സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിെൻറ അധ്യക്ഷതയിലുള്ള സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടന ബെഞ്ച് െഎകകണ്ഠ്യേന വിധിച്ചു. സ്വകാര്യതക്കുള്ള അവകാശം മറ്റു മൗലികാവകാശങ്ങൾപോലെ പരമമല്ലെന്നും ഭരണകൂടത്തിെൻറ നീതിപൂർവകവും നിയമാനുസൃതവുമായ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും ആറു വ്യത്യസ്ത വിധിന്യായങ്ങളിൽ ബെഞ്ച് കൂട്ടിേച്ചർത്തു. സ്വകാര്യത മൗലികാവകാശമല്ലെന്ന എം.പി. ശര്‍മ, ഖരക് സിങ് കേസുകളിൽ സുപ്രീംകോടതി മുമ്പ് നടത്തിയ വിധികൾ ഇതോടെ റദ്ദായി.
കേന്ദ്രസർക്കാറിന് കനത്ത തിരിച്ചടിയായ വിധി കേരള സർക്കാറിെൻറ നിലപാടിനുള്ള അംഗീകാരം കൂടിയായി. സ്വകാര്യത മൗലികാവകാശമല്ലെന്നും കേവലം നിയമപരമായ അവകാശം മാത്രമാണെന്നുമുള്ള കേന്ദ്ര സർക്കാർ നിലപാട് ഒമ്പതംഗ ബെഞ്ച് തള്ളി. കേന്ദ്രത്തിെൻറ സമാന നിലപാടാണ് ആധാർ ഇറക്കിയ ഏകീകൃത തിരിച്ചറിയൽ രേഖ അതോറിറ്റിയും സ്വീകരിച്ചതെന്നും സുപ്രീംകോടതി പറഞ്ഞു. ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പറയുന്ന മൗലികാവകാശമാണെന്നതിനൊപ്പം 21ാം അനുഛേദം ഉറപ്പുനൽകുന്ന അവകാശങ്ങളിൽപ്പെട്ടതുകൂടിയാണെന്ന് സംയുക്ത വിധി വ്യക്തമാക്കി. ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശമാണ് 21ാം അനുഛേദം ഉറപ്പുനൽകുന്നത്.
കേന്ദ്ര സർക്കാർ ഉയർത്തിക്കാണിച്ച പ്രധാന വിഷയങ്ങളിൽ യോജിച്ച ജഡ്ജിമാർ നിയന്ത്രണവും പരിമിതിയടക്കമുള്ള വിഷയങ്ങളിൽ വ്യത്യസ്ത വീക്ഷണം പ്രകടിപ്പിച്ചു. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍, ജസ്റ്റിസുമാരായ ആര്.കെ. അഗര്‍വാള്‍, ഡി.വൈ ചന്ദ്രചൂഡ്, അബ്ദുൽ നസീര്‍ എന്നീ നാലു പേര്‍ക്കുമായി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഒരു വിധിപ്രസ്താവനയും അനുബന്ധമെന്ന നിലയിൽ സ്വന്തം അഭിപ്രായങ്ങൾ ചേർത്ത് ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, എസ്.എ. ബോഡെ, ആര്.എഫ്. നരിമാന്, എ.എം. സപ്രേ, എസ്.കെ. കൗള്‍ എന്നിവർ അഞ്ചു വ്യത്യസ്ത വിധി പ്രസ്താവനകളുമിറക്കി.
സ്വകാര്യത സംബന്ധിച്ച ഇൗ തീർപ്പ് വിഷയം റഫർ ചെയ്ത ആധാർ ബെഞ്ചിലേക്ക് വിടുകയാണെന്ന് ജസ്റ്റിസ് രോഹിങ്ടൺ നരിമാൻ വ്യക്തമാക്കി. ആ ബെഞ്ച് ഇൗ വിധിയുടെ അടിസ്ഥാനത്തിൽ ആധാറിനെതിരായ ഹരജികൾ തീർപ്പാക്കണമെന്ന് ജസ്റ്റിസ് നരിമാൻ നിർദേശിച്ചു. മൂന്നംഗ ബെഞ്ചായിരുന്നു ആധാർ കേസ് നോക്കിയിരുന്നതെന്നും സ്വകാര്യത പിന്നീട് അഞ്ചംഗ ബെഞ്ച് ജൂലൈ 18ന് കേട്ടുവെന്നും അതിനുശേഷമാണ് കേസ് ഒമ്പതംഗ ബെഞ്ചിന് വിട്ടതെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
ഭരണഘടനയുടെ 21ാം അനുഛേദം ഉറപ്പുനൽകുന്ന അവകാശം ഒരിക്കലും വേർപെടുത്താനാകാത്ത അവകാശമാണെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ജസ്റ്റിസുമാരായ ആർ.കെ. അഗർവാൾ, ഡി.വൈ ചന്ദ്രചൂഡ്, എസ്. അബ്ദുൽനസീർ എന്നിവർ വ്യക്തമാക്കി. ഭരണഘടനയുടെ മൂന്നാം ഭാഗം അനുവദിക്കുന്ന മൗലികാവകാശങ്ങളിൽപെട്ട സ്വാതന്ത്ര്യവും അന്തസ്സുമായി ബന്ധപ്പെട്ടതു കൂടിയാണ് സ്വകാര്യതയുടെ ഘടകങ്ങൾ. എന്നാൽ, സ്വകാര്യത പരമമായ മൗലികാവകാശമല്ല, ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ട അവകാശമാണ്.
