അനാവശ്യ തടവും പീഡനവും: കുറ്റപത്രം സമയബന്ധിതമായി തയ്യാറാക്കണമെന്ന് സുപ്രീംകോടതി; രാജ്യത്താകമാനം മാർഗനിർദേശങ്ങൾ പുറത്തിറക്കും
text_fieldsന്യൂഡൽഹി: കുറ്റാരോപിതരെ അനാവശ്യമായി ഉപദ്രവിക്കുന്നതും തടവിലാക്കുന്നതും തടയുന്നതിന് നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം തയ്യാറാക്കുന്നതിന് ദേശവ്യാപകമായുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ സുപ്രീംകോടതി തീരുമാനം.
ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ.വി. അഞ്ജരിയയും അടങ്ങുന്ന ബെഞ്ച് മാർഗനിർദേശങ്ങൾ തയാറാക്കുന്നതിൽ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയുടെ സഹായം തേടുകയും ക്രിമിനൽ അഭിഭാഷകൻ സിദ്ധാർത്ഥ് ലുത്രയെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു.
കേസ് എടുത്ത് മാസങ്ങളും വർഷങ്ങളും കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കുന്നില്ലെന്നത് ഞങ്ങൾ വീണ്ടും വീണ്ടും ശ്രദ്ധിച്ചു. വിചാരണ വൈകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണിത് -സുപ്രീംകോടതി പറഞ്ഞു.
ഒരു ക്രിമിനൽ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതുവരെ വിചാരണ ആരംഭിക്കാൻ കഴിയില്ല. മിക്ക കോടതികളിലും ഈ സാഹചര്യം നിലനിൽക്കുന്നു. ഇക്കാര്യത്തിൽ ഇന്ത്യ മുഴുവൻ ചില നിർദേശങ്ങൾ പുറപ്പെടുവിക്കേണ്ടതുണ്ടെന്ന് ഞങ്ങൾ കരുതുന്നുവെന്ന് ഒരു ക്രിമിനൽ കേസിൽ അമൻ കുമാർ എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി കൂട്ടിച്ചേർത്തു. ചാർജ്ഷീറ്റ് ഫയൽചെയ്യുന്ന നിമിഷം മുതൽ കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ടെന്നും ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് അരവിന്ദ് കുമാർ നിരീക്ഷിച്ചു.
നിലവിലെ കേസിൽ, കോടതി കുറ്റപത്രം തയ്യാറാക്കുന്നതിൽ കാലതാമസം വരുത്തിയതിനാൽ പ്രതി 11 മാസത്തിലേറെയായി ജയിലിൽ കഴിയുകയാണെന്ന് കുമാറിന്റെ അഭിഭാഷകൻ പരാതിപ്പെട്ടു. രാജ്യത്തുടനീളമുള്ള എല്ലാ കോടതികളിലും ഇത് ഒരു സാധാരണ പ്രവണതയാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 251(ബി) പ്രകാരം, ചർജ്ഷീറ്റ് ഫയൽ ചെയ്ത് 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കേണ്ടത് നിർബന്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

