ആസിഡ് ആക്രമണ വിചാരണയിലെ കാലതാമസം; സുപ്രീംകോടതിക്ക് നടുക്കം
text_fieldsന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന ആസിഡ് ആക്രമണ കേസുകളുടെ വിചാരണ നടപടികളിൽ വലിയ കാലതാമസം ഉണ്ടാകുന്നതിൽ നടുക്കവും രോഷവും പ്രകടിപ്പിച്ച് സുപ്രീംകോടതി. ഹരിയാനയിൽ 2009ൽ രജിസ്റ്റർ ചെയ്ത ആസിഡ് ആക്രമണ കേസിന്‍റെ വിചാരണ പൂർത്തിയാകാത്തത് ചൂണ്ടിക്കാട്ടി അതിജീവിത നൽകിയ ഹരജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചി എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുകയായിരുന്നു.
കേസിൽ 2013 വരെ യാതൊരു പുരോഗതിയും ഉണ്ടായില്ല. അതിനു ശേഷം ഹരിയാനയിൽനിന്ന് കേസ് ഡൽഹിയിലെ കോടതിയിലേക്ക് മാറ്റി. അതിജീവിത ഇപ്പോൾ സമാന ആക്രമണം നേരിട്ട ഇരകൾക്കുവേണ്ടി പ്രവർത്തിക്കുകയാണെന്നും ആസിഡ് ബലമായി കുടിപ്പിച്ച കേസ് വരെ ഉണ്ടായിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. തനിക്ക് പരിമിതമായ നഷ്‍ടപരിഹാരമാണ് ലഭിച്ചതെന്നും അതിജീവിത ബോധിപ്പിച്ചു.
വിചാരണയിലെ കാലതാമസത്തിൽ നടുക്കം പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസ് ഇതു ലജ്ജാകരമാണെന്ന് പ്രതികരിച്ചു. വിചാരണ വൈകാനുള്ള കാരണം വിശദമാക്കി അപേക്ഷ സമർപ്പിക്കാനും സ്വമേധയാ കേസ് എടുക്കാമെന്നും അറിയിച്ച ചീഫ് ജസ്റ്റിസ് ദേശീയ തലസ്ഥാനത്ത് ഇത് കൈകാര്യം ചെയ്തില്ലെങ്കിൽ ആരാണ് കൈകാര്യം ചെയ്യുകയെന്ന് ചോദിച്ചു.
ആസിഡ് ആക്രമണവുമായി ബന്ധപ്പെട്ട് രാജ്യത്താകെ വിചാരണ തീർപ്പാകാതെ കിടക്കുന്ന കേസുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ എല്ലാ ഹൈകോടതികളിലെയും രജിസ്ട്രാർ ജനറലിന് നിർദേശം നൽകി. ആസിഡ് ആക്രമണ ഇരകൾക്ക് സർക്കാറിന്‍റെ ഭാഗത്തുനിന്ന് ഗുണകരമായ നടപടികൾ എന്തെങ്കിലും എടുക്കാൻ കഴിയുമോയെന്ന് കോടതി സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആരാഞ്ഞു. ഇത് സിസ്റ്റത്തിനുതന്നെ ലജ്ജാകരമാണ്, സർക്കാറിന്‍റെ ഭാഗത്തുനിന്ന് ഗുണപരമായ നടപടി വേണം.
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച 2016ലെ നിയമത്തിൽ അത്യാവശ്യ ഭേദഗതികൾ വരുത്തി ആസിഡ് ആക്രമണ ഇരകളെ അതിന്‍റെ പരിധിയിൽ ഉൾപ്പെടുത്താൻ കഴിയുമോയെന്ന കാര്യത്തിൽ നിർദേശങ്ങൾ ആരായാൻ കോടതി സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെട്ടു. വിഷയം അടുത്തയാഴ്ച കോടതി വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

