ഓപറേഷൻ സിന്ദൂറിനെക്കുറിച്ച് പോസ്റ്റിട്ടതിന് അറസ്റ്റിലായ അശോക യൂനിവേഴ്സിറ്റി അധ്യാപകന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിനെ പരാമർശിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിന്‍റെ പേരിൽ അറസ്റ്റിലായ അശോക യൂനിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസർ അലി ഖാൻ മഹ്മൂദാബാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഫേസ്ബുക് പോസ്റ്റിനു പിന്നാലെ ഹരിയാന പൊലീസ് ഡൽഹിയിലെ വീട്ടിലെത്തിയാണ് പ്രഫ. അലി ഖാനെ അറസ്റ്റ് ചെയ്തത്. പ്രാദേശിക ബി.ജെ.പി നേതാവിന്റെ പരാതിയെ തുടർന്നായിരുന്നു അതിദ്രുതം നടപടികൾ സ്വീകരിച്ചുള്ള അറസ്റ്റ്.
അന്വേഷണത്തിന്‍റെ ഭാഗമായ രണ്ടു പോസ്റ്റുകളെ കുറിച്ചും സമൂഹ മാധ്യമങ്ങളിൽ പരാമർശം നടത്തരുതെന്ന് ജസ്റ്റിസുമാരായ സൂര്യ കാന്തും കോടീശ്വർ സിങ്ങും ഉൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു. അലി ഖാന്റെ വാക്കുകളെ കോടതി വിമർശിച്ചു. ഇത് മറ്റുള്ളവരിൽ അസ്വസ്ഥത ഉണ്ടാക്കിയതായും കോടതി നിരീക്ഷിച്ചു.
‘എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും അവകാശമുണ്ട്. ഇതെല്ലാം സംസാരിക്കേണ്ട സമയമാണോ ഇത്? രാജ്യം ഇതിലൂടെയെല്ലാം കടന്നുപോകുന്നു, ഇതെല്ലാം നേരിടുകയും ചെയ്യുന്നു. രാക്ഷസന്മാർ വന്ന് നമ്മുടെ ആളുകളെ ആക്രമിച്ചു. നമ്മൾ ഒന്നിച്ചുനിൽക്കേണ്ട സമയമാണിത്. ഈ അവസരത്തിൽ എന്തിനാണ് വിലകുറഞ്ഞ പ്രശസ്തി നേടുന്നത്?’- ജസ്റ്റിസ് കാന്ത് ചോദിച്ചു.
അധ്യാപകനെതിരായ അന്വേഷണം സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചു. മൂന്നു ഐ.പി.എസ്. ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ വിഭാഗം രൂപീകരിച്ച് സമഗ്ര അന്വേഷണത്തിന് കോടതി ഹരിയാന ഡി.ജി.പിക്ക് നിർദേശം നൽകി. ഈ മൂന്ന് ഐ.പി.എസ്. ഉദ്യോഗസ്ഥരിൽ ഒരാൾ വനിതയായിരിക്കണം.
പ്രഫ. അലി ഖാനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഹാജരായത്. ഒരു തരത്തിലുള്ള ക്രിമിനൽ താൽപര്യങ്ങളുമില്ലാത്ത പോസ്റ്റാണ് അധ്യാപകൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതെന്ന് സിബൽ കോടതിയിൽ ചൂണ്ടിക്കാട്ടി. ഭാര്യ ഗർഭിണിയാണെന്നും അവരെ പരിചരിക്കാൻ അലി ഖാന്റെ സാന്നിധ്യം അനിവാര്യമാണെന്നും കപിൽ സിബൽ പറഞ്ഞു.
അശോക യൂനിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയാണ് അലിഖാൻ മഹ്മൂദാബാദ്. മെയ് 18നാണ് പ്രഫസറെ അറസ്റ്റ് ചെയ്തത്. സായുധസേനയിലെ വനിത ഉദ്യോഗസ്ഥരെ പ്രശംസിക്കുകയും ആൾക്കൂട്ടക്കൊലയും ബുൾഡോസർ രാജും അടക്കമുള്ള വിദ്വേഷ കുറ്റകൃത്യങ്ങളെ കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്ന തീവ്രവലതുപക്ഷ നിലപാടിനെ കാപട്യം എന്ന് വിശേഷിപ്പിച്ച് മേയ് എട്ടിനാണ് പ്രഫസർ അലി ഖാൻ ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
രണ്ട് എഫ്.ഐ.ആറുകളാണ് പ്രൊഫസര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. ഓപറേഷൻ സിന്ദൂറിനെയും വിമർശിച്ചു എന്നാണ് പരാതിയിൽ ആരോപിക്കുന്ന കുറ്റം. ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും അപകടത്തിലാക്കുക, പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവനകൾ നടത്തുക, സ്ത്രീയെ അപമാനിക്കാൻ ലക്ഷ്യമിട്ടുള്ള മനഃപൂർവമായ പ്രവർത്തനങ്ങൾ നടത്തുക, മതത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ആരോപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

