാണേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം വിഷയം ഭരണഘടനാപരമായ പ്രാധാന്യമുള്ളതാണെന്നും അതിനാൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്നും സോളിസിറ്റർ ജനറൽ കോടതിയോട് അഭ്യർത്ഥിച്ചു. സമിതിയുടെ ഘടന സംബന്ധിച്ച ചർച്ചകൾക്കിടെ, തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനത്തിൽ കോടതികളും ജഡ്ജിമാരും മുൻകാലങ്ങളിൽ നടത്തിയ നിരീക്ഷണങ്ങളും ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറുടെ പ്രസംഗങ്ങളും ബെഞ്ച് പരാമർശിക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

