ന്യൂഡൽഹി: ടെലികോം കമ്പനികള്‍ സർക്കാരിലേക്ക് അടക്കാനുള്ള അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ (എ.ജി.ആര്‍) കുടിശിക തുകയായ 1.6 ലക്ഷം കോടി രൂപ അടക്കാൻ 10 വർഷത്തെ സമയം അനുവദിച്ച് സുപ്രീംകോടതി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ജസ്റ്റിസ് എസ്.അബ്ദുൾ നാസർ, ജസ്റ്റിസ് എം.ആർ ഷാ എന്നിവരടങ്ങിയ മുന്നംഗ ബെഞ്ചിേൻറതാണ് വിധി.
2021 ഏപ്രിൽ ഒന്നിനും 2031 മാർച്ച് 31നും ഇടയിൽ കുടിശിക തുക തവണകളായി അടച്ചു തീർക്കണം. ഏല്ലാ കമ്പനികളും ഫെബ്രുവരി ഏഴിനകം അതാതു വർഷത്തെ കുടിശികകൾ അടക്കണം. ഇതിൽ വീഴ്ച വരുത്തുകയാണെങ്കിൽ പിഴയും പലിശയും അടക്കുകയും കോടതിയലക്ഷ്യത്തിന് കേസ് നേരിടുകയും വേണം.
പണമടക്കുന്നതിൽ വീഴ്ച വരുത്തിയാൽ ടെലികോം കമ്പനികളുടെ മാനേജിങ് ഡയറക്ടർമാരോ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരോ നാലഴ്ച്ചക്കം വ്യക്തിഗത ഗ്യാരണ്ടി നൽകണമെന്നും കോടതി അറിയിച്ചു.
കുടിശിക അടച്ചുതീർക്കാൻ 15 വർഷം സമയം അനുവദിക്കണമെന്നാണ് വോഡാഫോൺ-ഐഡിയ, ഭാരതി എയർടെൽ എന്നീ കമ്പനികൾ ആവശ്യപ്പെട്ടത്. ടെലികോം കമ്പനികൾക്ക് 20 വർഷം വരെ സമയം അനുവദിക്കാൻ തയാറാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു.
ചെറുതും വലുതുമായ 15 കുടിശികക്കാരാണ് ഉള്ളത്.കഴിഞ്ഞ 14 വര്‍ഷമായി തുടര്‍ന്നുവന്നിരുന്ന നിയമ യുദ്ധത്തിനൊടുവിവിൽ, കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കോടതി ടെലികോം കമ്പനികൾ അതുവരെയുള്ള കുടിശിക അടക്കണമെന്ന വിധി പ്രസ്താവിച്ചത്.