സ്വകാര്യതയിലേക്ക് കടന്നുകയറുന്ന നിയമം മൗലികാവകാശങ്ങളിലുള്ള നിയന്ത്രണത്തിെൻറ മാനദണ്ഡങ്ങൾക്ക്വിധേയമായിരിക്കണം. അത്തരമൊരു കടന്നുകയറ്റം നിയമവിധേയവും ഭരണകൂടത്തിെൻറ നിർണിതമായ ലക്ഷ്യമുള്ളതും ആ ലക്ഷ്യവും അത് കൈക്കൊള്ളാൻ സ്വീകരിക്കുന്ന മാർഗവും തമ്മിൽ യുക്തിസഹമായ ബന്ധമുണ്ടായിരിക്കുന്നതുമാകണമെന്നും വിധി തുടർന്നു.
സ്വകാര്യത മൗലികാവകാശം,പരമമല്ല –കേന്ദ്രം
ന്യൂഡൽഹി: വ്യക്തികളുടെ സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധി കേന്ദ്ര സർക്കാർ സ്വാഗതം ചെയ്തു. എന്നാൽ, സ്വകാര്യത പരമമായ അവകാശമല്ലെന്നും ഭരണഘടനയിലെ മറ്റു അവകാശങ്ങൾപോലെ ‘യുക്തിസഹമായ നിയന്ത്രണങ്ങൾ’ക്ക് വിധേയമാണെന്നും കോടതിവിധിയോട് പ്രതികരിക്കവെ കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി.
‘സ്വകാര്യതക്കുള്ള അവകാശം പരമമല്ല. ഇതിന് പരിമിതികളുണ്ട്. ഇൗ പരിമിതി ഒാരോ വിഷയത്തിലും വ്യത്യസ്തമാണ്. സാമൂഹിക, ധാർമിക മൂല്യങ്ങളുടെയും വ്യവസ്ഥകളുടെയും പൊതുതാൽപര്യത്തിെൻറയും അടിസ്ഥാനത്തിൽ നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ രാഷ്ട്രത്തിന് അധികാരമുണ്ട്’ -ജസ്റ്റിസ് അഭയ് മനോഹർ സപ്റെയുടെ വിധിന്യായം ഉദ്ധരിച്ച് മന്ത്രി വിശദീകരിച്ചു.
സർക്കാർ നിലപാട് കോടതി ശരിവെച്ചതായി മന്ത്രി അവകാശപ്പെട്ടു. സ്വകാര്യത മൗലികാവകാശമാണെന്നും എന്നാൽ, യുക്തിസഹമായ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നുമാണ് അറ്റോണി ജനറൽ വാദിച്ചത് -മന്ത്രി വിശദീകരിച്ചു. വിധി ഫാഷിസ്റ്റ് ശക്തികൾക്ക് തിരിച്ചടിയാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ രവിശങ്കർ പ്രസാദ് രൂക്ഷമായി വിമർശിച്ചു. വേണ്ടത്ര ഗൃഹപാഠം നടത്താതെ സംസാരിക്കുക രാഹുലിെൻറ ശീലമാണെന്ന് പറഞ്ഞ അദ്ദേഹം, അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ് എന്താണ് ചെയ്തതെന്ന് എല്ലാവർക്കും അറിയാമെന്ന് പരിഹസിച്ചു.
377-ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കി
ന്യൂഡൽഹി: പ്രായപൂർത്തിയായവരുടെ ഉഭയസമ്മതപ്രകാരമുള്ള സ്വകാര്യ ലൈംഗികത കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിെല 377^ാം വകുപ്പ് സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടന ബെഞ്ച് അസാധുവാക്കി. സ്വകാര്യത മൗലികാവകാശമാക്കിയ വിധിയിലാണ് സ്വവർഗരതിയും നിയമവിധേയമായി മാറ്റുന്ന നിലപാട് സുപ്രീംകോടതി കൈക്കൊണ്ടത്. ഒരാളുടെ സ്വകാര്യതയുടെയും അന്തസ്സിെൻറയും ഭാഗമായ, തടയാനാവാത്ത ലൈംഗിക താൽപര്യ പൂർത്തീകരണത്തെ അപകടത്തിലാക്കുന്നതാണ് 377^ാം വകുപ്പെന്ന് കുറ്റപ്പെടുത്തിയാണ് സുപ്രീംകോടതി അത് റദ്ദാക്കിയത്.
