‘ഞങ്ങൾ എത്ര മണിക്കൂറാണ് ഉറങ്ങുന്നതെന്ന് അറിയാമോ?’; കേസ് അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകയോട് സുപ്രീംകോടതി ജഡ്ജി
text_fieldsസുപ്രീം കോടതി
ന്യൂഡൽഹി: കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകയെ തങ്ങളുടെ ജോലിഭാരം ഓർമപ്പെടുത്തി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത്. രാജസ്ഥാനിൽ വായ്പ കുടിശ്ശിക വരുത്തിയതിന് വീട് ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷക ശോഭ ഗുപ്തയാണ് ആവശ്യപ്പെട്ടത്.
‘ഒരാളെ തൂക്കിലേറ്റാൻ പോകുന്നില്ലെങ്കിൽ, ഈ കേസ് ഇന്ന് പരിഗണിക്കില്ല’ -ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. നവംബറിൽ ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേൽക്കാനിരിക്കുന്ന ജഡ്ജിയാണ് സൂര്യകാന്ത്. തന്‍റെ കക്ഷിയുടെ വീട് ഇന്ന് തന്നെ ലേലം ചെയ്യുകയാണെന്നും അതുകൊണ്ട് കേസ് അടിയന്തരമായി പരിഗണിക്കണമെന്നുമായിരുന്നു ഹരജിക്കാരൻ ആവശ്യപ്പെട്ടത്. ‘ജഡ്ജിമാരുടെ അവസ്ഥ നിങ്ങൾക്ക് മനസ്സിലാകില്ല. ഞങ്ങൾ എത്ര മണിക്കൂറാണ് ജോലി ചെയ്യുന്നതെന്നും ഉറങ്ങുന്നതെന്നും നിങ്ങൾക്ക് അറിയാമോ? ആരുടെയെങ്കിലും സ്വാതന്ത്ര്യം അപകടത്തിലല്ലെങ്കിൽ കേസ് ഇന്ന് പരിഗണിക്കില്ല’ -സൂര്യകാന്ത് വ്യക്തമാക്കി.
കഴിഞ്ഞ ആഗസ്റ്റിൽ മുതിർന്ന അഭിഭാഷകർക്ക് ചീഫ് ജസ്റ്റിസിന്റെ (സി.ജെ.ഐ) കോടതിക്ക് മുമ്പാകെ ഒരു കേസും പരാമർശിക്കാൻ അനുവാദമില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അഭിഭാഷക വിഷയം വീണ്ടും ആവർത്തിച്ചതോടെ ലേല നോട്ടീസ് എന്നാണ് കിട്ടിയതെന്ന് കോടതി ചോദിച്ചു. കഴിഞ്ഞയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ലഭിച്ചതെന്നും കുടിശ്ശികയുള്ള തുക ഇതിനകം അടച്ചുതീർത്തതാണെന്നും അഭിഭാഷക മറുപടി നൽകി. ഒടുവിൽ വെള്ളിയാഴ്ച കേസ് പരിഗണിക്കാമെന്ന് ജസ്റ്റിസുമായ ഉജ്ജൽ ഭുയാൻ, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

