Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ഐ.ആർ പരിഷ്കരണം: തെരഞ്ഞെടുപ്പ് കമീഷന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ 10 ദിവസത്തെ സമയം അനുവദിച്ച് സുപ്രീംകോടതി

text_fields
bookmark_border
Supreme Court Gives Petitioners 10 Days to Counter EC Affidavit Defending SIR; Notices on Form 6 Plea
cancel

ന്യൂഡൽഹി: വോട്ടർപട്ടികയുടെ സമഗ്ര തീവ്ര പുനഃപരിശോധനയുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ സമർപ്പിച്ച 248 പേജുള്ള വിശദമായ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹരജിക്കാർക്ക് സുപ്രീംകോടതി 10 ദിവസത്തെ സമയം അനുവദിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ചൊവ്വാഴ്ച കേസ് പരിഗണിച്ചത്.

ബിഹാർ എസ്.ഐ.ആർ നടപടികൾക്കിടെ സുപ്രീംകോടതിയുടെ മുൻകൂർ അനുമതിയില്ലാതെ വോട്ടർ രജിസ്ട്രേഷൻ അപേക്ഷയായ 'ഫോം 6'-ൽ മാറ്റങ്ങൾ വരുത്തിയെന്ന് ആരോപിച്ച് രാജ്യസഭാ എം.പി ഡോല സെൻ നൽകിയ പുതിയ ഹരജിയിൽ തെരഞ്ഞെടുപ്പ് കമീഷനും മറ്റ് എതിർകക്ഷികൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.

ഫോം 6 തിരുത്തിയെന്ന വാദം തള്ളി കമീഷൻ; 'ആരോപണങ്ങൾ ദൗർഭാഗ്യകരം'

ഡെപ്യൂട്ടി ഇലക്ഷൻ കമീഷണർ ഭാനു പ്രകാശ് യെതുരു വഴി സമർപ്പിച്ച സത്യവാങ്മൂലത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ എല്ലാ ആരോപണങ്ങളും പൂർണമായി തള്ളി. നിയമപരമായ ഫോം 6-ൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും പ്രക്രിയകൾ പൂർണമായും നിയമവിധേയമാണെന്നും കമീഷൻ വാദിച്ചു. ഓൺലൈൻ ഡിസ്‌പ്ലേയിൽ തെറ്റിദ്ധാരണ ഉണ്ടായെങ്കിലും ഒക്ടോബർ 21 മുതൽ ഫോമും പ്രഖ്യാപനവും പ്രത്യേകമായി വേർതിരിച്ചിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ, തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരടങ്ങിയ മൂന്നംഗ ഭരണഘടനാ സമിതി ഏകകണ്ഠമായാണ് എസ്.ഐ.ആർ ഉത്തരവുകളും ഈ സത്യവാങ്മൂലവും അംഗീകരിച്ചത്. കമീഷന് നേരെ ഉയരുന്ന ആരോപണങ്ങൾ അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ബിഹാറിലെ എസ്.ഐ.ആർ ഉത്തരവിന് പരമോന്നത നീതിപീഠത്തിന്റെ അംഗീകാരമുണ്ടെന്ന് കമീഷൻ തെറ്റായി പ്രചരിപ്പിക്കുകയാണെന്ന് ഡോല സെന്നിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മനേക ഗുരുസ്വാമി കോടതിയിൽ വാദിച്ചു.

സി.ഇ.സിക്ക് എതിരായ പരാതികളും പ്രതിപക്ഷ പ്രതിഷേധവും

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ ആദ്യ ഹരജി നൽകിയ രാകേഷ് കുമാർ സിംഗിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിംഗിനോട് തെരഞ്ഞെടുപ്പ് കമീഷന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ കോടതി നിർദ്ദേശിച്ചു.

കഴിഞ്ഞ 10 മാസത്തിനിടെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളിലും ഫയലുകളിലും തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും രേഖാമൂലം 14 തവണയിലധികം വിയോജിപ്പുകൾ രേഖപ്പെടുത്തിയിരുന്നുവെന്ന് സെപ്റ്റംബർ 25-ന് ദി ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടിരുന്നു. തങ്ങളുടെ അറിവോ ശുപാർശയോ ഇല്ലാതെയാണ് ഉത്തരവുകൾ പുറപ്പെടുവിച്ചതെന്ന റിപ്പോർട്ട് ദേശീയ രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റാണ് സൃഷ്ടിച്ചത്.

ഇതേത്തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ തലപ്പത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും കോക്‌റോച്ച് ജനതാ പാർട്ടിയും (സിജെപി) രംഗത്തെത്തിയിരുന്നു. ഒക്ടോബർ 30-ന് സി.ഇ.സിക്ക് എതിരെ 'ജനകീയ വിചാരണ' നടത്തുമെന്നും നവംബർ ഒന്നിന് രാംലീല മൈതാനത്ത് മഹാറാലി സംഘടിപ്പിക്കുമെന്നും 'ഇൻഡ്യ' മുന്നണി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

വിഷയത്തിലെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, ഹരജിക്കാരുടെ മറുപടി സത്യവാങ്മൂലം ലഭിച്ച ശേഷം കേസിൽ തുടർവാദം കേൾക്കാനായി മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Supreme Court Gives Petitioners 10 Days to Counter EC Affidavit Defending SIR; Notices on Form 6 Plea
Next Story