സ്വവർഗരതിക്കാരുടെ ആവശ്യം തള്ളി 377^ാം വകുപ്പ് പുനഃസ്ഥാപിച്ച സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിെൻറ വിധി ഇതോടെ ദുർബലപ്പെടുത്തിയെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. രാജ്യത്തെ വളരെ ചെറിയ ന്യൂനപക്ഷമാണ് സ്വവർഗരതിക്കാരെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി 377^ാം വകുപ്പ് റദ്ദാക്കണമെന്ന അവരുടെ ആവശ്യം തള്ളിയത്. എന്നാൽ, ഭരണഘടന സംരക്ഷണമുള്ള അവകാശങ്ങൾ അനുവദിക്കുന്നതിന് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത മാനദണ്ഡമല്ലെന്ന് നാലംഗങ്ങൾ തയാറാക്കിയ വിധിപ്രസ്താവത്തിൽ വ്യക്തമാക്കി.
തങ്ങളുടെ കാഴ്ചപ്പാടും വിശ്വാസവും ജീവിതരീതിയും മുഖ്യധാരയിലുള്ളവർ അംഗീകരിക്കുന്നില്ല എന്ന കാരണത്താൽ ചെറു ന്യൂനപക്ഷങ്ങൾ വിവേചനത്തിെൻറ അപകടം അനുഭവിക്കുകയാണ്. എന്നാൽ, ജനാധിപത്യ ഭരണഘടന അവരുടെ അവകാശങ്ങൾ മറ്റുള്ള പൗരന്മാരുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നപോലെ സംരക്ഷിക്കണമെന്നും നാല് ജഡ്ജിമാരും കൂട്ടിച്ചേർത്തു. തെൻറ പ്രത്യേക വിധിപ്രസ്താവത്തിൽ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ഇൗ വിധിയെ പിന്തുണച്ചു. ഭൂരിപക്ഷ കാഴ്ചപ്പാട് ഭരണഘടനാപരമായ അവകാശങ്ങൾക്ക് ബാധകമല്ലെന്നും ജസ്റ്റിസ് കൗൾ ഒാർമിപ്പിച്ചു. ഒരാളുടെ ലൈംഗിക താൽപര്യം അയാളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രവിധിയുടെ നാൾവഴി
- 2017 ജൂലൈ ഏഴ്: വിവിധ സാമൂഹികക്ഷേമ പദ്ധതികളുടെ സേവനം ലഭ്യമാക്കാൻ ആധാർ നിർബന്ധമാക്കിയതിനെതിരായ പരാതികളിൽ വാദം കേൾക്കവേ, സ്വകാര്യത സംബന്ധിച്ച് വാദംകേൾക്കാൻ വിപുലമായ െബഞ്ച് ആവശ്യമാണെന്ന് സുപ്രീംകോടതിയിലെ മൂന്നംഗ െബഞ്ച് നിർദേശിച്ചു.
- ജൂലൈ 18: ഭരണഘടന പ്രകാരം സ്വകാര്യത മൗലികവകാശമായി പ്രഖ്യാപിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ ഒമ്പതംഗ ബെഞ്ച് രൂപവത്കരിക്കാൻ അഞ്ചംഗ ബെഞ്ച് തീരുമാനിച്ചു.
- ജൂലൈ 19: സ്വകാര്യത മൗലികാവകാശമല്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ
- ജൂലൈ 26: സ്വകാര്യതക്കുവേണ്ടിയുള്ള അവകാശത്തിന് അനുകൂലമായി ബി.ജെ.പി ഇതര സർക്കാറുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ
- ജൂലൈ 26: ചില പരിമിതികളോടെ സ്വകാര്യത മൗലികാവകാശമാണെന്ന് കേന്ദ്ര സർക്കാർ
- ജൂലൈ 27: സ്വകാര്യത സ്വന്തമായി നിലനിൽക്കുന്ന അവകാശമല്ലെന്നും അത് ഒരു സങ്കൽപമാണെന്നും മഹാരാഷ്ട്ര സർക്കാർ
- ആഗസ്റ്റ് രണ്ട്: സാേങ്കതികവിദ്യകളുടെ കാലഘട്ടത്തിൽ സ്വകാര്യതയുടെ സംരക്ഷണം ‘പരാജയപ്പെട്ട യുദ്ധ’മാണെന്ന് സുപ്രീംകോടതി
- ആഗസ്റ്റ് 24: ഭരണഘടന പ്രകാരം സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
