Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാരാഷ്ട്ര വോട്ടർപട്ടികയിലെ കടുംവെട്ട്; തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസ് അയച്ച് സുപ്രീം കോടതി

text_fields
bookmark_border
Supreme Court
cancel
camera_alt

 സുപ്രീംകോടതി

ന്യൂഡൽഹി : വോട്ടർപട്ടികയുടെ തീവ്ര പരിഷ്കരണ നടപടിക്കിടെ മഹാരാഷ്ട്രയിലെ വോട്ടർമാരുടെ പേരുകൾ വ്യാപകമായി നീക്കം ചെയ്തതിനെതിരെ സമർപ്പിച്ച ഹരജിയിൽ തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസ് അയച്ച് സുപ്രീംകോടതി. എന്നാൽ, വോട്ടർപട്ടികയിലെ അവകാശവാദങ്ങളും എതിർപ്പുകളും പരാതികളും സമർപ്പിക്കാനുള്ള സമയപരിധി നീട്ടണമെന്ന ഹരജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് കേസ് നവംബർ അഞ്ചിന് വീണ്ടും പരിഗണിക്കും.

സംസ്ഥാനത്തെ വോട്ടർമാരിൽ 33 ശതമാനത്തോളം പേരെ പട്ടികയിൽനിന്ന് നീക്കം ചെയ്തെന്നാണ് ഹരജിക്കാരനായ അരുൺ അനന്ദഗിരി ആരോപിക്കുന്നത്. മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്താറാണ് ഹരജിക്കാരന് വേണ്ടി കോടതിയിൽ വാദിക്കുന്നത്. മുംബൈയിലും പൂനെയിലും ഉൾപ്പെടെ ഏകദേശം 3,500 ഓളം വികസനപദ്ധതികൾ നടന്നുവരുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് താമസക്കാർക്ക് താമസസ്ഥലം മാറേണ്ടിവരുന്നുണ്ടെന്നും ഇവരുടെ വിലാസത്തിലും മറ്റ് വിവരങ്ങളിലും വന്ന മാറ്റങ്ങൾ കാരണം ഇവരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വാദിച്ചു.

നേരത്തേ വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നവരോട് പുതുതായി വോട്ടറായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫോം ആറ് സമർപ്പിക്കാൻ ആവശ്യപ്പെടരുതെന്നും നിലവിൽ വോട്ടർപട്ടികയിൽ പേരുള്ളവരെ വീണ്ടും ഉൾപ്പെടുത്തുന്നതിന് പ്രത്യേക ഫോം അനുവദിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. അവകാശവാദങ്ങളും പരാതികളും സമർപ്പിക്കാനുള്ള സമയപരിധി നീട്ടണമെന്നും അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത് കോടതി ഹരജി പരിഗണിക്കുന്നതുവരെ തടയണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗം കേൾക്കാതെ അടിയന്തര ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി തയാറായില്ല. ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ടാൽ സമയപരിധി നീട്ടുന്ന കാര്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Supreme Court Notice on Maharashtra Voter List
Next Story