തനിക്കും രാഷ്ട്രീയമുണ്ടെന്ന് ജസ്റ്റിസ് ബി.ആർ ഗവായ്
text_fieldsന്യൂഡൽഹി: തനിക്കും രാഷ്ട്രീയമുണ്ടെന്നും എന്നാൽ ആ രാഷ്ട്രീയ നിലപാട് ഏതെങ്കിലും സാഹചര്യത്തിൽ ഉത്തരവാദിത്ത നിർവഹണത്തെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും ജസ്റ്റിസ് ബി.ആർ ഗവായ്.
തന്റെ നിയമനത്തിനെതിരെ പരാതി ഉയർന്നതും കോടതി അത് തള്ളിയതും വിക്ടോറിയ ഗൗരിക്കെതിരായ ഹരജി തള്ളുന്നതിന് മുമ്പ് ജസ്റ്റിസ് ഗവായ് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ നിലപാടുകളുള്ള ജഡ്ജിമാർ സുപ്രീംകോടതിയിലും ഹൈകോടതികളിലും നിയമിക്കപ്പെട്ടിട്ടുണ്ട് എന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയും പറഞ്ഞു.
രാഷ്ട്രീയ നിലപാടുള്ള ജഡ്ജിമാരെ കുറിച്ചു പറയുമ്പോൾ ജസ്റ്റിസ് കൃഷ്ണയ്യരിൽനിന്ന് തുടങ്ങണമെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞപ്പോൾ ജസ്റ്റിസ് കെ.എസ് ഹെഗ്ഡെ ലോക്സഭാ അംഗമായിരുന്നുവെന്ന് ജസ്റ്റിസ് ആഫ്താബ് ആലവും ജസ്റ്റിസ് രജീന്ദർ സച്ചാറും രാഷ്ട്രീയ പശ്ചാത്തലമുള്ളവരായിരുന്നുവെന്നും അഭിഭാഷകനായ രാജു രാമചന്ദ്രൻ പ്രതികരിച്ചു. വൈവിധ്യമാർന്ന രാഷ്ട്രീയ നിലപാടുകളുള്ളവർ ജഡ്ജിമാരാകുന്നത് ഗുണകരമാണെന്നും രാജു രാമചന്ദ്രൻ പറഞ്ഞു.
എന്നാൽ, ഗൗരിയുടെ രാഷ്ട്രീയമല്ല, വിദ്വേഷമാണ് പ്രശ്നം. വിക്ടോറിയ ഗൗരി തന്റെ രാഷ്ട്രീയ കാഴ്ചപ്പാടല്ല അവതരിപ്പിച്ചത്. അവർ ഈ നടത്തിയതൊന്നും രാഷ്ട്രീയ നിലപാടല്ലെന്നും ഭരണഘടനാവിരുദ്ധമായ വിദ്വേഷ പ്രസംഗങ്ങളാണെന്നും രാജു രാമചന്ദ്രൻ ഇതിന് മറുപടി നൽകി. ഇത് ജഡ്ജിപദവിയിൽ അവരെ പരിഗണിക്കുന്നതിനുള്ള അയോഗ്യതയാണ്.
ഇതൊന്നും കൊളീജിയം പരിശോധിച്ചില്ലെന്നും ഈ വസ്തുതകളൊന്നും അവർക്കറിയില്ലായിരുന്നുവെന്നുമുള്ള വാദം ജസ്റ്റിസ് ഖന്ന തള്ളി. അതൊരിക്കലും സംഭവ്യമല്ല. ഗൗരിയുടെ പശ്ചാത്തലമൊന്നും കൊളീജിയം അറിയാതിരിക്കില്ലെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു. രാഷ്ട്രപതി നിയമന ഉത്തരവിറക്കിയ ശേഷം ജഡ്ജി നിയമനം റദ്ദാക്കിയത് 1992ൽ ഒരു തവണ മാത്രമാണെന്നും എന്നാൽ അതിന് ശേഷം തന്റെ കാര്യത്തിലടക്കം നിരവധി തവണ ജഡ്ജി നിയമനത്തിനെതിരായ ഹരജികൾ സുപ്രീംകോടതി തള്ളുകയാണ് ചെയ്തതെന്നും ജസ്റ്റിസ് ഗവായിയും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

