ദേശീയ പുരുഷ കമീഷൻ വേണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി
text_fieldsന്യൂഡൽഹി: ഗാർഹിക പീഡനം നേരിടുന്ന വിവാഹിതരായ പുരുഷന്മാർക്ക് വേണ്ടി ദേശീയ പുരുഷ കമീഷൻ രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി സുപ്രീം കോടതി തള്ളി. 2021ൽ രാജ്യത്ത് ആത്മഹത്യ ചെയ്തതിൽ 72 ശതമാനവും പുരുഷന്മാരാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ മഹേഷ് കുമാർ തിവാരിയാണ് ഹരജി സമർപ്പിച്ചത്. ആത്മഹത്യ തടുക്കാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
വിവാഹിതരായ പുരുഷന്മാരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യാനും ഗാർഹിക പീഡനം നേരിടുന്ന പുരുഷന്മാരുടെ പരാതി സ്വീകരിക്കാനും ദേശീയ മനുഷ്യാവകാശ കമീഷനോട് നിർദേശിക്കണമെന്നും ഹരജി ആവശ്യപ്പെട്ടിരുന്നു.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഒരുവശം മാത്രമാണ് ഹരജിക്കാരൻ ഉയർത്തിക്കാട്ടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ മൂന്നോ വർഷത്തിനിടെ മാത്രം ആത്മഹത്യ ചെയ്യുന്ന എത്ര യുവതികൾ രാജ്യത്തുണ്ടെന്ന കണക്ക് നിങ്ങൾക്ക് നൽകാനാകുമോയെന്ന് കോടതി ചോദിച്ചു.
പുരുഷന്മാർ ഗാർഹിക പീഡനം നേരിടുന്നുണ്ടെങ്കിൽ അതിന് ആവശ്യമായ നിയമ പരിഹാരമാർഗങ്ങളും ഉണ്ടെന്ന് കോടതി പറഞ്ഞു. 72 ശതമാനം പുരുഷന്മാരും ആത്മഹത്യ ചെയ്തത് ഗാർഹിക പീഡനത്തെ തുടർന്നാണ് എന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ അത് തെറ്റിദ്ധാരണയാണ്. പൊതുതാൽപര്യ ഹരജി അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയതോടെ ഹരജി പിൻവലിക്കുകയായിരുന്നു.
നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻ.സി.ആർ.ബി) കണക്കുകൾ പ്രകാരം 2021ൽ 1,64,033 പേരാണ് രാജ്യത്ത് ആത്മഹത്യ ചെയ്‌തത്. 1,18,979 (72 ശതമാനം) പുരുഷന്മാരും 45,026 (27 ശതമാനം) സ്ത്രീകളുമാണ് ജീവനൊടുക്കിയത്. അതിൽ 81,063 പേർ വിവാഹിതരായ പുരുഷന്മാരും 28,680 പേർ വിവാഹിതരായ സ്ത്രീകളുമാണെന്ന് മഹേഷ് കുമാർ തിവാരി ഹരജിയിൽ പറയുന്നു. 33.2 ശതമാനം പുരുഷന്മാർ കുടുംബ പ്രശ്നങ്ങൾ കാരണവും 4.8 ശതമാനം പുരുഷന്മാർ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കരണവുമാണ് ആത്മഹത്യ ചെയ്തതെന്ന് എൻ.സി.ആർ.ബി കണക്കുകൾ മുൻനിർത്തി ഹരജി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

