ബംഗളൂരുവിലെ മുസ്‍ലിം ഭൂരിപക്ഷ പ്രദേശം 'പാകിസ്താൻ'; കർണാടക ഹൈകോടതി ജഡ്ജിയുടെ വിവാദ പരാമർശങ്ങളിൽ സ്വമേധയ ഇടപെട്ട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മുസ്‍ലിംകളെയും സ്ത്രീത്വത്തെയും അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തിയ കർണാടക ഹൈകോടതി ജഡ്ജി ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദയുടെ നടപടിയിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്ത് റിപ്പോർട്ട് തേടി.
അസാധാരണ നടപടിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിൽ അഞ്ചംഗ ബെഞ്ച് പ്രത്യേകം ചേർന്നാണ് സ്വമേധയാ നിയമ നടപടികളിലേക്ക് കടന്നത്. വൈറലായ രണ്ട് വിഡിയോകളിലൊന്നിൽ പടിഞ്ഞാറൻ ബംഗളൂരുവിലെ മുസ്‍ലിംകൾ തിങ്ങിത്താമസിക്കുന്ന മേഖലയെ പാകിസ്താൻ എന്ന് വിളിച്ച ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ വനിത അഭിഭാഷകയോട് അടിവസ്ത്ര പരാമർശം നടത്തുകയും ചെയ്തു. തന്റെ എതിർകക്ഷിയെക്കുറിച്ച് നന്നായി അറിയുന്ന അഭിഭാഷക അവരുടെ അടിവസ്ത്രത്തിന്റെ നിറംവരെ വെളിപ്പെടുത്തിയെന്നായിരുന്നു ശ്രീശാനന്ദ പറഞ്ഞത്. ജഡ്ജി സമൂഹ മാധ്യമങ്ങളിലും പ്രമുഖ അഭിഭാഷകരുടെയും രൂക്ഷവിമർശനമാണ് നേരിട്ടത്.
ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത്, ഋഷികേശ് റോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വെള്ളിയാഴ്ച ജഡ്ജിക്കെതിരായ കേസ് പരിഗണിച്ചത്. കർണാടക ഹൈകോടതി ജഡ്ജി ജസ്റ്റിസ് വി. ശ്രീശാനന്ദ നടത്തിയ പരാമർശങ്ങളെ തുടർന്നാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന് ഇരിക്കേണ്ടി വന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. ഈ പരാമർശങ്ങളുടെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളുടെ കാലത്ത് ജഡ്ജിമാർ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും. അതിനനുസരിച്ച് പ്രവർത്തിക്കാൻ അവർ ബാധ്യസ്ഥരുമാണെന്ന് ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു.
അടിസ്ഥാനപരമായി ചില മാർഗനിർദേശങ്ങൾ നൽകേണ്ടതുണ്ട്. കർണാടക ഹൈകോടതി ചീഫ് ജസ്റ്റിന്റെ നിർദേശപ്രകാരം രജിസ്ട്രാർ ജനറൽ റിപ്പോർട്ട് സമർപ്പിക്കണം. അറ്റോണി ജനറൽ ആർ. വെങ്കിട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വിഷയത്തിൽ സുപ്രീംകോടതിയെ സഹായിക്കണം. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച ചീഫ് ജസ്റ്റിസ് ഈ മാസം 25ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കൂട്ടിച്ചേർത്തു.
അഭിഭാഷകയോട് മോശം പരാമർശം നടത്തിയ ജഡ്ജിക്കെതിരെ സ്വമേധയാ നടപടിയെടുക്കണമെന്നും അദ്ദേഹത്തെ ലിംഗ ബോധവൽക്കരണ പരിശീലനത്തിന് അയക്കണമെന്നും ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുന്നതായി മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് എക്സിൽ ആവശ്യപ്പെട്ടിരുന്നു.
2020 മെയ് നാലിനാണ് ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദയെ കർണാടക ഹൈകോടതി അഡീഷണൽ ജഡ്ജിയായി നിയമിച്ചത്. 2021 സെപ്റ്റംബർ 25-ന് സ്ഥിരം ജഡ്ജിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

