ജനസംഖ്യ നിയന്ത്രണ നിയമം: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: ജനസംഖ്യ നിയന്ത്രണത്തിന് നിയമങ്ങളും മാർഗനിർദേശങ്ങളും രൂപവത്കരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു.
ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഋഷികേശ് റോയി എന്നിവരടങ്ങുന്ന ബെഞ്ചാണ് സ്വാമി ജിതേന്ദ്രാനന്ദ് സരസ്വതിയാൾ നൽകിയ ഹരജിയിൽ കേന്ദ്ര സർക്കാറിന്റെ പ്രതികരണം തേടി വെള്ളിയാഴ്ച നോട്ടീസ് അയച്ചത്. രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങൾ പരിമിതമാണെന്നും എന്നാൽ, അനുദിനം വർധിച്ചുവരുന്ന ജനസംഖ്യയെ നിലനിർത്താൻ കഴിയുന്നില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. ദശലക്ഷക്കണക്കിന് പൗരന്മാരുടെ ജീവിതനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടത് അമിത ജനസംഖ്യയാണ്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും മറ്റും ഗർഭനിരോധന ഉറകൾ, മരുന്നുകൾ, വാക്സിനുകൾ തുടങ്ങിയവ വിതരണം ചെയ്യണം. അമിത ജനസംഖ്യയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് എല്ലാ മാസവും ആദ്യ ഞായറാഴ്ച ആരോഗ്യദിനമായി പ്രഖ്യാപിക്കാൻ സർക്കാറിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. നിലവിൽ ഇന്ത്യയിലെ ജനസംഖ്യ 139 കോടിക്കടുത്താണ്. ലോക ജനസംഖ്യയുടെ ഏകദേശം 17.8 ശതമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

