മാധ്യമ വിചാരണ തടയൽ; പൊലീസിന് നിർദേശവുമായി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ കുറ്റാരോപിതരുടെയും ഇരകളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും മാധ്യമ വിചാരണ തടയാനും നടപടിയുമായി സുപ്രീംകോടതി. ക്രിമിനൽ കേസുകളിലെ അന്വേഷണങ്ങളിൽ മാധ്യമങ്ങൾക്ക് പൊലീസ് വാർത്തകളും വിശദീകരണങ്ങളും നൽകുന്നത് സംബന്ധിച്ച് ഉചിതമായ നയം മൂന്ന് മാസത്തിനകം ആവിഷ്‍കരിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
കോടതിയുടെ അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ തയാറാക്കിയ മാനുവൽ മാതൃകയാക്കി തത്വാധിഷ്ഠിതവും അന്വേഷണത്തിന് സുരക്ഷിതവുമായ ചട്ടക്കൂട് വേണമെന്നാണ് നിർദേശം. അന്വേഷണം പുരോഗമിക്കുന്ന കേസ് സംബന്ധിച്ച് മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകുമ്പോൾ പൊലീസ് അനുവർത്തിക്കേണ്ട ചട്ടങ്ങൾ സംബന്ധിച്ച ഹരജികൾ പരിഗണിക്കവെ ജസ്റ്റിസ് എം.എം സുന്ദരേശ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
വസ്തുനിഷ്ഠവും പരിശോധിച്ച് തിട്ടപ്പെടുത്തിയതും അനിവാര്യവുമായ വിവരങ്ങൾ മാത്രമാണ് പൊതുജനങ്ങളുമായി പങ്കുവെക്കേണ്ടതെന്നാണ് അമിക്കസ് ക്യൂറിയുടെ മാനുവലിൽ വ്യക്തമാക്കിയിട്ടുള്ളത്. നിലവിലെ സമൂഹമാധ്യമ സാഹചര്യത്തിൽ അതിന്‍റെ പ്രാധാന്യം വലുതാണ്.
2014 ൽ നടത്തിയ സുപ്രധാനമായ വിധിന്യായത്തിൽ, അത്തരമൊരു നയത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട 16 മാർഗനിർദേശങ്ങൾ എടുത്തുപറഞ്ഞിരുന്നു. ശരിയായ കീഴ്‌വഴക്കങ്ങൾ സംബന്ധിച്ച് മാനുവൽ തയാറാക്കാനുള്ള ചുമതല ഏൽപ്പിച്ചത് ആഭ്യന്തര മന്ത്രാലയത്തെ ആണെങ്കിലും അതേറ്റെടുത്ത് തയാറാക്കിയത് കോടതിയുടെ അമിക്കസ് ക്യൂറിയാണ്. കേന്ദ്ര സർക്കാറിന്‍റെ അഭിപ്രായങ്ങളും അന്താരാഷ്‍ട്ര തലത്തിൽ നിലവിലുള്ള കീഴ്‌വഴക്കങ്ങളും കണക്കിലെടുത്താണ് ഇത് തയാറാക്കിയത്.
ആവർത്തിച്ച് ഉത്തരവുകൾ നൽകുകയും വേണ്ടത്ര സമയം അനുവദിക്കുകയും ചെയ്തിട്ടും സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ഉത്സാഹം കാട്ടിയില്ലെന്ന് കോടതി നിരീക്ഷിച്ചു. വിഷയം ഇനിയും നീട്ടിക്കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, ഉചിതമായ നയം ആവിഷ്‍കരിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

